കോഴിക്കോട്: വയനാട് ദുരന്തത്തിന്റെ പേരില്‍ തയ്യാറാക്കിയ പെരുപ്പിച്ച കണക്കുകള്‍ പണം തട്ടാനുള്ള അടവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തങ്ങളെ ദുരിതാശ്വാസ നിധി അടിച്ചുമാറ്റാനുള്ള അവസരങ്ങളാക്കി മാറ്റുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. കഴിക്കാത്ത ഭക്ഷണത്തിനും ഉടുക്കാത്ത വസ്ത്രത്തിനും കേന്ദ്രത്തോട് പണം ചോദിക്കുന്ന മുഖ്യമന്ത്രി വയനാട് ദുരിതാശ്വാസത്തിന് എത്ര തുക സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചെന്ന് വ്യക്തമാക്കണം. ദുരിതാശ്വാസ നിധി ധൂര്‍ത്തടിച്ച ചരിത്രമാണ് പിണറായി സര്‍ക്കാരിനുള്ളത്. വയനാട്ടില്‍ പുനരധിവാസം അവതാളത്തിലായിരിക്കുകയാണ്. മന്ത്രിസഭാ ഉപസമിതി ദയനീയമായ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. വീഴ്ചകളുടെ തനിയാവര്‍ത്തനമാണ് നടക്കുന്നത്. കഴിവുള്ള ഉദ്യോഗസ്ഥരെ കൊണ്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെ സന്നദ്ധപ്രവര്‍ത്തകരുടെ ചെലവ് അതതു പാര്‍ട്ടിക്കാരും സന്നദ്ധസംഘടനകളുമാണ് എടുത്തത്. സേവാഭാരതി 64 മൃതദേഹങ്ങള്‍ സംസ്കരിച്ചത് സൗജന്യമായാണ്. മറ്റ് സംഘടനകളും സൗജന്യമായാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്. വളണ്ടിയര്‍മാരുടെ ചെലവും, ബെയ്ലി പാലം നിര്‍മാണത്തിന് ഒരു കോടി ചെലവ് വന്നെന്നും കണക്കെഴുതിയ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. വയനാട് ദുരിതാശ്വാസത്തിന് ഇതുവരെ എത്ര ചെലവായെന്നും കേന്ദ്രസഹായം എത്ര ലഭിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. വ്യക്തതയില്ലാത്ത കണക്കുകള്‍ കാട്ടി കേരളം കേന്ദ്രത്തെ കബളിപ്പിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞത് കത്ത് കൊടുക്കാനല്ല. വ്യക്തമായ കണക്കുകള്‍ കൊടുത്താല്‍ കേന്ദ്രം തുക അനുവദിക്കും.
പുത്തുമലയില്‍ പുനരധിവസിച്ചവരുടെ വീട്ടു വാടക പോലും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയടക്കം വഴിമാറ്റി ചെലവഴിച്ചത് കൊണ്ടാണ് ലോകായുക്തയില്‍ സര്‍ക്കാരിനെതിരെ കേസ് വന്നത്. അതുകൊണ്ടാണ് ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊന്നത്. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് എത്ര കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന് അനുവദിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വയനാട് ദുരന്തത്തിന് മുമ്പ് അതില്‍ എത്ര കോടി ചെലവഴിച്ചുവെന്നും അദ്ദേഹം പറയണം. ഇതുപോലെ കേന്ദ്ര സഹായം കിട്ടിയ മറ്റൊരു കാലം ഉണ്ടായിട്ടില്ല. പണമില്ലാത്തതുകൊണ്ടല്ല സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കാത്തത്.
അഭൂതപൂര്‍വ്വമായ സഹായങ്ങളാണ് വയനാട്ടിലേക്ക് എത്തിയത്. ബിജെപിയും എന്‍ഡിഎയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കോടികള്‍ അനുവദിച്ചു. ഇന്‍ഡി മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എത്ര രൂപ സഹായം നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 1500 വീടുകള്‍ സ്പോണ്സര് ചെയ്യപ്പെട്ടിട്ടും അതിന് തയ്യാറായവരെ വിളിച്ചുചേര്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: