ലഖ്‌നൗ: സ്ത്രീകളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ബീറ്റ് കോൺസ്റ്റബിൾ തലം മുതൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വരെ ഉത്തരവാദിത്വം ഉറപ്പാക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച തലസ്ഥാനത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം പ്രാധാന്യം നിറഞ്ഞ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തത്.
ലൗ ജിഹാദ്, ഈവ് ടീസിംഗ്, മാല തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ തക്കതായ നിയമ നടപടികൾ സ്വീകരിക്കണം. സ്ത്രീകളുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണന. വനിതാ ബീറ്റ് ഓഫീസർമാരെ സജീവമായി നിലനിർത്തുകയും പട്രോളിംഗ് ഉറപ്പാക്കുകയും ചെയ്യണം. ബീറ്റ് കോൺസ്റ്റബിൾ തലം മുതൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വരെ ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ മുഖ്യമന്ത്രി പരാതികളിൽ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ റിപ്പോർട്ടുകൾ നൽകുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
മെച്ചപ്പെട്ട ക്രമസമാധാനത്തിന്റെയും തുടർച്ചയായ സംഭാഷണത്തിന്റെയും എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സഹകരണത്തിന്റെയും ഫലമാണ് സമീപ വർഷങ്ങളിൽ സംസ്ഥാനത്ത് ഉത്സവങ്ങൾ സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും അന്തരീക്ഷത്തിൽ ആഘോഷിച്ചതെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
കൂടാതെ മുതിർന്ന ഉദ്യോഗസ്ഥരോട് അവരുടെ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ജില്ലാ മജിസ്‌ട്രേറ്റുമാരോടും പോലീസ് സൂപ്രണ്ടുമാരോടും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായി സമ്പർക്കം പുലർത്താൻ അദ്ദേഹം നിർദ്ദേശിച്ചു.
ഇതിനു പുറമെ വിവിധ ജില്ലകളിലെ പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുൻഗണനാക്രമത്തിൽ നടത്തണമെന്നും വിതരണം ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികളുടെ ഗുണനിലവാരം നിലനിർത്തണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു.
ദുരന്തബാധിത പ്രദേശങ്ങളിൽ മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയാൻ സോളാർ ഫെൻസിങ് സ്ഥാപിക്കണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് യഥാസമയം സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, റെയിൽവേ ട്രാക്കുകൾ തകർക്കാനോ റെയിൽവേ അപകടങ്ങൾ ഉണ്ടാക്കാനോ ഗൂഢാലോചന നടന്നതായി സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 വരെ സംസ്ഥാനവ്യാപകമായി ശുചിത്വ കാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: