ബെംഗളൂരു: ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രം ബെംഗളൂരുവെന്ന് റിപ്പോർട്ട്. നൈറ്റ് ഫ്രാങ്ക് ആണ് ഇതുമായി ബന്ധപ്പെട്ട സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. ഭാവിയിൽ ബിസിനസ് രംഗത്ത് ഏറ്റവും കൂടുതൽ വികസനം കൈവരിക്കുന്ന നഗരമായി ബെംഗളൂരു മാറാനുള്ള സാദ്ധ്യതയാണ് വൻകിട കമ്പനികളെ ഇവിടേയ്‌ക്ക് ആകർഷിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
ബെംഗളൂരുവിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ ആരംഭിക്കാനാണ് വിദേശ ബിസിനസ് കോർപ്പറേഷനുകൾ താൽപര്യപ്പെടുന്നത്. ഭാവിയിലെ വളർച്ച മുൻപിൽ കണ്ടുകൊണ്ടാണ് ഈ നീക്കം. ഒക്യുപ്പൻസിയുള്ള ഓഫീസ് സ്ഥാപിക്കുന്നതിനായി വൻകിട കെട്ടിടങ്ങൾ കമ്പനികൾ വാടകയ്‌ക്ക് എടുക്കുന്നതും നിർമ്മിക്കുന്നതും വർധിച്ചിട്ടുണ്ട്.
ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് ഡിമാൻഡ് 55 ശതമാനമായി വർധിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ വലിപ്പമുള്ള കെട്ടിടങ്ങൾക്ക് 45 ശതമാനമാണ് ഡിമാൻഡ്. കഴിഞ്ഞ ആറ് മാസത്തിനിടെ 1.56 കോടി സ്‌ക്വയർഫീറ്റ് സ്ഥലം ആണ് വിവിധ കമ്പനികൾ വാടകയ്‌ക്ക് എടുത്തിട്ടുള്ളത്.
50,000 മുതൽ ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വരെയുള്ള ഓഫീസ് സ്‌പേസുകളോടുള്ള കമ്പനികളുടെ താത്പര്യം 21 ശതമാനം ആണ്. ഇതിന് താഴെയുള്ള ഓഫീസ് സ്‌പേസുകൾ വെറും 11.7 ശതമാനം മാത്രമാണ് വിറ്റും വാടകയ്‌ക്കും പോകുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: