തിരുവനന്തപുരം: പൂജപ്പുര മണ്ഡപത്തിലെ പൂജവയ്‌പ്പ് മഹോത്സവത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ സിപിഎം ശ്രമം. പൂജപ്പുര സരസ്വതി ക്ഷേത്രമണ്ഡപത്തില്‍ പൂജ വയ്‌ക്കുന്നതിന് ദിവസവാടക നല്‍കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഭരമസമിതി. മണ്ഡപത്തിന് വാടകയിനത്തില്‍ 8,996 രൂപ അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര നടത്തിപ്പിന്റെ ചുമതലയുള്ള ജനകീയ സമിതി സെക്രട്ടറിക്ക് കോര്‍പ്പറേഷന്‍ കത്തു നല്‍കി.
പ്രതിദിനം ആയിരം രൂപ നിരക്കില്‍ 7,200 രൂപ വാടകയും ചരക്കു സേവന നികുതിയായി 1296 രൂപയും ഡിപ്പോസിറ്റ് ഇനത്തില്‍ 500 രൂപയും ഉള്‍പ്പെടെയാണ് സരസ്വതീ മണ്ഡപത്തിനു വാടക നിശ്ചയിച്ചിരിക്കുന്നത്. ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആവശ്യമെങ്കില്‍ 41,536 രൂപ അടയ്‌ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 11നാണ് കത്തു നല്‍കിയത്. രാജഭരണകാലം മുതല്‍ ആചാരപരമായി നടത്തുന്ന നവരാത്രി ഉത്സവം അട്ടിമറിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെയാണ് സിപിഎം നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി വാടക ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
തലസ്ഥാനത്ത് നടത്തുന്ന നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് പൂജപ്പുര മണ്ഡപത്തിലും ഉത്സവം നടത്തുന്നത്. കക്ഷിരാഷ്‌ട്രീയ ഭേദമെന്യേയുള്ള ജനകീയ സമതിയാണ് കാല്‍നൂറ്റാണ്ടായി പൂജവയ്‌പ്പ് മഹോത്സവം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസ് നിര്‍മ്മിച്ചുകൊണ്ടാണ് പൂജപ്പുര സരസ്വതി മണ്ഡപം നഗരസഭാ ഭരണസമിതിയുടെ ഒത്താശയോടെ സിപിഎം കൈയ്യേറിയത്. അതിനെതിരെ ഹൈന്ദവ സംഘടനകള്‍ നിരവധി പ്രക്ഷോഭങ്ങളും നിയമപരമായ പോരാട്ടങ്ങളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി വിധി നഗരസഭയ്‌ക്ക് ആനുകൂലമായിരുന്നു. ഇന്ന് വീണ്ടും ഭക്തജനങ്ങളുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ നഗരസഭാ ഭരണകൂടം തീരുമാനമെടുത്തത് മുടവന്‍മുഗളില്‍ നിന്നുള്ള ഒരു ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണെന്നാണ് സൂചന. മേയര്‍ ആര്യാ രാജേന്ദ്രന്റെ വാര്‍ഡാണ് മുടവന്‍മുഗള്‍.
2012ല്‍ കെ.മഹേശ്വരന്‍നായര്‍ പൂജപ്പുര വാര്‍ഡ് കൗണ്‍സിലറായിരുന്നപ്പോഴാണ് പൂജപ്പുര മണ്ഡപത്തില്‍ നവരാത്രി പൂജ നടത്തുന്നതിനായി ജനകീയസമിതി രൂപീകരിക്കണമെന്ന പ്രമേയം നഗരസഭയില്‍ അവതരിപ്പിച്ചത്. അതിന് മുന്‍പ് നവരാത്രി പൂജ നടത്തിക്കൊണ്ടിരുന്നത് ഒരു സ്വകാര്യ സംഘടനയായിരുന്നു. നവരാത്രി പൂജ നടത്തുന്നതിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വകാര്യ സംഘടനയ്‌ക്കെതിരെ വ്യാപകമായതോടെയാണ് ജനകീയ സമിതി എന്ന ആശയം മഹോശ്വരന്‍ നായര്‍ മുന്നോട്ട് വച്ചത്. അന്നത്തെ മേയര്‍ ജെ.ചന്ദ്രികയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിയും അനുകൂലിച്ചതോടെ ജനകീയ സമിതി യാഥാര്‍ത്ഥ്യമായി.
രാജഭരണകാലത്ത് തിരുവിതാംകൂറിലെ പീരങ്കിപ്പടയുടെയും കുതിരപ്പട്ടാളത്തിന്റെയും പരിശീലന സ്ഥലമായിരുന്നു പൂജപ്പുര മൈതാനവും പാര്‍ക്കും. മൈതാനവും പാര്‍ക്കും ഒക്കെ തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റേതായിരുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കായി രാജകുടുംബം വിട്ടുനല്‍കിയ സ്ഥലമാണ് പുജപ്പുര മൈതാനവും പാര്‍ക്കും മണ്ഡപവും. നഗരസഭ രൂപീകൃതമായ കാലം മുതല്‍ പൂജപ്പുര മൈതാനത്തും പരിസരത്തും നവരാത്രി ആഘോഷങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കിയിരുന്നത് നഗരസഭയായിരുന്നു. ജനകീയ സമതിതി രൂപീകരിച്ചതിനു ശേഷം നവരാത്രിയും ഓണാഘോഷവും ശ്രീരാമനവമിയും ആഘോഷിക്കാനായി വര്‍ഷത്തില്‍ 30 ദിവസം ജനകീയ സമിതിക്ക് സൗജന്യമായി വിട്ടുനല്‍കണമെന്ന് നഗരസഭയും ജനകീയ സമിതിയും തമ്മില്‍ വാക്കാലുള്ള കരാറുണ്ടായിരുന്നു. ബാക്കി 335 ദിവസവും അവിടെ നടക്കുന്ന പരിപാടികള്‍ക്കുള്ള വാടക പിരിക്കുന്നതും മൈതാനത്തോട് ചേര്‍ന്നുള്ള ഇരുപതോളം കടകളുടെ അഡ്വാന്‍സും വാടകയും പിരിക്കുന്നതും നഗരസഭയാണ്. 355 ദിവസവും സ്ഥലത്തിന്റെ വാടക പിരിക്കുന്ന നഗരസഭ, സ്ഥലം കൊടുത്തവരുടെ കൈയ്യില്‍നിന്ന് 10 ദിവസത്തെ വാടക ചോദിക്കുന്നതിലെ അപാകതയാണ് ജനകീയ സമിതി ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക