ആങ്കറേജ്: അലാസ്കൻ മേഖലയിൽ റഷ്യൻ സാന്നിധ്യം വർധിക്കുന്നതിൽ ആശങ്കയറിയിച്ച് അമേരിക്ക. ഇതിനെ തുടർന്ന് പടിഞ്ഞാറൻ അലാസ്കയിലെ അലൂഷ്യൻ ശൃംഖലയിലെ വിജനമായ ദ്വീപിലേക്ക് മൊബൈൽ റോക്കറ്റ് ലോഞ്ചറുകൾക്കൊപ്പം യുഎസ് സൈന്യം 130 സൈനികരെ വിന്യസിച്ചു.
അമേരിക്കൻ പ്രദേശത്തേക്ക് അടുത്തുവരുന്ന റഷ്യൻ സൈനിക വിമാനങ്ങളും കപ്പലുകളും അടുത്തിടെ വർധിച്ചതിനെ തുടർന്നാണ് ഈ സുപ്രധാന നീക്കം. റഷ്യയും ചൈനയും സംയുക്ത സൈനികാഭ്യാസം നടത്തിയതിനാൽ എട്ട് റഷ്യൻ സൈനിക വിമാനങ്ങളും രണ്ട് അന്തർവാഹിനികൾ ഉൾപ്പെടെ നാല് നാവിക സേനാ കപ്പലുകളും കഴിഞ്ഞ ആഴ്ച അലാസ്കയ്‌ക്ക് സമീപം എത്തിയിരുന്നു.
എന്നാൽ വിമാനങ്ങളൊന്നും യുഎസ് വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെൻ്റഗൺ വക്താവ് അറിയിച്ചു. ” റഷ്യക്കാരും ചൈനക്കാരും പറക്കുന്നത് ഞങ്ങൾ കാണുന്നത് ഇതാദ്യമായല്ല, നിങ്ങൾക്കറിയാമോ, അത് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കാര്യമാണ്, മാത്രമല്ല ഞങ്ങൾ പ്രതികരിക്കാൻ തയ്യാറുള്ള കാര്യവുമാണ്,” -പെൻ്റഗൺ വക്താവ് പറഞ്ഞു.
കൂടാതെ ഫോഴ്‌സ് പ്രൊജക്ഷൻ ഓപ്പറേഷന്റെ ഭാഗമായി സെപ്തംബർ 12-ന് സൈന്യം സൈനികരെ ആങ്കറേജിൽ നിന്ന് ഏകദേശം 1,200 മൈൽ (1,930 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി ഷെമ്യ ദ്വീപിലേക്ക് അയച്ചിട്ടുണ്ട്. അവിടെ രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു എയർ സ്റ്റേഷൻ യുഎസ് വ്യോമസേന ഇപ്പോഴും പരിപാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ സൈനികർ രണ്ട് ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റങ്ങൾ അല്ലെങ്കിൽ ഹിമർസും ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. റഷ്യയും ചൈനയും പസഫിക്, ആർട്ടിക് സമുദ്രങ്ങളിൽ ഓഷ്യൻ -24 സൈനികാഭ്യാസം ആരംഭിച്ചതോടെ അലാസ്കയുടെ പടിഞ്ഞാറൻ മേഖലയിലേക്ക് യുഎസ് സൈന്യം ഒരു ഗൈഡഡ് മിസൈൽ ഡിസ്ട്രോയറും ഒരു കോസ്റ്റ് ഗാർഡ് കപ്പലും വിന്യസിച്ചതായി യുഎസ് സെനറ്റർ ഡാൻ സള്ളിവൻ സെപ്റ്റംബർ 10 ന് പറഞ്ഞിരുന്നു.
അതേ സമയം എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് അലാസ്കയിൽ നിന്ന് നാല് ദിവസത്തെ കാലയളവിൽ റഷ്യൻ സൈനിക വിമാനങ്ങൾ കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 11, 13, 14, 15 തീയതികളിൽ രണ്ട് വിമാനങ്ങൾ വീതമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം 26 റഷ്യൻ വിമാനങ്ങൾ അലാസ്ക സോണിൽ എത്തിയിരുന്നു. ഈ വർഷം ഇതുവരെ 25 എണ്ണം അതിർത്തിയിൽ എത്തിയെന്നാണ് റിപ്പോർട്ട്. അതേ സമയം റഷ്യൻ വിമാനങ്ങളെ തടയാൻ ജെറ്റ് വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: