പറഞ്ഞു കേട്ടിരുന്നതൊക്കെ സത്യമെന്നു സര്‍ക്കാര്‍ തന്നെ രേഖാമൂലം പ്രഖ്യാപിച്ചു എന്നതാണ്, വയനാട് ദുരന്തത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ കണക്കിന്റെ പ്രത്യേകത. യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത കണക്കാണ് അതെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാകുന്ന തരത്തിലാണ് ഇനംതിരിച്ചു കോടികള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. കള്ളത്തരം പുറത്തായതിന്റെ ജാള്യത മറയ്ക്കാന്‍ പതിവു ശൈലിയിലുള്ള വിശദീകരണവും കുറ്റപ്പെടുത്തലും പരിഹാസവും കൊണ്ടു പറ്റുമെന്നു തോന്നുന്നില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റിലാണ് ദുരന്ത നിവാരണത്തിനു വേണ്ടി ചെലവിട്ടതായി, അമ്പരപ്പിക്കുന്ന തുക കാണിച്ചിരിക്കുന്നത്. അതു ചെലവായ തുകയല്ല, കേന്ദ്രത്തിനു കൊടുത്ത കണക്കാണ് എന്ന സര്‍ക്കാര്‍ വിശദീകരണം ഏറെ രസകരമായി. കേന്ദ്രത്തേ പറ്റിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതു ചോദിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്തവകാശം എന്നുമാണ് വിശദീകരണക്കുറിപ്പിലെ ധ്വനി. ഇനിയങ്ങോട്ട് ജനങ്ങള്‍ അതൊന്നും അങ്ങനെയങ്ങു വിശ്വസിച്ചെന്നു വരില്ല. കണക്കു ചോദിക്കും. മറുപടി പറയേണ്ടിവരും.
ദുരന്തങ്ങളെ കൊയ്ത്തുല്‍സവമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സമീപനം കേരളത്തിനു പുത്തരിയൊന്നുമല്ല. ഇതിന്റെയൊക്കെ പേരില്‍ സര്‍ക്കാര്‍ കള്ളക്കണക്കുണ്ടാക്കി കേന്ദ്രത്തില്‍ നിന്നു വന്‍തുക പറ്റുന്നു എന്നും കിട്ടിയ തുകയും പിരിച്ച തുകയും വകമാറ്റി തന്നിഷ്ടത്തിനു ചെലവാക്കുന്നു എന്നും ഉള്ള പരാതികള്‍ ഏറെ കേട്ടുകഴിഞ്ഞതാണ്. കൊച്ചുകുട്ടികള്‍ സമ്പാദ്യക്കുടുക്ക പൊട്ടിച്ചു നല്കിയ തുകയും സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും സുമനസ്സുള്ള വ്യക്തികളും ബിസിനസ്സുകാരും ഇതര സംസ്ഥാന സര്‍ക്കാരുകളും മറ്റും നല്കിയ തുകകളും പാര്‍ട്ടി ഫണ്ടിലേയ്ക്കും ഇഷ്ടക്കാര്‍ക്കു സൗജന്യ
ങ്ങള് നല്‍കാനും സര്‍ക്കാര്‍ ധൂര്‍ത്തിനും വകമാറ്റി ചെലവഴിക്കുകയാണെന്ന പരാതിക്ക് ഇതുവരെ ഈ സര്‍ക്കാര്‍ ഒരു വിലയും കല്പിച്ചിരുന്നില്ല. അതൊക്കെ നിഷേധിക്കുകയും പരാതിക്കാരെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണു തുടര്‍ന്നു പോന്നത്. സന്നദ്ധ സേവനത്തിനും സംഭാവനയ്ക്കും ജനം മുന്നോട്ടുവരുന്നത് ആരുടേയും ആജ്ഞ നടപ്പാക്കാനല്ല. അവര്‍ക്കു സഹജീവി സ്നേഹവും സഹാനുഭൂതിയും ഉള്ളതുകൊണ്ടാണ്. അതാരും മറക്കരുത്. ദുരന്തങ്ങള്‍ പ്രകൃതിയുടെ പ്രതിഭാസമാണെന്നു സമ്മതിക്കാം. പക്ഷേ, അതിനൊക്കെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കാരണമാണെന്നും പറയേണ്ടിവരും. അങ്ങനെയെങ്കില്‍ പരിഹാരത്തിനു സര്‍ക്കാരിന് ഉത്തരവാദിത്തവുമുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റാനാണ് സുമനസ്സുകള്‍ സംഭാവനയുമായി മുന്നോട്ടുവരുന്നത്. പക്ഷേ, സര്‍ക്കാര്‍ പലപ്പോഴും പിരിക്കുകയല്ല, പിഴിയുകയായിരുന്നു. എന്നിട്ടും കിട്ടുന്നതൊന്നും ദുരന്തബാധിതരില്‍ എത്തുന്നുമില്ല. ഓഖി ദുരന്തവും പ്രളയവും കൂട്ടിക്കലേയും കവളപ്പാറയിലേയുമടക്കം ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളും മറ്റും കഴിഞ്ഞിട്ടു നാളുകളായിട്ടും അവിടൊന്നും കാര്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍പോലും നടന്നിട്ടില്ല. നവകേരള നിര്‍മാണത്തേക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനേ ഇല്ല.
സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകള്‍ ദുരന്ത മുഖത്തു സന്നദ്ധ സേവനവുമായി പാഞ്ഞെത്തുന്നത് ആരുടെയും നിര്‍ദേശപ്രകാരമല്ല. സേവന മനോഭാവം ആ പ്രസ്ഥാനത്തിന്റെ ആത്മാവായതുകൊണ്ടാണ്. അവര്‍ ആരേയും കണക്കു ബോധിപ്പിക്കാനോ അവകാശവാദം നടത്താനോ തുനിയാറില്ല. അവരുടെ സംസ്കാരം അതിന് അനുവദിക്കുന്നുമില്ല. അതേസമയം, അവര്‍ സൗജന്യമായി ചെയ്ത സേവനങ്ങളടക്കം തങ്ങളുടേതാക്കി അതിനൊക്കെ ചെലവെഴുതുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര സേനയുടെ സേവനങ്ങള്‍ക്കു പോലും സ്വന്തം ചെലവെന്ന പേരില്‍ കണക്കെഴുതി. മരണമടഞ്ഞവരുടെ സംസ്കാരത്തിന് ഒരു ജഡത്തിന് മുക്കാല്‍ ലക്ഷം രൂപ എന്ന കണക്കില്‍ സര്‍ക്കാര്‍ കണക്കെഴുതി. അതു കാണുമ്പോള്‍, നൂറോളം ജഡങ്ങള്‍ സൗജന്യമായി സംസ്കരിച്ച സേവാഭാരതിയേക്കുറിച്ച് അഭിമാനം തോന്നുന്നു. ദുരന്തങ്ങള്‍ വേദനാജനകമാണ്. അതിനേക്കാള്‍ വേദനാജനകമാണ്, ജനരക്ഷകരാകേണ്ട സര്‍ക്കാര്‍ ദുരന്തങ്ങളുടെ പേരില്‍ പണം വാരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: