കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അജ്മലിനെ മര്‍ദ്ദിച്ച സംഭവത്തിലും കേസെടുത്ത് പോലീസ്. സുഹൃത്തിനും, കണ്ടാലറിയുന്നവര്‍ക്കുമെതിരെയാണ് കേസ്. അജ്മലിന്റെ വൈദ്യ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. തനിക്ക് മര്‍ദ്ദനമേറ്റെന്ന് അജ്മല്‍ മൊഴി നല്‍കിയിരുന്നു.
അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അജ്മലിന് മര്‍ദ്ധനമേറ്റിരുന്നു.
സോമവിലാസം ചന്തമുക്കിലെ റോഡരികിൽ കാർനിർത്തി ഗ്ലാസിൽ ശ്രീക്കുട്ടിക്ക് മദ്യം പകരുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
അജ്‌മൽ ചന്ദനത്തടിമോഷണം ഉൾപ്പെടെ അഞ്ചു കേസുകളിൽ പ്രതിയാണ്. ഒരു മാസംമുൻപ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴാണ് ഡോ. ശ്രീക്കുട്ടിയെ പരിചയമാകുന്നത്. ശ്രീക്കുട്ടി ഒരുവർഷമായി ഇവിടെ ജോലിചെയ്തു വരികയാണ്. അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വര്‍ണവും അടക്കം എട്ട് ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് അജ്മല്‍ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പോലീസിന് മൊഴി നല്‍കിയത്.
കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: