ഹൈദരാബാദ് : എല്ലാ വിഭാഗങ്ങളിലുമുള്ള ആരാധകരുള്ള നടനാണ് ജൂനിയർ എൻടിആർ. സ്‌ത്രീകൾ, കുട്ടികൾ, യുവാക്കൾ, പ്രായമായവർ,എന്നിങ്ങനെ എല്ലാ വിഭാഗം ആരാധകരും ജൂനിയർ എൻടിആറിനുണ്ട്. എൻടിആർ തങ്ങളുടെ ഒരു കുടുംബാംഗമാണെന്നും ചില ആരാധകർ വിശ്വസിക്കുന്നു. ഇപ്പോഴിതാ മസ്തിഷ്ക ശസ്ത്രക്രിയയ്‌ക്കിടെ ഉണർന്നിരുന്ന് ജൂനിയർ എൻ ടി ആറിന്റെ സിനിമ കണ്ടിരിക്കുകയാണ് വനിതാ ആരാധിക.
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള അനന്തലക്ഷ്മി എന്ന 55 കാരിയുടെ മസ്തിഷ്ക ശസ്ത്രക്രിയ അടുത്തിടെയാണ് നടത്തിയത്. ഈ ശസ്ത്രക്രിയയ്‌ക്കിടെ,രോഗിയെ പൂർണ്ണമായും മയക്കാൻ സാധിക്കില്ല.അതുകൊണ്ട് തന്നെ അനന്തലക്ഷ്മിയെ സാധാരണ നിലയിൽ കിടത്താനായി ജൂനിയർ എൻടിആറിന്റെ സിനിമ കാണിക്കാൻ തീരുമാനിച്ചു. സൂപ്പർ ഹിറ്റ് ചിത്രം ‘അദുർസ്’ ബ്രെയിൻ സർജറി സമയത്ത് അനന്ത ലക്ഷ്മി ടാബ്‌ലെറ്റിൽ കണ്ടു. സിനിമ കണ്ടുകൊണ്ടിരിക്കെ ഡോക്ടർമാർ അനന്തലക്ഷ്മിയുടെ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ചെയ്തു.
അനന്തലക്ഷ്മിക്ക് ബ്രെയിൻ ട്യൂമർ ആയിരുന്നു. നടക്കുമ്പോൾ ഇടയ്‌ക്കിടെ തലവേദനയും ബാലൻസ് നഷ്ടപ്പെടലും ഉണ്ടായിരുന്നു. പരിശോധനയിൽ സ്ത്രീയുടെ തലച്ചോറിന്റെ ഇടതുഭാഗത്ത് 2.7*3.3 സെൻ്റീമീറ്റർ വലിപ്പമുള്ള ട്യൂമർ കണ്ടെത്തി. തുടർന്നായിരുന്നു ശസ്ത്രക്രിയ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്ലഡ് ക്യാൻസർ രോഗിയായ ശശാങ്ക് ജൂനിയർ എൻടിആറിന്റെ ‘ദേവര’ എന്ന സിനിമ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് അറിഞ്ഞ ജൂനിയർ എൻടിആർ ശശാങ്കുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: