തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ ‘ബിറാക് ഇന്നൊവേഷന് വിത്ത് ഹൈ സോഷ്യല്‍ ഇംപാക്റ്റ് അവാര്‍ഡ്-2024’ തിരുവനന്തപുരം ആസ്ഥാനമായ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സിന്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയ ഉണ്ടാക്കിയ സാമൂഹിക സ്വാധീനം പരിഗണിച്ചാണ് പുരസ്കാരം. ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച സമാപിച്ച ഗ്ലോബല്‍ ബയോ-ഇന്ത്യ 2024 പരിപാടിയില്‍ അവാര്‍ഡ് സമ്മാനിച്ചു.
ബാന്‍ഡികൂട്ട് റോബോട്ട്, ബാന്‍ഡികൂട്ട് മൊബിലിറ്റി പ്ലസ് എന്നിവയുള്‍പ്പെടെയുള്ള കണ്ടുപിടിത്തങ്ങളും മനുഷ്യപ്രയത്നമില്ലാതെ മാന്‍ഹോളുകള്‍ വൃത്തിയാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതും ജെന്‍ റോബോട്ടിക്സിനെ പുരസ്കാരത്തിന് അര്‍ഹമാക്കി.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ബയോടെക്നോളജി വകുപ്പും പൊതുമേഖലാ സ്ഥാപനമായ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലും (ബിറാക്) ചേര്‍ന്നാണ് ഗ്ലോബല്‍ ബയോ-ഇന്ത്യ 2024 സംഘടിപ്പിച്ചത്.
ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ജെന്‍ റോബോട്ടിക്സിന്റെ ബാന്‍ഡികൂട്ട് റോബോട്ട് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതു പോലുള്ള അപകടകരമായ ചുറ്റുപാടുകളില്‍ നിന്ന് മനുഷ്യപ്രയത്നം ഒഴിവാക്കി. 2017ലാണ് ജെന്‍ റോബോട്ടിക്സ് ബാന്‍ഡികൂട്ട് റോബോട്ടിനെ വികസിപ്പിച്ചത്. മാന്‍ഹോള്‍ ശുചീകരണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിന് ജെന്‍ റോബോട്ടിക്സിന്റെ ഈ ചുവടുവയ്പിലൂടെ സാധിച്ചു.
ബാന്‍ഡികൂട്ടിന്റെ പ്രധാന ഘടകമായ റോബോട്ടിക് ട്രോണ്‍ യൂണിറ്റ് മാന്‍ഹോളില്‍ പ്രവേശിച്ച് മനുഷ്യന്റെ കൈകാലുകള്‍ക്ക് സമാനമായി റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് മലിനജലം നീക്കം ചെയ്യും. മാന്‍ഹോളിനുള്ളിലെ ഹാനികരമായ വാതകങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന വാട്ടര്‍പ്രൂഫ്, എച്ച്ഡി വിഷന്‍ ക്യാമറകളും ഗ്യാസ് സെന്‍സറുകളും ഇതിലുണ്ട്.
നഗരങ്ങളിലെ മലിനജല ശുചീകരണവും മാലിന്യ സംസ്കരണവും പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്ന ബാന്‍ഡികൂട്ട് മൊബിലിറ്റി പ്ലസ് നിലവിലുള്ള സംവിധാനങ്ങളിലേക്ക് പുതിയ പരിഹാരങ്ങള്‍ സമന്വയിപ്പിച്ച് ശുചിത്വ സാങ്കേതികവിദ്യയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു.
ഇന്ത്യയെ മാനുവല്‍ സ്കാവെഞ്ചിംഗില്‍ നിന്ന് മുക്തമാക്കാന്‍ ജെന്‍ റോബോട്ടിക്സ് പ്രതിജ്ഞാബദ്ധമാണെന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള പ്രചോദനമായി ഈ പുരസ്കാരത്തെ കാണുന്നുവെന്നും ജെന്‍ റോബോട്ടിക്സ് ഡയറക്ടറും സഹസ്ഥാപകനുമായ നിഖില്‍ എന്‍.പി പറഞ്ഞു. ബാന്‍ഡികൂട്ട് റോബോട്ട് ഇന്ത്യയിലെ ശൂചീകരണ പ്രവര്‍ത്തനങ്ങളെ മാറ്റിമറിച്ചു. അപകടകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും മനുഷ്യാവകാശങ്ങളും മെച്ചപ്പെടുത്തുന്നതില്‍ റോബോട്ടിക്സിന്റെയും എഐയുടെയും സാധ്യത പ്രയോജനപ്പെടുത്താന്‍ ജെന്‍ റോബോട്ടിക്സിനായി. തൊഴിലാളികള്‍ക്ക് റോബോട്ടിക്സ് ഓപ്പറേറ്റര്മാരാകാനുള്ള അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിലും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലും ഈ സാങ്കേതികവിദ്യകള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: