തൃശൂര്‍: പുലിക്കളിക്കൊരുങ്ങി നഗരം. പുലിമടകളില്‍ ഒരുക്കങ്ങള്‍ പൂര്‍ണം. ഇന്ന് 5 മണിക്ക് നായ്ക്കനാല്‍ ജംഗ്ഷനില്‍ പാട്ടുരായ്ക്കല്‍ ദേശം സംഘത്തിന്റെ പുലിക്കളി മേയര്‍ എം.കെ.വര്‍ഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. 7 സംഘങ്ങളുടെ പുലികളാണ് തൃശൂര്‍ പട്ടണം കീഴടക്കാനെത്തുന്നത്.
ബിനി ജംഗ്ഷന് വഴി യുവജനസംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം പുലിക്കളി സംഘം എന്നീ രണ്ടു ടീമുകളും നടുവിലാല്‍ ജംഗ്ഷന് വഴി സീതാറാം മില്‍ ദേശം പുലിക്കളി സംഘാടക സമിതി, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷ കമ്മിറ്റി, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീ നാലുടീമുകളും സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.
8 അടി ഉയരമുള്ള ട്രോഫിയാണ് ഈ വര്‍ഷത്തെ മറ്റൊരു ആകര്‍ഷണം. ഒന്നാം സ്ഥാനത്ത് എത്തുന്ന പുലിക്കളി സംഘത്തിനാണ് ഇത് ലഭിക്കുക. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാകും. 1, 2, 3 സ്ഥാനത്ത് എത്തുന്നവര്‍ക്ക് യഥാക്രമം 62,500/-, 50,000/-, 43,750/- രൂപയും നിശ്ചല ദൃശ്യത്തിന് യഥാക്രമം 50,000/-, 43,750/-, 37,500/- രൂപയും പുലിക്കൊട്ടിനും പുലിവേഷത്തിനും പുലി വണ്ടിക്കും യഥാക്രമം 12,500/-, 9375/-, 6250/- രൂപയും മികച്ച രീതിയിലുള്ള അച്ചടക്കം പാലിക്കുന്ന ടീമിന് 18,750/- രൂപയും ട്രോഫികളും നല്‍കും.
ഇതോടൊപ്പം ഒരു സംഘത്തിനുള്ള 120 ലിറ്റര്‍ മണ്ണെണ്ണയും സംഘങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ക്കുള്ള സഹായ ധനത്തില്‍ ഇക്കുറി 25 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുമെന്ന് കോര്പ്പറേഷന് മേയര്‍ എം.കെ. വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി വര്‍ദ്ധനവ് വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് തിരുത്തുകയാണെന്നും മേയര്‍ പറഞ്ഞു.
പുലിക്കളി കലാകാരന്മാരെ സഹായിക്കേണ്ടത് കോര്‍പ്പറേഷന്റെ ദൗത്യം ആണെന്ന് കണ്ടതിനാലാണ് ഈ വര്‍ഷവും പുലിക്കളി നടത്താന്‍ തീരുമാനമെടുത്തത്. സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന സഹായധനത്തില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്താന്‍ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തതെന്നും മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: