സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ അരങ്ങേറും. 94-ാം ദേശീയ ദിനം 23ന് ആഘോഷിക്കാൻ വിപുലവും വർണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളുമായി വ്യോമസേന രംഗത്തുണ്ടാവും. എഫ്-15, ടൊർണാഡോ, ടൈഫൂൺ വിമാനങ്ങളാണ് ആകാശത്ത് വിസ്മയം തീർക്കുക. ഇതിന് പുറമെ നിരവധി എയർ ബേസുകളിൽ ഗ്രൗണ്ട് ഷോകളും നടക്കും. വ്യോമസേനയുടെ ‘സൗദി ഫാൽക്കൺസ് ടീം’ ആണ് അഭ്യാസങ്ങളിൽ പങ്കെടുക്കുക.
ഖഫ്ജി കോര്ണീഷിലും ജുബൈലിലെ അൽ ഫനാതീർ കോർണീഷിൽ ബുധനാഴ്ച തുടക്കം കുറിച്ച വ്യോമാഭ്യാസ പ്രകടനങ്ങളോടെ ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന എയർഷോ പരിപാടികൾക്ക് തുടക്കമായി.
സെപ്റ്റംബർ 22, 23 തീയതികളിൽ ഖമീസ് മുഷൈത് (ബോളിവാർഡ് – തംനിയ – സറാത് ഉബൈദ), അബ്ഹ (കിങ് ഖാലിദ് റോഡ് – ആർട്ട് സ്ട്രീറ്റ്), അമീർ മുഹമ്മദ് ബിൻ സഉൗദ് പാർക്ക്, അമീർ ഹുസാം ബിൻ സഉൗദ് പാർക്ക്, അൽബാഹയിലെ റഗദാൻ ഫോറസ്റ്റ് എന്നിവിടങ്ങളിൽ വൈകീട്ട് അഞ്ചിന് ഷോകൾ അരങ്ങേറും. ജിസാൻ കോർണിഷ്, കിങ് ഫൈസൽ റോഡ്, തബൂക്കിലെ അമീർ ഫഹദ് ബിൻ സുൽത്താൻ പാർക്ക്, ത്വാഇഫിലെ അൽറുദ്ദാഫ് പാർക്ക്, അൽശിഫ, അൽഹദ എന്നിവിടങ്ങൾ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകീട്ട് 5.30ന് എയർ ഷോക്ക് സാക്ഷിയാകും. സെപ്റ്റംബർ 24ന് നജ്റാനിലെ കിങ് അബ്ദുൽ അസീസ് പാർക്കിലും അൽ ജലവി ബിൻ അബ്ദുൽ അസീസ് പാർക്കിലും വൈകീട്ട് അഞ്ചിനും അൽ ഖർജിൽ വൈകീട്ട് 4.30 നും ഷോകൾ നടക്കും. സെപ്റ്റംബർ 26, 27 തീയതികളിൽ അൽ ഖോബാറിലെ വാട്ടർ ഫ്രണ്ടിലും സെപ്റ്റംബർ 30ന് ഹഫർ അൽബാത്വിനിലെ ഹാല മാളിനടുത്തും ഒക്ടോബർ രണ്ടിന് വൈകീട്ട് 4.30ന് അൽജൗഫ് സകാക്ക പബ്ലിക് പാർക്കിലും എയർഷോകൾ വിസ്മയപ്രപഞ്ചം ഒരുക്കും.
റിയാദ്, ജിദ്ദ, ജുബൈൽ എന്നിവിടങ്ങളിലും നിരവധി നാവിക താവളങ്ങളിലും റോയൽ സൗദി നേവി നിരവധി ആഘോഷപരിപാടികൾ ഒരുക്കും. റിയാദിലെ ദറഇയ ഗേറ്റിൽ സൈക്കിൾ യാത്രക്കാരുടെ മാർച്ച് സംഘടിപ്പിക്കും. ജിദ്ദയിൽ നാവിക കപ്പലുകളുടെ ഷോ, ‘സഖ്ർ അൽബഹർ’ വിമാനങ്ങളുടെ എയർ ഷോ, ഡൈവേഴ്സ് ലാൻഡിങ് ഓപറേഷൻ, സൈനിക വാഹനങ്ങളുടെ മാർച്ച്, നാവികസേന രക്തസാക്ഷികളുടെ മക്കൾ അണിനിരക്കുന്ന മാർച്ച് എന്നിവയുണ്ടാകും. കൂടാതെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും ‘ഹിസ് മജസ്റ്റി’ കപ്പലുകളുടെ രാത്രി പ്രദർശനവും സംഘടിപ്പിക്കും. ‘സഖ്ർ അൽജസീറ ഏവിയേഷൻ മ്യൂസിയം’ ദേശീയ ദിനാഘോഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ചരിത്രവും സംസ്കാരവും വിനോദവും സമന്വയിപ്പിക്കുന്ന സമ്പന്നമായ അനുഭവം ആസ്വദിക്കാൻ എല്ലാവർക്കും അവസരം നൽകും. സെപ്റ്റംബർ 21, 22, 23 തീയതികളിൽ വൈകീട്ട് 4.30 മുതൽ രാത്രി 11 വരെ മൂന്ന് ദിവസത്തേക്ക് മ്യൂസിയം സന്ദർശകർക്കായി തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: