ന്യൂദൽഹി: എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ദൽഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. കെജ്‌രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. കെജ്‌രിവാളിന്റെ പിൻഗാമിയായി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേര് അതിഷിയുടെതായിരുന്നു.
മദ്യനയക്കേസിൽ കെജ്‌രിവാള്‍ ജയിലിൽ കഴിഞ്ഞപ്പോൾ അതിഷിയായിരുന്നു പാർട്ടിയെയും സർക്കാറിനെയും നയിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ദൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. നേരത്തെ സുഷമ സ്വരാജും ക്ഷീലാ ദീക്ഷിതും ദൽഹി മുഖ്യമന്ത്രിമാരായിരുന്നു.
ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം വൈകീട്ടോടെ കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: