അലഞ്ഞുനടക്കുന്ന ധാരാളം നായകള്‍ ഉള്ള ഒരു ഗ്രാമപ്രദേശമായിരുന്നു അത്. മഴക്കാലമായതുകൊണ്ട് ഇപ്പോള്‍ ധാരാളം പച്ചപ്പുള്ള ഒരു പര്വ്വതപാര്ശ്വം. പര്‍വ്വതത്തിന്റെ മുകളില്‍നി
ന്ന് കഴുകന്മാര് താഴ്ന്ന പ്രദേശത്തേക്ക് പറന്നുവരുന്നുണ്ട്. ഭക്ഷിക്കാന്‍ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷയിലാണ് അവ വരുന്നത്. നായകള്‍ക്കും ഭക്ഷ്യാവശ്യമായ ചിലതൊക്കെ കിട്ടുന്നുണ്ട്. കശാപ്പുശാലകളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ ഇവിടെ ഏതോ ഭാഗത്ത് നിക്ഷേപിക്കുന്നുണ്ട് എന്നകാര്യം തീര്‍ച്ചയാണ്, കാറ്റത്തു പറക്കുന്ന ഒരു കരിയിലെയെപ്പോലെയാണ് സ്വന്തം ജീവിതമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ഒഴിവ് കിട്ടുമ്പോളെല്ലാം അയാള്‍ ഈ പര്‍വ്വതപ്രദേശത്ത് വരാറുണ്ട്. നായകള്‍ക്കും കഴുകന്മാര്ക്കും പ്രിയപ്പെട്ട വസ്തുക്കള്‍ കിട്ടുംമാതിരി അയാള്‍ക്ക് എന്തെല്ലാമോ ഇവിടെനിന്ന് കിട്ടുന്നുണ്ട്. അത് വാക്കുകള്‍കൊണ്ട് വിസ്തരിക്കാന്‍ കഴിയുകയില്ല. ജീവിതത്തിലെ എല്ലാ അനുഭൂതികളും വാക്കുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു വികാരത്തില്‍നിന്ന് എങ്ങനെ ഒരു ശബ്ദമുണ്ടാകുന്നു. ആ ശബ്ദം അക്ഷരമായോ വാക്കായോ പരിണമിക്കുന്നു. അയാള്‍ ഏകനായി നടന്ന് പുതിയ വാക്കുകളെ തിരയുകയായിരുന്നു. എത്രയോ സ്ഥലങ്ങളിലൂടെ അയാള്‍ ഇതുപോലെ നടന്നിട്ടുണ്ട്. അപ്പോഴാണ് ഗര്‍ഭിണിയായ ഒരു പട്ടിയെ കാണുന്നത്.
ഗര്‍ഭിണിയായ പട്ടി എന്നു പറഞ്ഞാല്‍ ഇവിടങ്ങളില്‍ അതൊരു അത്ഭുതമേയല്ല. എങ്കിലും ആ പട്ടിയുടെ നേത്രങ്ങളില്‍നിന്ന് അയാള്‍ ഒരു തിളക്കം കണ്ടുപിടിച്ചു. ആ പട്ടി അയാളെയൊന്ന് നോക്കിയശേഷം എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് നടക്കുകയാണ്. നിന്നെക്കൊണ്ടൊക്കെ എനിക്കെന്തു കാര്യം എന്ന വിചാരം ആ കണ്ണുകളില്‍ വ്യക്തമായും പ്രതിഫലിച്ചു കാണാമായിരുന്നു. പ്രസവസമയം അടുത്തിരിക്കുന്നു എന്ന വിചാരം അതിന്റെ ശരീര ചലനങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പ്രസവിക്കാന്‍ സാവകാശം കിട്ടണം. തുടര്‍ന്ന് തനിക്ക് പിറക്കാനിരിക്കുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു പശ്ചാത്തലത്തെ തേടണം. കുറുക്കന്മാര് ധാരാളമുള്ള സ്ഥലമായിരുന്നു അത്. കുറുക്കന്മാര് വന്ന് കുട്ടികളെ ഭക്ഷിക്കുമെന്ന് ചിന്തിക്കാനുള്ള വകതിരിവെല്ലാം ആ പട്ടിക്ക് ഉണ്ടായിരുന്നു. അയാള്‍ അപ്പോള്‍ ആലോചിച്ചത് നിര്ഗുണപരബ്രഹ്മത്തെയായിരുന്നു. എന്തായാലും കണ്‍വെട്ടത്തില്‍നിന്ന് ആ നാല്ക്കാലി അകന്നുപോയപ്പോള്‍ അയാള്‍ ശിരസ്സുയര്‍ത്തി പര്‍വ്വത വൃക്ഷങ്ങളെ സൂക്ഷിച്ചു നോക്കി. നിങ്ങള്‍ എനിക്ക് എന്താണ് പറഞ്ഞുതരാന്‍ പോകുന്നത് എന്ന ചിന്ത അയാളിലുണ്ടായിരുന്നു. ഏറെ നടന്ന് അവശനായപ്പോള്‍ അയാള്‍ തന്റെ ആരൂഢത്തിലേക്ക് മടങ്ങി. അസ്തമയസൂര്യന് അയാളുടെ ആയുസ്സിന്റെ ഒരു അംശത്തെ ഭക്ഷിച്ചശേഷം പര്‍വ്വതത്തിന്റെ മറുഭാഗത്തേക്ക് നീങ്ങുകയും ചെയ്തു.
പിറ്റേന്നും അയാള്‍ നടത്തം ഉപേക്ഷിച്ചില്ല. ശക്തമായ കാറ്റാണ് ചിലപ്പോള്‍ പര്‍വ്വത പാര്‍ശ്വങ്ങളില്‍ രൂപപ്പെട്ടുവരിക. ആ കാറ്റിന് ചില പ്രത്യേകതകള്‍ ഉണ്ട്. ചുഴറ്റിയെടുത്ത് ആകാശത്തേക്ക് കൊണ്ടുപോകുമെന്ന തോന്നലൊക്കെ ഉണ്ടാകുമെങ്കിലും അതൊരു തലോടല്‍ മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ആ പട്ടി ഒരിടത്ത് പ്രസവിച്ചു കിടക്കുന്നതായി കണ്ടു. അരികിലേക്ക് ചെല്ലാന്‍ ധൈര്യം തോന്നിയില്ല എന്നത് സ്വാഭാവിക വികാരം മാത്രമായിരുന്നു. ആ പട്ടി സ്വന്തം കുട്ടികള്‍ക്കുവേണ്ടി സ്വന്തം ശരീരത്തെപ്പോലും ബലികഴിക്കാന്‍ സാധ്യതയുണ്ട് എന്നത് പ്രകൃതിധര്‍മ്മം മാത്രമായിരുന്നു.
ഒരു ദിവസം ആ പട്ടിയെ കണ്ടത് തികച്ചും അവശയായ രീതിയിലായിരുന്നു. അവള് കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നുണ്ട്. തീരെ ശോഷിച്ച രീതിയിലായിരുന്നു ആ പട്ടിയുടെ അവസ്ഥ. പിറ്റേ ദിവസമാണ് അവള് എന്തോ അസുഖം ബാധിച്ച സ്ഥിതിയിലാണെന്ന് മനസ്സിലാകുന്നത്. വളരെ അകലെനിന്നാണ് അയാള്‍ പട്ടിയെ വീക്ഷിച്ചത്. അവള് എന്തോ ചിന്തിച്ച് ഒരു തീരുമാനമെടുക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ബോധ്യമായശേഷം അവള് ഏതോ ഭാഗത്തേക്ക് നടന്നുകൊണ്ടിരിക്കുന്നു. വിശക്കുന്നതുകൊണ്ടായിരിക്കുമൊ ഈ യാത്ര എന്ന് അയാള്‍ ചിന്തിച്ചുനോക്കി. സ്വന്തം മനസ്സുതന്നെയാണ് അയാള്‍ക്ക് ഉത്തരം കൊടുത്തത്. അവള് ഏതോ ഔഷധം അന്വേഷിക്കുകയാണ്. ഔഷധസസ്യം ഏതെന്ന് അവളുടെ മസ്തിഷ്കത്തിന് മാത്രം അറിയാവുന്ന കാര്യമാണ്.
പട്ടിയെ ശ്രദ്ധിക്കുന്നതേയില്ല എന്ന ഭാവത്തില്‍ അയാള്‍ വളരെ പിറകിലായി. പട്ടിയുടെ പിന്നാലെ നടന്നു. തന്നെ മനുഷ്യനൊരുത്തന് അനുഗമിക്കുന്നുണ്ടെന്ന് എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനായി അയാള്‍ ശ്രദ്ധിച്ചു. ഏതോ ഒരു ഇലയാണ് അവള് അന്വേഷിക്കുന്നത് എന്ന കാര്യം വ്യക്തമായി. ആ ഇല ഏതാണെന്ന് അവളെ സംബന്ധിച്ചിടത്തോളം വ്യക്തമല്ല. അതിന്റെ രൂപത്തെക്കുറിച്ചും ഗന്ധത്തെക്കുറിച്ചും അവള്‍ക്ക് യാതൊരു അറിവും ഇല്ല. എങ്കിലും പ്രകൃതി ശക്തി അവളെ എന്തിനോ വേണ്ടി പ്രേരിപ്പിക്കുന്നു. ഈ ശക്തിവിശേഷം തന്നെയാണ് അയാള്‍ക്കും ഇന്ധനം കൊടുക്കുന്നത്. തികച്ചും അശ്രദ്ധനായി ഒരിടത്ത് നില്ക്കുന്ന ഭാവമായിരുന്നു അയാള്‍ക്ക്. പുല്പ്പൊന്തകള്ക്കിടയിലൂടെ മുഖമുരസിക്കൊണ്ട് അവള് നടക്കുമ്പോള്‍ അയാളിലെ ജിജ്ഞാസ ശതഗുണീഭവിക്കുകയായിരുന്നു. ഏത് ഔഷധസസ്യത്തെയാണ് അവള് തിരഞ്ഞുകൊണ്ടിരിക്കുന്നത്? അയാള്‍ ചുറ്റും നോക്കിക്കൊണ്ടിരുന്നു. അപരിചിയരായ രണ്ടുപേര്‍ ആ വഴിക്ക് നടന്നുവരുന്നുണ്ട്. അവരോട് എന്തെങ്കിലും സംസാരിച്ചാല്‍ ആ പട്ടി സ്ഥലം വിടുമെന്ന കാര്യം തീര്‍ച്ചയാണ്. മനുഷ്യസ്വരം കേട്ടാല്‍ കുഴഞ്ഞുപോകുന്ന ഇലകളുണ്ട്. അതോടെ അവയുടെ ഔഷധമൂല്യം നഷ്ടപ്പെടുന്നതാണ്. നടന്നുവരുന്നവരെ നോക്കി അയാള്‍ വെറുതെയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അവര്‍ ഏതൊക്കെ വൃക്ഷങ്ങള്‍ മുറിക്കണം എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാനായി വന്നവരാണ് രണ്ടുപേരും വഴിമാറി നടന്നതോടെ അയാള്‍ സ്വന്തം ഏകാന്തത വീണ്ടെടുത്തു. ഇടംകണ്ണിട്ടു നോക്കിയപ്പോള്‍ അവള് ഏതോ ഒരു ഇല തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് വ്യക്തമായി. തന്റെ ചിന്തകള്‍ അവളുടെ മസ്തിഷ്കത്തെ സ്വാധീനിക്കുന്നുണ്ട് എന്നുതന്നെയാണ് തോന്നിയത്. അയാള്‍ അകലെനിന്ന് ആ ഇലയിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നുവെങ്കിലും ഇല ഏതെന്ന് വ്യക്തമായില്ല.
ഞാന്‍ വെറുമൊരു ഏകാകി എന്നു മാത്രം ചിന്തിച്ചതോടെ അയാളുടെ ശരീരഭാഷ ആ വികാരവുമായി പൊരുത്തപ്പെട്ടു. പട്ടിക്കും കാര്യം ഏതാണ്ട് മനസ്സിലായി എന്ന് തോന്നുന്നു. അവളും അഭിനയിക്കാനായി തയ്യാറെടുക്കുകയാണ്. ആവശ്യമില്ലാതെ പലയിടത്തും മുഖമുരസിയശേഷം ശിരസ്സുയര്‍ത്തിക്കൊണ്ട് അയാളെ നോക്കി. ആ കണ്ണുകളില്‍ ദിവ്യമായ ഒരു പ്രകാശമുണ്ട്. ഇതൊന്നും നീ അറിയേണ്ട കാര്യമല്ല എന്ന അര്‍ത്ഥത്തില്‍ കൃഷ്ണമണികളില്‍ ചിത്രങ്ങള്‍ തെളിഞ്ഞു.
അയാള്‍ പട്ടിയെ ഒട്ടും ശ്രദ്ധിക്കാത്തമാതിരി മറ്റൊരു ഭാഗത്തേക്ക് മാറിനിന്നു. പക്ഷിമൃഗാദികളെ നിരീക്ഷിക്കുന്ന കാര്യത്തില്‍ അയാള്‍ സമര്ത്ഥന്തന്നെയായിരുന്നു. എങ്കിലും പരാജയത്തിന്റെ രുചി എത്രയോതവണ അറിഞ്ഞവനാണ്. ഹിമാലയത്തില്വെച്ചും അയാള്‍ക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യശ്രദ്ധ വരുമ്പോള്‍ തിര്യക്കുകള്‍ നാടകം അഭിനയിക്കുന്നു. ആ പട്ടി അയാളെത്തന്നെ സൂക്ഷിച്ചുനോക്കുകയാണ്. ഇത്ര അകലെ നില്ക്കുന്ന ഒരു മനുഷ്യനെ ഇതുപോലെ നിരീക്ഷിക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ ഇല്ല. അയാള്‍ ഒരിക്കല്‍ക്കൂടി മുഖം തിരിച്ച് ഇടംകണ്ണിട്ടു നോക്കി. മിഴികളിലെ ജിജ്ഞാസ തിരിച്ചറിഞ്ഞതും ആ പട്ടി പതുക്കെ ഉയരത്തേക്ക് കയറി. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തപോലെ അവിടെനിന്ന് നടന്നുപോകുകയും ചെയ്തു.
അയാള്‍ നിരാശയോടെ ആ പട്ടി നിന്നിരുന്ന സ്ഥലത്തെത്തി. ഇല ഏതെന്ന് വ്യക്തമായതേയില്ല. അവിടെ കണ്ട ഒരു ഇലയുടെയും നാമം അയാള്‍ക്ക് അറിയുമായിരുന്നില്ല. അയാള്‍ ആകാശത്തേക്ക് നോക്കി പറയുകയായിരുന്നു. പ്രകൃതി പലതിനെയും ഒളിപ്പിച്ചുവെക്കുന്നു. പ്രകൃതി തന്നേയും ഒരു രഹസ്യമാണ്.
ഒട്ടും നിരാശ തോന്നിയില്ല. അയാള്‍ വീണ്ടും കയറുപൊട്ടിയ പട്ടം മാതിരി അലഞ്ഞുനടക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: