Cricket

ആവേശം പകര്‍ന്ന് മോഹന്‍ലാല്‍; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിസിന് 213 റണ്‍സ്

Published by

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ ആദ്യ ബാറ്റിംഗിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്. ടോസ് കിട്ടിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്‌ 20 ഓവറില്‍   6  നഷ്ടത്തില്‍ 213 റണ്‍സ് എടുത്തു. ക്യാപ്റ്റൻ രോഹൻ കുന്നിമ്മേല്‍ (51), അഖില്‍ എസ് (50) അജാസ് (56) എന്നിവരുടെ അര്‍ധസെഞ്ചുറിപ്രകടനത്തിന്റെ ബലത്തിലാണ് കാലിക്കറ്റ് വലിയ സ്‌കോര്‍ പടുത്തത്.

സല്‍മാന്‍ നിസാര്‍ (24), പള്ളം അന്‍ഫല്‍ (13*), ഒമര്‍ അബൂബക്കര്‍ (10), അഭിജിത്ത് പ്രവീണ്‍ (1) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

കൊല്ലം സെയ്‌ലേഴ്‌സിനായി അമല്‍ എ.ജി., സുധേഷന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പവന്‍ രാജ്, ബാസില്‍ എന്‍.പി. എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന കളി കാണാന്‍ നടന്‍ മോഹന്‍ലാല്‍ ഗാലറിയില്‍ ഉണ്ട്. പ്രിയദര്‍ശന്‍ ഉള്‍പ്പെടെ പ്രമുഖരും കളികാണാന്‍ എത്തിയിട്ടുണ്ട്.  കെ.സി.എല്‍. ബ്രാന്‍ഡ് അംബാസിഡര്‍ ആണ് മോഹന്‍ലാല്‍. കളിക്ക് മുന്‍പ് മസാല കോഫി സൂരജ് സന്തോഷ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറി. മോഹന്‍ലാലും കായിക വകുപ്പു മന്ത്രി വി.അബ്ദുറഹിമാനും ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കും.

കേരളത്തിലെ ക്ലബ്ബ് കളിക്കാരുള്‍പ്പെടെ നൂറിലധികം ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള സുവര്‍ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റ് ലീഗിലൂടെ ഒരുക്കിയത്. കളിക്കാരുടെ ലേലത്തിലുള്‍പ്പെടെ ഇക്കാര്യം പ്രതിഫലിച്ചിരുന്നു. അടിസ്ഥാന നിരക്കിനേക്കാള്‍ ഉയര്‍ന്ന വളരെ കൂടിയ തുകയ്‌ക്കുവരെ ലേലംകൊണ്ട മിക്ക കളിക്കാരും ഫ്രാഞ്ചൈസികളുടെ അഭിമാനം കാക്കുന്ന മല്‍സരമാണ് കാഴ്ചവച്ചത്. ദേശീയതലത്തില്‍ പല ക്രിക്കറ്റ് മല്‍സരങ്ങളിലും കേരളത്തിനുവേണ്ടി ഒരുമിച്ചു കളിക്കാനിറങ്ങിയവരാണ് ക്രിക്കറ്റ് ലീഗില്‍ വിവിധ ടീമുകളുടെ ക്യാപ്റ്റന്‍മാരായും കളിക്കാരായും പരസ്പരം പൊരുതാനിറങ്ങിയത്. ഓരോരുത്തരുടേയും ബലവും ദൗര്‍ബല്യവും കൃത്യമായി മനസ്സിലാക്കാനും പരസ്പരം അറിഞ്ഞ് മല്‍സരിക്കുവാനും ക്രിക്കറ്റ് ലീഗ് വേദിയായി.

മുൻ ഇന്ത്യൻ താരങ്ങളായ മുംബൈ ഇൻഡ്യൻസ് സ്‌കൗട്ട് സൗരഭ് തിവാരിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചസ് സ്കൗട്ട് രവി തേജയും ഉൾപ്പെടെയുള്ളവർ കളികാണാനും കളിക്കാരെ നിരീക്ഷിക്കാനുമായെത്തിയത് കേരള ക്രിക്കറ്റ് ലീഗ് ദേശീയതലത്തില്‍ നേടിയ ശ്രദ്ധയ്‌ക്ക് ഉദാഹരണമായി. ഐപിഎല്‍ ടീമുകളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നവരാണ് സ്കൗട്ടുകള്‍. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഒന്നില്‍ തല്‍സമയം സംപ്രേഷണം ചെയ്തതിലൂടെ രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ക്ക് കേരളത്തിലെ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനം കണ്ടുവിലയിരുത്താനും അവസരമൊരുങ്ങി. കളിക്കാര്‍ക്കും ഭാവിയിലേക്ക് ഏറെ ഗുണകരമായി ഇതു മാറുമെന്നാണ് വിലയിരുത്തല്‍.

മല്‍സരത്തില്‍ ഇതുവരെ അഞ്ചു സെഞ്ച്വറികളാണ് പിറന്നത്. മല്‍സരത്തിന്റെ പത്താംദിവസം ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ ഐക്കണ്‍ താരവും ക്യാപ്റ്റനുമായ സച്ചിന്‍ബേബിയായിരുന്നു കേരള ക്രിക്കറ്റിലെതന്നെ ആദ്യത്തെ സെഞ്ച്വറി നേടിയത്. തുടര്‍ന്ന് തൃശൂരിന്റെ വിഷ്ണു വിനോദും കാലിക്കറ്റിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ആനന്ദ് കൃഷ്ണനും സെഞ്ച്വറി നേടി. സെമി ഫൈനലില്‍ കൊല്ലം സെയ്‌ലേഴ്സിന്റെ അഭിഷേക് നായരും സെഞ്ച്വറി നേടി.

കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിലെ അഖില്‍ സ്കറിയ ആണ് ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയത്- 24 എണ്ണം. 19 വിക്കറ്റുമായി കൊല്ലം സെയ്‌ലേഴിന്റെ എന്‍.എം. ഷറഫുദ്ദീന്‍ തൊട്ടുപിന്നിലുണ്ട്. 10 വീതം ക്യാച്ചുകളെടുത്ത കൊല്ലം സെയ്‌ലേഴ്സിലെ വത്സല്‍ ഗോവിന്ദ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിലെ രോഹന്‍ കുന്നുമ്മേല്‍, സല്‍മാന്‍ നിസാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ നിലവില്‍ മുന്നിലുള്ളത്.

തൃശൂര്‍ ടൈറ്റന്‍സിലെ മുന്‍നിര ബാറ്റ്സ്മാനായ വിഷ്ണു വിനോദിന്റെ വ്യക്തിഗത സ്കോര്‍ 139 ആണ്. 438 റണ്ണുകളുമായി ഈ വിഭാഗത്തിലും ഒന്നാമതുള്ള വിഷ്ണു വിനോദ് 38 സിക്സറുകളുമായാണ് കളിയില്‍ മിന്നിത്തിളങ്ങിയത്. റണ്ണുകളുടെ എണ്ണത്തിലും സിക്സറുകളുടെ എണ്ണത്തിലും രണ്ടാമതുള്ള സല്‍മാന്‍ നിസാറിന്റെ (യഥാക്രമം 431, 27) കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സും റണ്ണുകളുടെ എണ്ണത്തില്‍ മൂന്നാമതുള്ള (423) സച്ചിന്‍ ബേബി ക്യാപ്റ്റനായ കൊല്ലം സെയ്‌ലേഴ്സും ഫൈനലില്‍ പ്രവേശിച്ചതിനാല്‍ ഇന്നത്തെ കളിയോടെ ഈ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനം മാറിമറിയാനുള്ള സാധ്യത ഏറെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by