Kerala

ആചാരപ്പെരുമയില്‍ ഇന്ന് ഉത്തൃട്ടാതി ജലമേള; അണിഞ്ഞൊരുങ്ങി ആറന്മുളയപ്പന്റെ അന്‍പത്തിരണ്ട് പള്ളിയോടങ്ങള്‍

Published by

പത്തനംതിട്ട: ഉത്തൃട്ടാതി ജലമേള കന്നിയിലേക്ക് കടന്നപ്പോഴും ആവേശം ചോരാതെ ആറന്മുളയുടെ ഇരുകരകളും ഇന്ന് നതോന്നതയ്‌ക്ക് കാതോര്‍ക്കും. പൊന്നുതമ്പുരാന് കാഴ്ചയൊരുക്കാന്‍ കരക്കാര്‍ ഇത്തവണയും ആവേശത്തിലാണ്. നയമ്പുകള്‍ പാകപ്പെടുത്തി മിനുക്കിയെടുത്തു. വള്ളങ്ങളുടെ അവസാനഘട്ട മുന്നൊരുക്കവും ഇന്നലെയോടെ പൂര്‍ത്തിയാക്കി, അമരം മുതല്‍ അണിയം വരെ ഇരിക്കേണ്ടവരെയും നിശ്ചയിച്ചു.

ഇന്ന് ഉച്ചയ്‌ക്ക് ഒന്നിന് പമ്പയാറ്റില്‍ നടക്കുന്ന ആവേശപ്പോരാട്ടത്തിന് സാക്ഷിയാകാന്‍ അനേകായിരങ്ങള്‍ ദൂരദേശങ്ങളില്‍ നിന്നു വരെ ഒഴുകിയെത്തും. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളിലാണ് പമ്പയില്‍ ആറന്മുള വള്ളംകളി നടക്കുന്നത്. എന്നാല്‍ ഇത്തവണ പ്രതിഷ്ഠാദിനം ചിങ്ങമാസത്തില്‍തന്നെ കൊണ്ടാടി. ക്രിയാപരമായ ചടങ്ങുകളും അന്ന് പൂര്‍ത്തിയാക്കിയിരുന്നു.

തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തു നിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും തുഴച്ചില്‍ക്കാരുടെ കായിക ക്ഷമതയും, കലാമികവും പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ദിനമാണ് ഉത്തൃട്ടാതി ജലമേള.

52 ചുണ്ടന്‍ വള്ളങ്ങളാണ് ഇന്ന് ജലമേളയില്‍ പങ്കെടുക്കുക. വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചില്‍ക്കാര്‍ വള്ളപ്പാട്ടുകള്‍ നതോന്നതയുടെ താളത്തില്‍ പാടി ഹരമേറ്റും. പള്ളിയോടങ്ങളുടെ അമരച്ചാര്‍ത്തും നടുവിലെ മുത്തുക്കുടയും കൊടി ചാമരങ്ങളും ഉത്തൃട്ടാതി ജലമേളയെ വേറിട്ട അനുഭവമാക്കുന്നു. നാലാം നൂറ്റാണ്ടു മുതല്‍ നടന്നുവരുന്ന ജലമേള മേഖലയിലെ കലാ സാംസ്‌കാരിക പൈതൃകത്തിന്റെ ഉദാത്ത ഉദാഹരണമാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് മത്സരവള്ളംകളിയുമാണ് നടക്കുക.

ഓരോ വള്ളവും പമ്പയുടെ കരയിലുള്ള ഓരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വര്‍ഷവും എണ്ണ, കൊപ്ര, കരി എന്നിവയാല്‍ പള്ളിയോടങ്ങള്‍ മിനുക്കി എടുക്കും. വള്ളത്തിന് ഈടും ബലവും നിലനര്‍ത്താനും ജലത്തില്‍ തെന്നി നീങ്ങാനുമാണിത്. ഗ്രാമത്തിലെ മൂത്താശാരിമാരാണ് വര്‍ഷാവര്‍ഷം വള്ളത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നത്. അതതു ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ വള്ളങ്ങള്‍ ഓരോ ഗ്രാമത്തിന്റെയും അഭിമാന പ്രതീകമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക