അഴിമതി ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന അരവിന്ദ് കേജ്രിവാളിന്റെ ഡമ്മിയായി ദല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്ന അതിഷിക്ക് മേലെ രാജ്യദ്രോഹകുറ്റത്തിന്റെ വാള്‍ തൂങ്ങുന്നു. എഎപി എം.പി. സ്വാതി മലിവാളാണ് അതിഷിയുടെ രാജ്യദ്രോഹം തുറന്നുകാട്ടി രംഗത്തുവന്നത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയായ അഫ്സല്‍ ഗുരുവിനെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയ പാരമ്പര്യമാണ് അതിഷിയുടെ മാതാപിതാക്കള്‍ക്കുള്ളതെന്ന് തുറന്നടിച്ചു സ്വാതി മലിവാള്‍. അതോടെ അഴിമതി കേസില്‍ പ്രതിയായ കേജ്രിവാളിന് പകരം രാജ്യദ്രോഹകുറ്റം പേറുന്നയാള്‍ മുഖ്യമന്ത്രി കസേരയിലേക്കോ എന്ന ചോദ്യമാണുയരുന്നത്. ഭീകരവാദിയായ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ ദീര്‍ഘകാലം പോരാട്ടം നടത്തിയവരാണ് അവരുടെ കുടുംബം. അഫ്‌സല്‍ ഗുരു നിരപരാധിയാണെന്നും തൂക്കിലേറ്റരുതെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും പറഞ്ഞ് അതിഷിയുടെ മാതാപിതാക്കള്‍ പലവട്ടം രാഷ്‌ട്രപതിക്ക് ദയാഹര്‍ജികള്‍ സമര്‍പ്പിച്ചു. ഇത് രാജ്യത്തിന്റെയും ഒപ്പം ദല്‍ഹിയുടെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു മുഖ്യമന്ത്രിയില്‍നിന്ന് ദല്‍ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടേ എന്നായിരുന്നു സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ സ്വാതി പറഞ്ഞത്. ഇതിനു തൊട്ടുപിന്നാലെ സ്വാതി മലിവാളിനോട് രാജ്യസഭാംഗത്വം രാജിവെയ്‌ക്കാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
ജാമ്യം കിട്ടി ജയില്‍ മോചിതനായതിനെത്തുടര്‍ന്നു മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച കേജ്രിവാള്‍ തന്നെയാണ് കഴിഞ്ഞദിവസം എഎപി നിയമസഭാകക്ഷി യോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ദല്‍ഹിയുടെ മൂന്നാമത്തേതും ഏറ്റവും പ്രായംകുറഞ്ഞതുമായ വനിതാ മുഖ്യമന്ത്രിയും മമതാ ബാനര്‍ജിക്ക് ഒപ്പം ഭരണത്തിലുള്ള രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമാകും അതിഷി. നിയുക്ത മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരോടൊപ്പം ചൊവ്വാഴ്‌ച്ച ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേനയെ നേരില്‍ക്കണ്ടാണു കേജ്രിവാള്‍ രാജിക്കത്തു നല്‍കിയത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു കത്തും നല്‍കി. കേജ്രിവാളിന്റെ വസതിയില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഏക കണ്ഠമായാണ് അതിഷിയെ നേതാവായി തെരഞ്ഞെടുത്തത്. നാലു മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു വരെ മാത്രമാകും താന്‍ ദല്‍ഹിയുടെ ഭരണച്ചുമതല നിര്‍വഹിക്കുകയെന്നും തന്റെ ഗുരുവായ കേജ്രിവാള്‍തന്നെയാണു ദല്‍ഹിയുടെ ഒരേയൊരു മുഖ്യമന്ത്രിയെന്നും അതിഷി പറഞ്ഞു. തെരഞ്ഞടുപ്പുകളടക്കം എഎപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനി കൂടുതല്‍ സജീവമാകുമെന്ന് കേജ്രിവാളും പറഞ്ഞു.
പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പിനു മുമ്പായി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിലൂടെ തന്ത്രപരമായ രാഷ്‌ട്രീയക്കളിയാണു കേജ്രിവാള്‍ നടത്തിയത്. സമ്മതിദായകരുടെ അനുകമ്പ പിടിച്ചു പറ്റുകയാണ് ലക്ഷ്യം. കേജ് രിവാളിനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് നാള് കുറേയായി. അന്നൊന്നും തോന്നാത്ത ധാര്‍മികബോധം ഇപ്പോള്‍ എവിടെ നിന്ന് ആണാവോ വന്നത്. താന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നാലും യഥാര്‍ത്ഥ മുഖ്യന്‍ കേജ്രിവാള്‍ തന്നെ ആയിരിക്കുമെന്ന് അതിഷി പറഞ്ഞതോടെ കാര്യങ്ങള്‍ വ്യക്തമായി. പിന്‍ സീറ്റില്‍ ഇരുന്ന് കേജ്രിവാള്‍ ഭരിക്കും. ഭാരത രാഷ്‌ട്രീയം പലതവണ കണ്ട നാടകം ഒരിക്കല്‍ക്കൂടി അരങ്ങേറുന്നു എന്ന് മാത്രം.
അതിഷി മര്‍ലേന സിംഗ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലം മുതലാണു പേരിന്റെ വാല്‍ഭാഗം ഒഴിവാക്കി അതിഷി ആക്കിയത്. ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകരായ പ്രഫ. വിജയ് സിംഗ് തോമറിന്റെയും പ്രഫ. തൃപ്തവഹിയുടെയും മകളായി 1981 ജൂണ്‍ എട്ടിനു ജനിച്ച അതിഷിക്ക് മാര്‍ക്സ്, ലെനിന്‍ എന്നിവരുടെ പേരുകള്‍ ചേര്‍ത്താണ് മര്‍ലേന എന്ന മധ്യനാമം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: