മാന്നാര്‍: അന്തര്‍ദേശീയ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ മള്‍ട്ടി ടാലന്റഡ് കിഡ് എന്ന ബഹുമതിക്ക് അര്‍ഹനായിരിക്കുകയാണ് മാന്നാര്‍ കുട്ടമ്പേരൂര്‍ സാരഥിയില്‍ ശ്രീവല്ലഭ് ആര്. സാരഥി എന്ന നാലു വയസുകാരന്. ആധുനിക കാലഘട്ടത്തില്‍ വ്യാപകമായ മൊബൈല്‍ ഫോണ്‍ ഭ്രമത്തില്‍ നിന്നും കുരുന്നുപ്രായം മുതലെ മകനെ രക്ഷിച്ചതിന്റെ ഫലമാണ് ഈ നേട്ടമെന്ന് അമ്മ സുസ്മിത പറയുന്നു. കുവൈറ്റില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്തിരുന്ന അച്ഛന് രഞ്ജിത് മകന് കൂട്ടായി ഇപ്പോള്‍ നാട്ടിലുണ്ട്.
അഞ്ച് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഇടയ്ക്കയില്‍ ശ്രീവല്ലഭിന് പ്രിയമുണ്ടായിരുന്നു. ഗീതാപണ്ഡിതയായ അമ്മ സുസ്മിതയില്‍ നിന്നും ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ മനസിലാക്കി. അഷ്ടപദി സംഗീതം കേള്‍ക്കാന്‍ വലിയ തല്പ്പപരനായ ശ്രീവല്ലഭിന് ആദ്യമായി ഇടയ്ക്ക നിര്‍മിച്ചു നല്കിയതും അമ്മ തന്നെ. സംഗീതക്കച്ചേരികള്‍ കാണാന്‍ മാത്രമാണ് ടെലിവിഷന്‍ ഓണാക്കുക. അതു പിന്നീട് മൂളാന്‍ തുടങ്ങി ഈ മിടുക്കന്. ഒന്നര വയസായപ്പോള്‍ ഭഗവദ് ഗ്രന്ഥങ്ങളുടെ പേരുകള്‍ കൃത്യമായി മനസിലാക്കി ഷെല്‍ഫില്‍ നിന്ന് എടുത്തുകൊണ്ടുവരികയും ചെയ്തു. ഈ പ്രായത്തില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ജേതാവായത് 40 പുസ്തകങ്ങള്‍ കൃത്യമായി തെരഞ്ഞെടുത്തുകൊണ്ടായിരുന്നു.
ഭഗവദ്ഗീത, രാമായണം, സംസ്കൃതശ്ലോകം, മന്ത്രങ്ങള്‍ എന്നിവയെല്ലാം ഈ നാലുവയസുകാരന് ഹൃദിസ്ഥമാണ്. ഭാവിയില്‍ ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനും പാട്ടുകാരനും ആകണമെന്നാണ് ആഗ്രഹം. ഇതുവരെയുള്ള ഐഎസ്ആര്‍ഒ ചെയര്മാന്മാരുടെയും പ്രധാനമന്ത്രിമാരുടെയും പേരുകള്‍ വരിതെറ്റാതെ പറയും ശ്രീവല്ലഭ്.
പാട്ടുകേള്‍ക്കലും സോപാനസംഗീതാലാപനവും ഗീതാപാരായണവുമാണ് ദിനചര്യ. ബഹിരാകാശരംഗത്തെ വാര്‍ത്തകളില്‍ വലിയ താല്പര്യമാണ്. അനൂപ് ശങ്കര്‍ ആണ് ഇഷ്ടപ്പെട്ട സംഗീതജ്ഞന്. അദ്ദേഹം തയ്യാറാക്കിയ ചന്ദ്രചൂഡ…എന്ന ഗാനം ശ്രീവല്ലഭിന് വലിയ ഇഷ്ടമാണ്. നന്ദിയുടെയും ജയശ്രീയുടെയും കച്ചേരികള്‍ക്കും കാതോര്‍ക്കും. സംഗീതസംവിധായകന് ശരത്തിനോടും ഇഷ്ടമാണ്. ഇവരെയെല്ലാം നേരില്‍ കണ്ടിട്ടുമുണ്ട്.
ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ ശ്രീവല്ലഭ് ആഞ്ജനേയഭക്തനുമാണ്. വീട്ടില്‍ സ്വന്തം മുറിയുടെ ഭിത്തിയിലാകെ ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞരുടെയും സംഗീതജ്ഞരുടെയും ചിത്രങ്ങളാണ്. ബാലസാഹിത്യകൃതികളും പുരാണഗ്രന്ഥങ്ങളും മറ്റുമടങ്ങുന്ന ചെറിയ ലൈബ്രറിയും ഇപ്പോഴേ ശ്രീവല്ലഭിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: