India

പാകിസ്ഥാനും കോൺഗ്രസും എപ്പോഴും ഒരേ പേജിൽ; രാഹുലിന്റെ പാർട്ടി ദേശവിരുദ്ധ ശക്തികളുമായി കൈകോർക്കുന്നു

കേന്ദ്രത്തിൽ മോദി സർക്കാരുണ്ടെന്ന കാര്യം കോൺഗ്രസും പാക്കിസ്ഥാനും മറക്കുന്നു. അതിനാൽ ആർട്ടിക്കിൾ 370 യോ തീവ്രവാദമോ കശ്മീരിൽ തിരികെ വരാൻ പോകുന്നില്ലെന്നും അമിത് ഷാ

Published by

ന്യൂദൽഹി: ആർട്ടിക്കിൾ 370, 35 എ എന്നിവയ്‌ക്ക് കോൺഗ്രസും നാഷണൽ കോൺഫറൻസും പിന്തുണ നൽകുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കോൺഗ്രസിന്റെ യഥാർത്ഥ മുഖത്തെ വീണ്ടും തുറന്നുകാട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെയും പാക്കിസ്ഥാന്റെയും രാഗം എല്ലായ്‌പ്പോഴും ഒന്നുതന്നെയാണെന്നും കോൺഗ്രസ് എല്ലായ്‌പ്പോഴും ദേശവിരുദ്ധ ശക്തികളുമായി കൈകോർത്തിട്ടുണ്ടെന്നും ഷാ കുറ്റപ്പെടുത്തി.

അയൽരാജ്യത്തിനും കോൺഗ്രസിനും ഒരേ ഉദ്ദേശവും അജണ്ടയുമാണുള്ളതെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവന തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, 35 എ എന്നിവയിൽ കോൺഗ്രസിനെക്കുറിച്ചും ജെകെഎൻസിയുടെ പിന്തുണയെക്കുറിച്ചും പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയിലൂടെ കോൺഗ്രസിനെ വീണ്ടും തുറന്നുകാട്ടിയെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു.

കോൺഗ്രസ് എല്ലായ്‌പ്പോഴും ദേശവിരുദ്ധ ശക്തികളുമായി കൈകോർക്കുന്നുവെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എന്നാൽ കേന്ദ്രത്തിൽ മോദി സർക്കാരുണ്ടെന്ന കാര്യം കോൺഗ്രസും പാക്കിസ്ഥാനും മറക്കുന്നു. അതിനാൽ ആർട്ടിക്കിൾ 370 യോ തീവ്രവാദമോ കശ്മീരിൽ തിരികെ വരാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്ന വിഷയത്തിൽ പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരും കശ്മീരിലെ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും ഒരേ നിലപാടിലായിരുന്നുവെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആസിഫ് പറഞ്ഞത്.

അഞ്ച് വർഷം മുമ്പ് ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെയാണ് ആസിഫ് ഖ്വാജയുടെ പരാമർശം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക