പട്ന : സ്വപ്ന നേട്ടം സ്വന്തമാക്കി ബിഹാർ സ്വദേശി അഭിഷേക് കുമാർ. ഗൂഗിളിന്റെ ലണ്ടൻ ഓഫീസിൽ നിന്ന് രണ്ട് കോടി രൂപ വാർഷിക ശമ്പളത്തിലുള്ള ജോലിയാണ് അഭിഷേകിനെ തേടിയെത്തിയിരിക്കുന്നത്. ബീഹാറിലെ ജാമുയി ജില്ലയിലെ ജാമു ഖരിയ എന്ന വിദൂര ഗ്രാമത്തിൽ നിന്നുള്ള കമ്പ്യൂട്ടർ എഞ്ചിനീയറാണ് അഭിഷേക് കുമാർ . പട്നയിലെ എൻഐടിയിൽ നിന്നാണ് അഭിഷേക് ബിടെക് ബിരുദം നേടിയത് .
അഭിഷേകിന്റെ അച്ഛൻ ഇന്ദ്രദേവ് യാദവ് ജമ്മുവിലെ സിവിൽ കോടതിയിലെ അഭിഭാഷകനും അമ്മ മഞ്ജു ദേവി വീട്ടമ്മയുമാണ്. തുടക്കം മുതൽ പഠനത്തിൽ മികവ് പുലർത്തിയിരുന്ന അഭിഷേകിന് ഇത് സ്വപ്ന ജോലിയാണ് … ‘ഇത് എന്റെ ഏറ്റവും വലിയ വിജയമാണ്. വളരെ സന്തോഷം. ഗൂഗിളിൽ ജോലി നേടുക എന്നത് പല സോഫ്റ്റ്വെയർ എഞ്ചിനീയർമാരുടെയും സ്വപ്നമാണ്. ഫലപ്രദമായ പ്രൊജക്ടുകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്,’ അഭിഷേക് പറഞ്ഞു.
2022ൽ 1.08 കോടി രൂപയുടെ വാർഷിക പാക്കേജിൽ ആമസോണിൽ അഭിഷേകിന് ജോലി ലഭിച്ചു. ഇവിടെ നിന്നാണ് അഭിഷേകിന്റെ കരിയർ ആരംഭിച്ചത്. 2023 മാർച്ച് വരെ അവിടെ ജോലി ചെയ്തു. തുടർന്ന് ജർമ്മൻ നിക്ഷേപ സ്ഥാപനത്തിന്റെ ഫോറിൻ എക്സ്ചേഞ്ച് ട്രേഡിംഗ് യൂണിറ്റിലേക്ക് മാറി. എന്നാൽ ഗൂഗിളിൽ ജോലി നേടുക എന്നത് ചിരകാല സ്വപ്നമായിരുന്നു. അന്നു മുതൽ ഗൂഗിൾ ഇൻ്റർവ്യൂവിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഒരു വശത്ത് 9 മണിക്കൂർ ജോലി ചെയ്യുമ്പോൾ, മറുവശത്ത് അദ്ദേഹം ഇൻ്റർവ്യൂവിന് തയ്യാറെടുക്കാൻ ഓരോ നിമിഷവും ഉപയോഗിച്ചു. ഒടുവിൽ അർപ്പണബോധവും സ്ഥിരോത്സാഹവും ഫലം കണ്ടു.ഒക്ടോബറിൽ ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: