ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മലയാളി അസോസിയേഷനുകളും മലയാളികൾ കൂടുതലുള്ള വ്യത്യസ്ത കമ്പനികളിലും ഓണാഘോഷം മികവാർന്ന രീതിയിലാണ് നടന്നത്.
ഇതിൽ ഷാർജയിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രവാസികൾക്ക് ഏറെ നവ്യാനുഭവമായി. പരമ്പരാഗത ആവേശവും സാംസ്‌കാരിക പ്രകടനങ്ങളും രുചികരമായ ഭക്ഷണവിഭവങ്ങളുമായി ഞായറാഴ്ച നടന്ന മഹത്തായ ഓണാഘോഷത്തിൽ പതിനായിരത്തിലധികം ആളുകൾ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ നാടോടി നൃത്തങ്ങളുടെയും സംഗീതത്തിന്റെയും ഉജ്ജ്വല പ്രകടനങ്ങൾ ഉൾക്കൊള്ളിച്ച പരിപാടിയിൽ പ്രവേശിക്കാൻ നൂറുകണക്കിന് ആളുകൾ അണിനിരന്നു. പരമ്പരാഗത കസവു സാരികൾ ധരിച്ച സ്ത്രീകളും മുണ്ട് ധരിച്ച പുരുഷന്മാരും കേരളത്തിൽ നിന്നുള്ള പലഹാരങ്ങൾ വാഴയിലയിൽ വിളമ്പി.
അലങ്കരിച്ച ആനകളുടെ പ്രതിമകളും ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. ആഘോഷത്തിന്റെ മാറ്റൊലി ഒപ്പിയെടുക്കാൻ അവയ്‌ക്കൊപ്പം നിരവധി ആളുകൾ ഫോട്ടോകൾ ക്ലിക്കുചെയ്‌തു. മലയാളികൾക്കൊപ്പം തന്നെ മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിദേശികളും കേരളത്തിന്റെ വേഷവിധാനങ്ങൾ ധരിച്ച് ആഘോഷത്തിൽ പങ്കു ചേർന്നത് ഏറെ കൗതുകമായി.
ഇതൊരു അതിശയകരമായ നിമിഷമാണ്, ഒരു വലിയ ജനക്കൂട്ടമുണ്ട്. ഞങ്ങൾ കേരളത്തെ മിസ് ചെയ്യുന്നു,” – പങ്കെടുത്ത രാജേഷ് പറഞ്ഞു. കൂടാതെ “ഇവിടെ ആയത് നന്നായി. നമ്മളെല്ലാവരും ഒത്തുകൂടുന്നു. ഏതാണ്ട് കേരളം പോലെയാണ്, പക്ഷെ ഞങ്ങൾ കേരളത്തെ മിസ് ചെയ്യുന്നു,” – ഡിഎച്ച്എൽ ജീവനക്കാരിയായ ആതിര പറഞ്ഞു.
മറ്റൊരു എമിറേറ്റായ അബുദാബിയിലെ ഓണം ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഇന്ത്യൻ മലയാളി പ്രവാസികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഉത്സവം യുഎഇയിൽ ഏറെ വിപുലമായാണ് ആഘോഷിക്കപ്പെടുന്നത്.
യുഎഇയിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനം ഇന്ത്യക്കാരാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ളത് കേരളമാണ്. തൊട്ടുപിന്നാലെ തമിഴ്നാടും ആന്ധ്രാപ്രദേശുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: