മുംബൈ: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ നേട്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് കാർഡ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ചേര്‍ന്ന് പുറത്തിറക്കി. രാജ്യത്തെ നയിക്കുന്നതിന് വീണ്ടും അവസരം കൂടി ബിജെപിയ്ക്ക് നൽകിയ ജനങ്ങളോട് നന്ദി പറഞ്ഞ അമിത് ഷാ വികസിത ഇന്ത്യയെ കെട്ടിപടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് വ്യക്തമാക്കി.
ആദ്യ 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് അമിത് ഷാ വ്യക്തമാക്കി. 100 ദിവസത്തിനിടെ ലക്പതി ദീദി യോജനയില്‍ 11 ലക്ഷം പുതിയ സ്ത്രീകളെ ചേർത്തു. ഇതോടെ ഒരു കോടി സ്ത്രീകള്‍ ഇപ്പോള്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്പാദിക്കുന്നു, അന്തസ്സോടെ ജീവിക്കാന്‍ ഇതിലൂടെ അവരെ പ്രാപ്തരാക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
അടുത്ത 15 ദിവസം പാവപ്പെട്ടവർക്ക് വേണ്ടിയുള്ളതാണ്. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കും. യുവാക്കൾക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം കോടി രൂപയുടെ പാക്കേജിലൂടെ അഞ്ച് വർഷത്തിനുള്ളിൽ 4.10 കോടി യുവാക്കൾക്ക് പ്രയോജനം ലഭിക്കും. മൂന്നു ലക്ഷം കോടി രൂപ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി സർക്കാർ നീക്കിവച്ചിട്ടുണ്ട്. 50,600 കോടി രൂപ ചെലവിൽ രാജ്യത്തുടനീളമുള്ള പ്രധാന റോഡുകൾ വികസിപ്പിക്കും. 76,000 കോടി രൂപ ചെലവിൽ മഹാരാഷ്ട്രയിലെ വാധ് വാനിൽ ഒരു മെഗാ തുറമുഖം നിർമിക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൈബര്‍ കുറ്റകൃത്യം കുറയ്ക്കാന്‍ 5000 സൈബര്‍ കമാന്‍ഡോകളെ വിന്യസിക്കും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജനയുടെ 17ാം ഗഡുവായി 9.5 കോടി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 20,000 കോടി രൂപ വിതരണം ചെയ്തതായും അമിത് ഷാ വ്യക്തമാക്കി. സമവായ ചര്‍ച്ചകളിലൂടെ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്നും ഇരുവിഭാഗങ്ങളും സമാധാനം പുനഃസ്ഥാപിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രധാനമന്ത്രി മോദിയുടെ ജന്മദിനം സേവ പഖ്വാഡയായി ആഘോഷിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ സേവനത്തിനിറങ്ങും. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയ ആളാണ് മോദി. 15 വ്യത്യസ്ത രാജ്യങ്ങള്‍ അദ്ദേഹത്തെ അവരുടെ ഏറ്റവും ഉന്നതമായ ബഹുമതി നല്കി അംഗീകരിച്ചു. 140 കോടി ജനങ്ങള്‍ അദ്ദേഹത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിനായി പ്രാര്‍ഥിക്കുകയാണ്’ അമിത് ഷാ പറഞ്ഞു.
60 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് രാഷ്ട്രീയ സുസ്ഥിരതയുടെ അന്തരീക്ഷമുണ്ടാകുന്നത്. നയങ്ങള്‍ നടപ്പാക്കുന്നത് നമ്മള് കണ്ടു. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ശക്തിപ്പെടുത്തിയെന്നും ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: