ലെബനന്‍: ഇസ്രായേൽ വിരുദ്ധ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മ്മിച്ചത് തായ് വാനിലാണ്. ഈ പേജറുകള്‍ക്കുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്നു. പേജറിലേക്ക് സന്ദേശം അയച്ചാല്‍ പേജറുകള്‍ പൊട്ടിത്തെറിക്കുന്ന രീതിയില്‍ സോഫ്റ്റ് വെയര്‍ സെറ്റ് ചെയ്തത് ഇസ്രയേലിന്റെ ബുദ്ധിയാണെന്ന് പറയുന്നു. സെൽഫോണുകൾക്ക് പകരം ആശയ വിനിമയത്തിന് പേജറുകളെ ആശ്രയിക്കുന്ന ഹെസ്ബുള്ളയുടെ രീതി മുതലെടുത്താണ് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ആക്രമണം നടത്തിയത്.
ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മൊസാദും തായ് വാനിലെ പേജര്‍ നിര്‍മ്മാണക്കമ്പനിയും തമ്മില്‍ രഹസ്യധാരണ ഉണ്ടായിരുന്നതായി പറയുന്നു. തായ്‌വാൻ നിർമിത ഇലക്ട്രോണിക് പേജറുകൾക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചാണ് ഇസ്രായേൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഓപ്പറേഷൻ നടത്തിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ച പേജറുകൾ ലെബനനിലുടനീളം ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. അത്യപൂര്‍വ്വമായ ആക്രമണമാണ് ഇസ്രയേല്‍ ആസൂത്രണം ചെയ്തത്. ലോകത്തില്‍ തന്നെ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. ഹെസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ദാഹിയെഹ് എന്നറിയപ്പെടുന്ന ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും കിഴക്കൻ ബെക്കാ താഴ്‌വരയിലും ഉച്ചകഴിഞ്ഞ് സ്ഫോടനങ്ങൾ ആരംഭിച്ചത്. സ്ഫോടന പരമ്പര ഒരു മണിക്കൂറോളം നീണ്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: