Kerala

തൂത്തുക്കുടി അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനം ചെയ്തു; തമിഴ്‌നാട് സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രം: നരേന്ദ്രമോദി

Published by

തൂത്തുക്കുടി: ‘മൂന്ന് പ്രധാന തുറമുഖങ്ങളും പതിനേഴു തുറമുഖങ്ങളും ഉള്ളതിനാല്‍ തമിഴ്‌നാട് സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി .
തൂത്തുക്കുടി അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വികസിത രാഷ്‌ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ തൂത്തുക്കുടി അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിനെ ‘ഇന്ത്യയുടെ സമുദ്ര അടിസ്ഥാന ഹസൗകര്യത്തിന്റെ പുതിയ നക്ഷത്രം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
തുറമുഖത്തിന്റെ ശേഷി വികസിപ്പിക്കുന്നതില്‍ അതിന്റെ പങ്ക് ഇത് എടുത്തു കാട്ടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ’14 മീറ്ററില്‍ കൂടുതല്‍ ആഴത്തിലുള്ള ഡ്രാഫ്റ്റും 300 മീറ്ററിലധികം നീളമുള്ള ബെര്‍ത്തും ഉള്ള ഈ ടെര്‍മിനല്‍ വി. ഓ.ചിദംബരനാര്‍ തുറമുഖത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. പുതിയ ടെര്‍മിനല്‍, തുറമുഖത്തെ ലോജിസ്റ്റിക് ചെലവ് കുറയ്‌ക്കും. ടെര്‍മിനലിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് ലിംഗ വൈവിധ്യത്തോടുള്ള പ്രതിബദ്ധതയാണ്. ഇവിടുത്തെ 40% ജീവനക്കാരും സ്ത്രീകളാണ്; ഇത് സമുദ്രമേഖലയില്‍ സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ പ്രതീകമാണ്.’ മോദി പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതില്‍ തമിഴ്‌നാടിന്റെ തീരപ്രദേശം വഹിച്ച സുപ്രധാന പങ്ക് ഉയര്‍ത്തിക്കാട്ടി, ‘മൂന്ന് പ്രധാന തുറമുഖങ്ങളും പതിനേഴു ചെറിയ തുറമുഖങ്ങളും ഉള്ളതിനാല്‍, തമിഴ്‌നാട് സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു’ എന്ന്‌മോദി അഭിപ്രായപ്പെട്ടു. തുറമുഖ അധിഷ്ഠിത നേതൃത്വത്തിലുള്ള വികസനം കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിനായി, ഔട്ടര്‍ ഹാര്‍ബര്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വികസനത്തിന് ഇന്ത്യ 7,000 കോടി രൂപയിലധികം നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനസൗകര്യ വികസനത്തിനപ്പുറമുള്ള ഇന്ത്യയുടെ വിശാലമായ സമുദ്ര ദൗത്യത്തെക്കുറിച്ച് മോദി സംസാരിച്ചു. ‘ഇന്ത്യ ലോകത്തിന് സുസ്ഥിരവും പുരോഗമനപരവുമായ വികസനത്തിലേക്കുള്ള പാത കാണിച്ചുകൊടുക്കുകയാണ്’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിത ഹൈഡ്രജന്‍ ഹബ്ബായും കടലിലെ കാറ്റില്‍ നിന്നുള്ള ഊര്‍ജത്തിനുള്ള നോഡല്‍ തുറമുഖമായും തൂത്തുക്കുടി തുറമുഖത്തെ അംഗീകരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ ഈ സംരംഭങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കും.

‘നൂതനാശയവും സഹകരണവുമാണ് ഇന്ത്യയുടെ വികസന യാത്രയിലെ ഏറ്റവും വലിയ ശക്തി’ ടെര്‍മിനലിന്റെ ഉദ്ഘാടനം കൂട്ടായ ശക്തിയുടെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള വ്യാപാരത്തില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന റോഡ്‌വേകള്‍, ഹൈവേകള്‍, ജലപാതകള്‍, വ്യോമ പാതകള്‍ എന്നിവയുടെ വിശാലമായ ശൃംഖലയുമായി ഇന്ത്യ ഇപ്പോള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മോദി പറഞ്ഞു.’ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യ പ്രധാന പങ്കാളിയായി മാറുകയാണ്. ഈ വളരുന്ന ശേഷിയാണ് നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ’ പ്രധാനമന്ത്രി പറഞ്ഞു. ഈ മുന്നേറ്റം ഉടന്‍ തന്നെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്നും ഈ വളര്‍ച്ചയെ നയിക്കുന്നതില്‍ തമിഴ്‌നാട് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക