Kerala

ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തന ചെലവ് പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി കെ രാജന്‍

Published by

തൃശൂര്‍: മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തന ചെലവ് പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം ശരിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായി ആലോചിച്ച് വാര്‍ത്താസമ്മേളനം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

വയനാട് ദുരന്തത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ട കണക്കുകളാണ് പുറത്തുവന്നത്. ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് സന്നദ്ധപ്രവര്‍ത്തകര്‍ക്കാണെന്നാണ് പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെ വാഹന ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവിട്ടു. ഇവര്‍ക്ക് യൂസര്‍ കിറ്റ് നല്‍കിയ വകയില്‍ ആകെ 2 കോടി 98 ലക്ഷം രൂപയും ഗതാഗതത്തിന് മാത്രം 4 കോടി രൂപയും ചെലവായി എന്ന് പുറത്തുവന്ന കണക്കുകള്‍ പറയുന്നു.

ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് കണക്ക്. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് രണ്ട് കോടി 76 ലക്ഷം രൂപ ചെലവിട്ടു. ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവയ്‌ക്ക് ചിലവായത് 15 കോടിയും. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് എട്ട് ഇവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടിയും ചെലവായി. മെഡിക്കല്‍ പരിശോധന ചിലവ് എട്ടുകോടിയും ആയി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റര്‍ ചെലവ് 7കോടിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം പരാമര്‍ശിച്ചുള്ള കോടതി റിപ്പോര്‍ട്ടിലുളളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by