ആലുവ : പണയത്തിന് നൽകിയ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ . മലപ്പുറം എടവന്നപ്പാറ വെട്ടത്തൂർ എറക്കോട്ടിൽ വീട്ടിൽ ജിംഷാദ് (21) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയ ആപ്പ് വഴി 150000 രൂപയ്‌ക്ക് പണയത്തിന് വാങ്ങിയ പുതുവൈപ്പ് സ്വദേശി സുനിൽ എന്നയാളുടെ മാരുതി ബലെനോ കാർ ആണ് പണയം നൽകിയവർ തന്നെ മോഷ്ടിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ 13 ന് വാഹന കരാറും മറ്റും നൽകി വാഹനം പരാതിക്കാരന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു.
അതിനുശേഷം വാഹനം സ്റ്റാര്‍ട്ട് ആക്കാൻ ശ്രമിച്ചപ്പോൾ സ്റ്റാർട്ട് ആകാതിരുന്നതിനെത്തുടർന്ന് കീ പരിശോധിച്ചതിൽ കീയുടെ ഉള്ളിൽ പേപ്പറും മറ്റും ഇരിക്കുന്നതു കണ്ട് സംശയം തോന്നിയ പരാതിക്കാരൻ കാറിന്റെ ബാക്ക് വീലിന്റെ നട്ട് ഊരി വയ്‌ക്കുകയായിരുന്നു. അതേ ദിവസം വൈകിട്ട് ആറുമണിയോടെ പ്രതി തൻറെ കയ്യിലിരുന്ന കീ ഉപയോഗിച്ച് കാർ കൊണ്ടുപോകുന്നതിന് ശ്രമിച്ചെങ്കിലും ടയർ ഊരി പോയതിനാൽ കാർ കൊണ്ടുപോകാൻ സാധിക്കാതെ വരികയായിരുന്നു.
ഈ വാഹനം പ്രതി റെൻ്റിന് എടുത്ത് നമ്പർ പ്ലേറ്റ് മാറ്റി ആ വാഹനത്തിന്റെ ആർ സി ഓണർ ആണെന്നുള്ള വ്യാജേനയാണ് പരാതിക്കാരന് വാഹനം പണയത്തിന് നൽകിയത്.
അന്വേഷണ സംഘത്തിൽ ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ് , സബ് ഇൻസ്പെക്ടർ ഷാഹിർ, എ എസ് ഐ ആൻറണി ജയ്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രീജൻ, രൂപേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: