Social Trend

റേറ്റിംഗ് കൂട്ടാന്‍ പീഡനം തേടി നടക്കുന്നവര്‍ മംഗളംചാനലിന്‌റെ ഗതി മറക്കരുത്

Published by

കോട്ടയം: ബാര്‍ക്ക് റേറ്റിംഗില്‍ മുന്നിലെത്താനുള്ള അമിതാവേശം ഈയിടെ മുഖം മിനുക്കി തിരികെയെത്തിയ ഒരു വാര്‍ത്താ ചാനലിന് പഴയ മംഗളം ടിവിയുടെ ഗതി വരുത്തുമോ എന്നതാണ് ഇപ്പോള്‍ മാധ്യമ മേഖലയിലെ പ്രധാന ചര്‍ച്ച . ബാര്‍ക്ക് റേറ്റിംഗില്‍ വളരെ താഴെയായിരുന്ന ഈ ചാനല്‍ അടുത്തകാലത്ത് പൈങ്കിളിവല്‍ക്കരണം വഴി സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് കിട്ടിയ ആവേശം മൂലം മുന്നും പിന്നും നോക്കാതെ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന തരത്തിലേക്ക് ചാനലിനെ മാറ്റി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിലക്കിയ പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കിയതാണ് ഏറ്റവുമൊടുവില്‍ പുലിവാലായത്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ സ്വകാര്യമൊഴികള്‍ മിക്കവാറും ചാനലുകള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഉത്തരവാദിത്വമുള്ള ചാനലുകള്‍ ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് അതു സംപ്രേഷണം ചെയ്യാന്‍ തയ്യാറായില്ല. വലിയ എക്‌സ്‌ക്‌ളൂസീവ് എന്ന തരത്തില്‍ ഈ ചാനല്‍ അതു സംപ്രേഷണം ചെയ്തത് വലിയ വിവാദമായി. ഇതിനെതിരെ ഡബ്ല്യുസിസി രംഗത്തുവരികയും ചെയ്തു. ആ സംഘടനയിലെ ഒരു പ്രമുഖ അംഗമെന്ന് തിരിച്ചറിയുന്ന സൂചനകളോടെയാണ് റിപ്പോര്‍ട്ടു നല്‍കിയത്. ഇതാണ്‌സംഘടനയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ച് അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

എസ്‌ഐ മുതല്‍ എസ് പി വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചു എന്ന തരത്തില്‍ ഒരു സ്ത്രീയെ മുന്നില്‍ നിറുത്തി അടുത്തിടെ കൊടുത്ത വാര്‍ത്തയും വിവാദമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നിയമനടപടിക്ക് മുന്നോട്ടുവന്നതോടെ ആ വാര്‍ത്തയും ചാനലിന് പിന്‍വലിക്കേണ്ടിവന്നു. പീഡനകഥകള്‍ തേടിപ്പിടിച്ച് സംപ്രേഷണം ചെയ്താല്‍ മുന്‍ നിരയിലെത്താമെന്ന നിലയില്‍ അനാശാസ്യമായ കിടമല്‍സരം ചാനല്‍ മേഖലയില്‍ വളര്‍ന്നുവരുന്നുണ്ട്. ബാര്‍ക്ക്‌റേറ്റിംഗില്‍ അവസാനം കിടക്കുന്ന ഒരു ദേശീയ നെറ്റ് വര്‍ക്കിന്‌റ മലയാളം ചാനലും അശ്‌ളീല വാര്‍ത്തകള്‍ നിരന്തരം സംപ്രേഷണം ചെയ്ത് മുന്നിലെത്താനുളള മല്‍സരത്തിലുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts