തിരുവനന്തപുരം: സംസ്ഥാന കായികചരിത്രത്തിന്റെ ഭാഗമായി മാറിയ രണ്ടാഴ്ച നീണ്ട പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ബുധനാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സമാപനമാകും. സെപ്റ്റംബര്‍ രണ്ടിന് തുടക്കംകുറിച്ച ലീഗ് മല്‍സരങ്ങളുടെ സെമിഫൈനല്‍ ചൊവ്വാഴ്ചയും ഫൈനല്‍ മല്‍സരം ബുധനാഴ്ചയുമാണ് നടക്കുക. ആറു ടീമുകള്‍ ശക്തി പരീക്ഷിച്ച ക്രിക്കറ്റ് ലീഗില്‍ ഓരോ ടീമുകള്‍ക്കും പത്ത് മല്‍സരങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. എല്ലാ ടീമുകളും രണ്ടുതവണവീതം പരസ്പരം മല്‍സരിച്ചു.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ഫിനെസ് തൃശൂര്‍ ടൈറ്റന് എന്നീ ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി.
ചൊവ്വാഴ്ച 2.30ന് നടക്കുന്ന ആദ്യ സെമിയില്ഏരീസ് കൊല്ലം സെയ്ലേഴ്സ്, ഫിനെസ് തൃശൂര്‍ ടൈറ്റനുമായി കളിക്കും. 6.30നുള്ള രണ്ടാം സെമിയില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തമ്മിലുമാണ് മല്‍സരിക്കുക
.പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും 10 മത്സരങ്ങളാണുണ്ടായിരുന്നത്. 16 പോയിന്റുമായി ഏരീസ് കൊല്ലം സെയ്ലേഴ്സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. രണ്ടു മത്സരത്തില്‍ മാത്രമാണ് കൊല്ലം പരാജയപ്പെട്ടത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗേ്ളാബ്സ്റ്റാര്സാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാന്‍ഡ്രം റോയല്‍സിന് 10 പോയിന്റും നാലാമതുള്ള തൃശ്ശൂര്‍ ടൈറ്റന്‍സിന് എട്ടു പോയിന്റുമാണുള്ളത്.
കൊച്ചി ബ്ലൂ ടൈഗേഴ്സും(6) ആലപ്പി റിപ്പിള്സു(6)മാണ് സെമിയിലേക്ക് യോഗ്യത നേടാതെപോയ ടീമുകള്‍.
കേരളത്തിലെ ക്ലബ്ബ് കളിക്കാരുള്‍പ്പെടെ നൂറിലധികം ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള സുവര്‍ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷന് ക്രിക്കറ്റ് ലീഗിലൂടെ ഒരുക്കിയത്. കളിക്കാരുടെ ലേലത്തിലുള്‍പ്പെടെ ഇക്കാര്യം പ്രതിഫലിച്ചിരുന്നു. അടിസ്ഥാന നിരക്കിനേക്കാള്‍ ഉയര്‍ന്ന വളരെ കൂടിയ തുകയ്ക്കുവരെ ലേലംകൊണ്ട മിക്ക കളിക്കാരും ഫ്രാഞ്ചൈസികളുടെ അഭിമാനം കാക്കുന്ന മല്‍സരമാണ് കാഴ്ചവച്ചത്. ദേശീയതലത്തില്‍ പല ക്രിക്കറ്റ് മല്‍സരങ്ങളിലും കേരളത്തിനുവേണ്ടി ഒരുമിച്ചു കളിക്കാനിറങ്ങിയവരാണ് ക്രിക്കറ്റ് ലീഗില്‍ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാരായും കളിക്കാരായും പരസ്പരം പൊരുതാനിറങ്ങിയത്. ഓരോരുത്തരുടേയും ബലവും ദൗര്‍ബല്യവും കൃത്യമായി മനസ്സിലാക്കാനും പരസ്പരം അറിഞ്ഞ് മല്‍സരിക്കുവാനും ക്രിക്കറ്റ് ലീഗ് വേദിയായി.
മുന്‍ ഇന്ത്യന്‍ താരങ്ങളായ മുംബൈ ഇന്‍ഡ്യന്‍സ് സ്കൗട്ട് സൗരഭ് തിവാരിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചസ് സ്കൗട്ട് രവി തേജയും ഉള്‍പ്പെടെയുള്ളവര്‍ കളികാണാനും കളിക്കാരെ നിരീക്ഷിക്കാനുമായെത്തിയത് കേരള ക്രിക്കറ്റ് ലീഗ് ദേശീയതലത്തില്‍ നേടിയ ശ്രദ്ധയ്ക്ക് ഉദാഹരണമായി. ഐപിഎല്‍ ടീമുകളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നവരാണ് സ്കൗട്ടുകള്. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഒന്നില്‍ തല്‍സമയം സംപ്രേഷണം ചെയ്തതിലൂടെ രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ക്ക് കേരളത്തിലെ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനം കണ്ടുവിലയിരുത്താനും അവസരമൊരുങ്ങി. കളിക്കാര്‍ക്കും ഭാവിയിലേക്ക് ഏറെ ഗുണകരമായി ഇതു മാറുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: