സമൂഹ മാധ്യമങ്ങളില്‍ ആര്‍ക്കും താന്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണെന്നും ഈ രംഗത്ത് ദീര്‍ഘകാല അനുഭവമുണ്ടെന്നും ഉന്നത സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചതാണെന്നും സ്വയം അവകാശപ്പെടാം. അല്ലെങ്കില്‍ ചിലര്‍ക്ക് സ്വന്തം ഭാവനയില്‍ വ്യാജമായി ബുദ്ധി ജീവികളെ സൃഷ്ടിച്ച്, സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ജന ശ്രദ്ധ ആകര്‍ഷിക്കാം.
ഇന്റര്‍നെറ്റ് യുഗത്തില്‍ ഇത് സാധാരണ കണ്ടുവരുന്ന ലാഭകരമായ കച്ചവടമാണ്. പ്രത്യേകിച്ച് കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്ത്. നരേന്ദ്ര മോദിയേ താഴെയിറക്കാന്‍ ‘കോണ്‍ഗ്രസ്സ് ടൂള്‍ കിറ്റുകള്‍’ സൈബര്‍ ഇടങ്ങള്‍ കീഴടക്കി കള്ള പ്രചാരണം നടത്തിയതിന്റെ അവശിഷ്ടങ്ങളുടെ പുനര്‍ അവതാരങ്ങള്‍ അങ്ങിങ്ങായി തെരഞ്ഞെടുപ്പ് കാലം പ്രത്യക്ഷപ്പെട്ടു തുടങ്ങി. മഹാരാഷ്ട പോലുള്ള സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇത്തരം കള്ളക്കഥകള്‍ വൈറലാകുന്നതായി കാണാം.
ആ ഇനത്തില്‍ ഒന്നാണ് സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ‘ആര്‍ബിഐ കടക്കെണിയില്‍’ ആകാന്‍ പോകുന്നുവെന്ന സാങ്കല്‍പ്പിക വാര്‍ത്തയും വിശകലനവും. അത് വാര്‍ത്തയായി പത്ര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ആഘോഷിച്ചപ്പോള്‍ അതിന്റെ പകര്‍പ്പ് ആയിരകണക്കിന്ന് ആളുകള്‍ അറിഞ്ഞും അറിയാതെയും കൈമാറിക്കൊണ്ടിരിക്കുന്നു. ഇത്തരം അറിവുകള്‍ ചില രാഷ്‌ട്രീയക്കാര്‍ പല വേദികളിലും ഉപയോഗിക്കുന്നുമുണ്ട്.
ആരാണെന്ന് ആര്‍ക്കും അറിയാത്ത ഒരു ‘പ്രശസ്തനായ’ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ ‘റിസര്‍വ് ബാങ്ക് പാപ്പരത്തത്തിന്റെ വക്കില്‍’ എന്ന അപകട മണി മുഴക്കിയെന്നാണ് ഏറെ പരിഹാസ്യമായ ‘ടൂള്‍കിറ്റ്’ സൃഷ്ടി അവകാശപ്പെടുന്നത്. ചില ഇന്റര്‍നെറ്റ് പോര്‍ട്ടലുകളില്‍ വന്ന ഇത്തരം വ്യാജ ആഖ്യാനങ്ങള്‍ കണ്ണടച്ച് വാര്‍ത്തയാക്കി ഒരു മറാഠി പ്രാദേശിക പത്രം വായനക്കാരെ കൂടുതല്‍ അതിശയിപ്പിച്ചു. അതില്‍ ഒരു ‘ജിഹാദി’ പരിവേഷവുമുണ്ടായിരുന്നു.
വാര്‍ത്ത വായിച്ച സാധാരണക്കാരും, മാധ്യമ പ്രവര്‍ത്തകര്‍ പോലും ചോദിച്ച ചോദ്യം ഭാരതീയ റിസര്‍വ് ബാങ്ക് – അല്ലെങ്കില്‍ ആര്‍ ബി ഐ- പാപ്പരാക്കുമോ? എന്നാണ്. വാര്‍ത്തയെഴുതിയവര്‍ ആര്‍ബിഐ യുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളും വിശദീകരണങ്ങളും, ബാലന്‍സ് ഷീറ്റും വായിച്ചിരുന്നോ? ബിമല്‍ ജലാന്‍ കമ്മിറ്റി പഠനവും ശുപാര്‍ശയും കണ്ടിരുന്നോ?വാര്‍ത്ത രചിച്ചവരും വായിച്ച് ആഘോഷിച്ചവരും ഈ കമ്മിറ്റി റിപ്പോര്‍ട്ട് എന്നല്ല, ആര്‍ബിഐയുടെ ഒരു വാര്‍ഷിക റിപ്പോര്‍ട്ട് പോലും വായിച്ചിട്ടില്ല അല്ലെങ്കില്‍ വായിച്ച് ശീലമില്ല എന്ന് വ്യക്തമാണ്.
ആര്‍ബിഐ ഉണ്ടാക്കുന്ന മിച്ചം ഉടമസ്ഥരായ സര്‍ക്കാരിന് കൈമാറാനുള്ള വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കാന്‍ ഒരു സാമ്പത്തിക മൂലധന ചട്ടക്കൂടിനെക്കുറിച്ചുള്ള (Economic Capital Framework) അവലോകനത്തിന് 2014ല്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. ബിമല്‍ ജലാന്‍ അദ്ധ്യക്ഷനായുള്ള ഒരു കമ്മിറ്റി രൂപീകരിച്ചു. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് അദ്ദേഹം കേന്ദ്രത്തില്‍ ബാങ്കിങ് സെക്രട്ടറി ആയിരുന്നു. ആര്‍ബിഐ ആക്ട് 1934 ല്‍ സെക്ഷന്‍ 47 പ്രകാരം ആര്‍ ബിഐ നേരിടേണ്ട അപകടങ്ങളെ തരണം ചെയ്യാന്‍ അനുയോജ്യമായ വ്യവസ്ഥകളോടെ ഉചിതമായ തീരുമാനമെടുക്കാന്‍ വഴിയൊരുക്കുന്നു. കിട്ടാക്കടങ്ങള്‍, സംശയാസ്പദമായ കടങ്ങള്‍, ആസ്തികളിലെ മൂല്യശോഷണത്തെ നേരിടാനുള്ള നീക്കിയിരിപ്പ്, പെന്‍ഷന്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്കുള്ള വേതനങ്ങള്‍, എന്നിവയ്‌ക്കായി വ്യവസ്ഥ ചെയ്ത ശേഷം ഈ നിയമം മുഖേനയോ അതിന് കീഴിലോ വ്യവസ്ഥ ചെയ്യുന്നതോ സാധാരണയായി ബാങ്കര്‍മാര്‍ നല്‍കുന്നതോ ആയ കാര്യങ്ങള്‍ക്കും ലാഭത്തിന്റെ ബാക്കി തുക കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടതാണ്.
ചെലവുകളും വകയിരുത്തലുകളും നിര്‍വ്വചിക്കപ്പെട്ട ലാഭങ്ങളെ അത് ലക്ഷ്യമാക്കുന്ന തലത്തില്‍ നീക്കിവയ്‌പ്പുകളും കണക്കാക്കിയ ശേഷമുള്ള പണത്തെയാണ് ആര്‍ബിഐയുടെ കൈയ്യില്‍ മിച്ചമാകുന്ന തുക എന്ന് ബിമല്‍ ജലാന്‍ കമ്മിറ്റി വിലയിരുത്തുന്നത്.
ദ്രുതഗതിയില്‍ വളരുന്ന ഒരു സമ്പദ് വ്യവസ്ഥയിലെ ‘സെന്‍ട്രല്‍ ബാങ്ക്’ (ഭാരതത്തില്‍ അതിന്റെ സ്ഥാനത്താണ് റിസര്‍വ് ബാങ്ക്) എല്ലാ ‘റിസ്്ക്’ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച് വേണ്ട തുക നീക്കി വച്ചതിന് ശേഷം അതിന്റെ ലാഭത്തിലെ മിച്ചം ഉടമസ്ഥരായ കേന്ദ്ര സര്‍ക്കാരിന് നല്‍കുമ്പോള്‍ അത് എങ്ങനെയാണ് പാപ്പരാകുന്നത്? ലാഭമുണ്ടായാല്‍ മാത്രമേ ലാഭവിഹിതം (മിച്ചം) നല്‍കാന്‍ കഴിയൂ എന്നാണ് സാമാന്യ തത്വം. ലാഭമുണ്ടായാലും ഒരു സ്ഥാപനം ലാഭവിഹിതം നല്‍കാന്‍ ന്യായമായ മാനദണ്ഡങ്ങള്‍ പാലിക്കുകയില്ലേ? കൂടുതല്‍ ലാഭമുണ്ടാകുന്ന സാഹചര്യങ്ങള്‍ എന്തൊക്കെ? ഒരു സ്ഥാപനം കൂടുതല്‍ ലാഭമുണ്ടാക്കുമ്പോള്‍ കൂടുതല്‍ ലാഭവിഹിതം നല്‍കുന്നത് ആര്‍ക്കെങ്കിലും ആശങ്കയുണ്ടാക്കുമോ? ലാഭ വിഹിതം നല്‍കി പാപ്പരാകുന്ന സ്ഥാപനത്തെ സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല.
ലാഭത്തില്‍ നിന്ന് ആദ്യം കരുതല്‍ ശേഖരം മാറ്റിവച്ചതിന് ശേഷമുള്ള തുകയെയാണ് മിച്ചമെന്ന് വിളിക്കുന്നത്. ആര്‍ബി ഐയുടെ പക്കല്‍ മിച്ചമാകുന്ന തുക സമ്പദ് വ്യവസ്ഥയില്‍ ഒരിക്കലും നിക്ഷേപങ്ങള്‍ക്കായി വിനിയോഗിക്കപ്പെടാറില്ല. പക്ഷെ മിച്ചമായ തുക ഖജനാവില്‍ എത്തുമ്പോള്‍ അതുകൊണ്ട് സമ്പദ് വ്യവസ്ഥയില്‍ ബഹുമുഖ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.
ആര്‍ബിഐ ഒരു വലിയ തുക സര്‍ക്കാരിന് കൈമാറാന്‍ വഴിയൊരുക്കുന്ന സാഹചര്യങ്ങള്‍ എന്താണെന്നും, ആഗോള തലത്തില്‍ മറ്റു സെന്‍ട്രല്‍ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ബിഐ എത്ര ശക്തമാണെന്നും, ആഗോള തലത്തില്‍ വലിയ സമ്പദ് വ്യവസ്ഥകളില്‍ സെന്‍ട്രല്‍ ബാങ്ക് മിച്ചം കൈമാറുന്നതിന് സ്വീകരിച്ച് പോരുന്ന രീതികള്‍ എന്താണെന്നും പരിശോധിക്കാം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 42,820 കോടി രൂപ കണ്ടിന്‍ജന്റ് റിസ്‌ക് ബഫര്‍ (സിആര്‍ബി) നീക്കിയിരിപ്പിന്ന് ശേഷം ആര്‍ബിഐ 2,10,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്ന് ലാഭത്തില്‍ നിന്നുള്ള മിച്ചമായി കൈമാറിയത്.
സാമ്പത്തിക മൂലധന ചട്ടക്കൂടിന്റെ (ഇസിഎഫ്) അടിസ്ഥാനത്തില്‍ കണ്ടിന്‍ജന്റ്് റിസ്‌ക് ബഫര്‍ 5.5 ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ് ബിമല്‍ ജലാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിആര്‍ബി 6.5 ശതമാനമായിരുന്നു. സെക്യൂരിറ്റികളിലെ മൂല്യ തകര്‍ച്ചയുടെ സാഹചര്യങ്ങളില്‍ രൂപ, ഫോറിന്‍ കറന്‍സി (ഫോറെക്‌സ്) എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ഇടപാടുകളില്‍ നിന്നുള്ള അപകട സാധ്യതകളില്‍ നിന്ന് ആര്‍ ബി ഐ ഇടപെടല്‍ വഴി പരിരക്ഷ നല്‍കാനാണ് കണ്ടിന്‍ജന്റ് റിസ്‌ക് ബഫറുകള്‍. വിപണിയില്‍ പെട്ടന്ന് ഉണ്ടായേക്കാവുന്ന പണ ലഭ്യതയിലെ കുറവ്, വിനിമയ നിരക്കില്‍ പൊടുന്നനെ ഉണ്ടായേക്കാവുന്ന കുത്തനെയുള്ള ഇടിവ് അല്ലെങ്കില്‍ അനുകൂലമല്ലാത്ത ഏറ്റക്കുറവ്, ആര്‍ബിഐയുടെ കൈവശമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ അപകടസാധ്യതകളില്‍ നിന്ന് മൂല്യ സ്ഥിരത ഉറപ്പുവരുത്താന്‍ ആര്‍ബിഐക്ക് സിആര്‍ബി ആവശ്യമാണ്. ഇതെല്ലാം കണക്കാക്കിയാണ് ആര്‍ബിഐ കരുതല്‍ ശേഖരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആറ് ശതമാനത്തില്‍ നിന്ന് ആറര ശതമാനമായി വര്‍ധിച്ചത്.
സാമ്പത്തികമായി ഭാരതത്തിന്റെ വിദേശ മേഖല ഇപ്പോള്‍ ശക്തിപ്പെടുന്നു. കറന്റ് അക്കൗണ്ട് കമ്മി കുറയുന്നതും ആഭ്യന്തര വിപണിയിലെ സുസ്ഥിരതയും വിദേശ നിക്ഷേപ പുനരാരംഭവും ആര്‍ബിഐയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ട്. നിലവിലുള്ള അനുകൂല സാഹചര്യത്തില്‍ വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം ആര്‍ബിഐയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കരുതണം.
ആഭ്യന്തര ഉത്പാദനത്തിന്റെ ശരാശരിയില്‍ ഭാരതത്തിന്റെ വിദേശകടം ഇപ്പോള്‍ 18.7 ശതമാനം മാത്രമാണ്. അത് 2013 ല്‍ 22.4 ശതമാനമായിരുന്നു. ആഭ്യന്തര ഉത്പാദനത്തിന്റെ ശരാശരിയില്‍ വിദേശ കടത്തിലെ ഗണ്യമായ കുറവും ആര്‍ ബിഐയുടെ കരുതല്‍ ശേഖരത്തിലെ ക്രമമായ വര്‍ധനവും സമ്പദ് വ്യവസ്ഥയിലെ സുസ്ഥിരതയും ആര്‍ബിഐ നേരിട്ടേക്കാവുന്ന ഭീഷിണികളെ ഗണ്യമായി കുറയ്‌ക്കുന്നു. മാത്രമല്ല ആഗോള സമ്പദ്ഘടനയിലെ അസ്ഥിരതയില്‍ അമേരിക്ക, ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ പ്രതികൂലമായ ആഗോള മാക്രോ-ഫിനാന്‍ഷ്യല്‍ ആഘാതങ്ങള്‍ ഏല്‍ക്കാതെ, ഭാരതത്തിന്റെ ശക്തമായ മൈക്രോ-മാക്രോ സ്ഥിരതയില്‍ ആര്‍ ബിഐക്ക് വന്‍ലാഭം രേഖപ്പെടുത്താന്‍ സാധിച്ചു.
സാമ്പത്തിക വര്‍ഷം 2023-24ല്‍ ആര്‍ബിഐ രേഖപ്പെടുത്തിയ അറ്റാദായ വര്‍ദ്ധനവ് 141 ശതമാനമായിരുന്നു. ഏകദേശം 42,819 കോടി രൂപ മാറ്റിവച്ച ശേഷം പലിശ വരുമാനത്തിലും മറ്റുമായി ആര്‍ബിഐയുടെ അറ്റാദായം 2,10,000 കോടി രൂപയായിരുന്നു. രൂപയിലും വിദേശ നാണ്യത്തിലുമുള്ള ആസ്തികളുടെ പുനര്‍മൂല്യ നിര്‍ണയം ആദായം മയപ്പെടുത്തിയപ്പോള്‍ ആര്‍ബിഐക്ക് പ്രൊവിഷനില്‍ കുറവ് വന്നു. അതുകൊണ്ടാണ് കൂടുതല്‍ തുക കേന്ദ്ര സര്‍ക്കാരിന്ന് കൈമാറ്റപ്പെട്ടത്. ഈ പ്രവണത നടപ്പ് സാമ്പത്തിക വര്‍ഷത്തിലും തുടരുമെന്ന് വിദഗ്ധരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക വര്‍ഷം 2022-23 ല്‍ 130,876 കോടി രൂപ മാറ്റിവച്ചതിന് ശേഷം അറ്റാദായം 87,420 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷം 23-24 ല്‍ ആര്‍ബിഐ ചെലവില്‍ 56 ശതമാനം കുറവ് രേഖപ്പെടുത്തി.
നാല് ശതമാനത്തിന് മുകളില്‍ ശേഷിക്കുന്ന അമേരിക്കന്‍ ഡോളറില്‍ നിന്നുള്ള ആദായം ആര്‍ബിഐയുടെ ഡോളര്‍ ശേഖരത്തില്‍ നിന്നും അല്ലെങ്കില്‍ ഫോറിന്‍ കറന്‍സി അസറ്റില്‍ നിന്നും (ആസ്തി) വരുമാനം വര്‍ധിപ്പിക്കുകയും ഡോളര്‍ വാങ്ങലിലൂടെ വിദേശ നാണയ ശേഖരം വര്‍ധിപ്പിക്കുകയും ചെയ്തു. യുഎസ് ഡോളറില്‍ നിന്നുള്ള ലാഭം 2007 ന് ശേഷം ഏറ്റവും കൂടുതല്‍ ലഭിച്ചത് 2024ല്‍, പ്രത്യേകിച്ച് മൂന്നാം പാദത്തിലായിരുന്നു. അതിന് കാരണം കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മാത്രം രേഖപ്പെടുത്തിയ 13 ബില്യണ്‍ ഡോളര്‍ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റായിരുന്നു.
മിച്ചമായി ഒരു ലക്ഷം കോടി രൂപ ആര്‍ ബി ഐ കൈമാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചതെങ്കിലും ലഭിച്ചത് ഇരട്ടിയിലധികം, കാരണം ആര്‍ബിഐ രേഖപ്പെടുത്തിയ ലാഭ വര്‍ധനവ് മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം ഒന്നര ഇരട്ടിയാണ്. ഇതായിരുന്നു നിലവില്‍ ആര്‍ബിഐ എറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ വര്‍ഷം, എറ്റവും വലിയ കൈമാറ്റ തുകയും. ഇത്രയും വലിയ തുക ആര്‍ബിഐ കേന്ദ്രസര്‍ക്കാരിന് കൈമാറുമ്പോള്‍ ഒരേ സമയം രണ്ടു സൂചനകള്‍ നല്‍കുന്നു. ഒന്ന്, സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുമ്പോള്‍ ആര്‍ബിഐ നേരിടുന്ന ഭീഷിണികള്‍ ഗണ്യമായി കുറയുന്നു. ആഗോള വിപണിയിലെ കറന്‍സി മൂല്യങ്ങളിലെ അസ്ഥിരത സൂക്ഷ്മമായ നീക്കുപോക്കുകളിലൂടെ അനുകൂലമാക്കി മാറ്റാനും ആര്‍ബിഐക്ക് സാധിക്കുന്നു. അതാണ് ഇത്രയും വലിയ ലാഭത്തിന് മറ്റൊരു കാരണം.
രണ്ട്, ആര്‍ ബി ഐ നല്‍കിയ 210,000 കോടി രൂപ സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിലെ കമ്മി ഗണ്യമായി നികത്തുകയും സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാരിനെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കേന്ദ്ര നിക്ഷേപം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ബജറ്റില്‍ കമ്മി കുറയുമ്പോള്‍ അത് പ്രത്യക്ഷമായും പരോക്ഷമായും പണപ്പെരുപ്പം കുറയ്‌ക്കുകയും, പലിശ നിരക്കില്‍ കുറവ് ഉണ്ടാകുന്നതു വഴി വിലക്കയറ്റം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.
ആര്‍ബിഐ രേഖപ്പെടുത്തിയ ബാലന്‍സ് ഷീറ്റ് വളര്‍ച്ച രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചയേക്കാള്‍ കൂടുതലാണ്. സാമ്പത്തിക വര്‍ഷം 70.47 ലക്ഷം കോടി രൂപയുമായി ആര്‍ബി ഐയുടെ ബാലന്‍സ് ഷീറ്റ് 11 ശതമാനം വര്‍ധിച്ചു. മുന്‍വര്‍ഷം അത് 63.44 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം ആര്‍ബിഐയുടെ പക്കലുള്ള കണ്ടിന്‍ജന്‍സി ഫണ്ട് 4,28,621 രൂപയാണ്, മുന്‍ വര്‍ഷത്തേക്കാള്‍ 77, 415 കോടി രൂപ കൂടുതല്‍.
ലോകത്ത് എല്ലായിടത്തും സെന്‍ട്രല്‍ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലോ അല്ലെങ്കില്‍ അത് സ്വയംഭരണ സ്വഭാവത്തോടെ സര്‍ക്കാരിന്റെ ഭാഗമായോ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഭാരതീയ റിസര്‍വ് ബാങ്കിന്റെ സ്ഥാനമാണ് അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വിനുള്ളത്. ജപ്പാനില്‍ ബാങ്ക് ഓഫ് ജപ്പാനും, ഇംഗ്ലണ്ടില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടും, ചൈനയില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും റിസര്‍വ് ബാങ്ക് പോലെ അവരുടെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
ഒരു രാജ്യത്തെ സമ്പദ് വ്യവസ്ഥ സമ്പന്നമാകുമ്പോള്‍ ആ രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് പാപ്പരാകാറില്ല. മാത്രമല്ല സെന്‍ട്രല്‍ ബാങ്കുകള്‍ ഒരുവര്‍ഷം ലാഭമുണ്ടാക്കിയില്ലെങ്കിലും – അല്ലെങ്കില്‍ ഭീമമായ നഷ്ടമുണ്ടാക്കിയാലും – പാപ്പരാകുന്ന സ്ഥിതിയില്‍ ഒരു രാജ്യത്തെ സെന്‍ട്രല്‍ ബാങ്കും എത്താറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: