പാലെര്‍മോ: ഇറ്റാലിയന്‍ ഫുട്‌ബോളിലെ മുന്‍ താരം സാല്‍വത്തോര്‍ സ്‌കില്ലാച്ചി അന്തരിച്ചു. 59 വയസ്സായിരുന്നു. 2022ല്‍ കോളന്‍ കാന്‍സര്‍ പിടിപെട്ടിരുന്നു. ദിവസങ്ങളായി പാലെര്‍മോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇറ്റലി സെമി വരെ മുന്നേറിയ 1990 ലോകകപ്പിലെ ഏറ്റവും മികച്ചതാരമായി ഗോള്‍ഡന്‍ ബോള്‍ നേടിയ താരമാണ് സ്‌കില്ലാച്ചി. അന്നത്തെ വമ്പന്‍ താരങ്ങളായിരുന്ന അര്‍ജന്റീനയുടെ ഡീഗോ മറഡോണയെയും ജര്‍മനിയുടെ ലോതര്‍ മത്തേയസിനെയും മറികടന്നായിരുന്നു ഈ നേട്ടം. ആ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി സ്വര്‍ണ ബൂട്ടും സ്‌കില്ലാച്ചി സ്വന്തമാക്കി.
1990 ലോകകപ്പിലെ പ്രകടനം കൊണ്ട് മാത്രം ചരിത്രത്തില്‍ ഇടംപിടിച്ച താരമാണ് ടോട്ടോ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സ്‌കില്ലാച്ചി. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇറ്റലി അക്കൊല്ലം ജേതാക്കളാകുമെന്നാണ് കരുതിയത്. എല്ലാകളികളിലും ജയിച്ച് തകര്‍പ്പന്‍ മുന്നേറ്റത്തോടെയെത്തിയ ടീം പക്ഷെ സെമിയില്‍ ഫേവറിറ്റുകളായ അര്‍ജന്റീനയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു പുറത്തായി.
നിശ്ചിത സമയ മത്സരം 1-1ല്‍ കലാശിച്ച്, അധികസമയം ഗോള്‍രഹിതമായി, ഒടുവില്‍ ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. മത്സരം 1-1(4-3) അര്‍ജന്റീന വിജയിച്ചതോടെ ഇറ്റലിയുടെ അക്കൊല്ലത്തെ ലോകകിരീടമോഹം അവസാനിച്ചു. സെമിയിലെ റെഗുലര്‍ ടൈം മത്സരത്തില്‍ ഇറ്റലിയുടെ ഏകഗോള്‍ നേടിയത് സ്‌കില്ലാച്ചി ആയിരുന്നു. മത്സരത്തിന്റെ 17-ാം മിനിറ്റില്‍. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടന്ന ലൂസേഴ്‌സ് ഫൈനലിലും സ്‌കില്ലാച്ചി ഗോളടിച്ചു. ആറ് ഗോളുകള്‍ നേടിയാണ് സ്‌കില്ലാച്ചി ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍നേട്ടക്കാരനായത്.
ലോകകപ്പിലെ ഈ ആറ് ഗോളുകളും തൊട്ടടുത്ത വര്‍ഷം നേടിയ ഒരു ഗോളും മാത്രമാണ് സ്‌കില്ലാച്ചി ഇറ്റലിക്കായി നേടിയത്. വെറും 16 മത്സരങ്ങളില്‍ മാത്രമാണ് ഇദ്ദേഹം ഇറ്റാലിയന്‍ കുപ്പായത്തില്‍ ഇറങ്ങിയത്. ക്ലബ്ബ് ഫുട്‌ബോളിലും ദീര്‍ഘകാലത്തെ പേരും പെരുമയും അവകാശപ്പെടാനില്ലാത്ത താരമാണ് സ്‌കില്ലാച്ചി. 1982-89 കാലത്ത് ഇറ്റാലിയന്‍ ക്ലബ്ബ് മെസ്സിനയില്‍ കളിച്ച താരം 1989 മുതല്‍ 1992 വരെ യുവെന്റസില്‍ കളിച്ചു. തുടര്‍ന്ന് മൂന്ന് വര്‍ഷം ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ ഇന്റര്‍ മിലാനില്‍. പിന്നീട് മൂന്ന് വര്‍ഷം ജപ്പാന്‍ ക്ലബ്ബ് ജൂവിലോ ഇവാറ്റയിലേക്ക് കുടിയേറിയ സ്‌കില്ലാച്ചി 1999ല്‍ കരിയര്‍ അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: