കോട്ടയം ; പൈതൃക പ്രാധാന്യമുള്ള ക്ഷേത്രങ്ങൾക്കുള്ള സംരക്ഷണ പട്ടികയിൽ ഇടം നേടി ജില്ലയിലെ 4 ക്ഷേത്രങ്ങൾ. തിരുനക്കര, ഏറ്റുമാനൂർ, വൈക്കം എന്നീ മഹാദേവക്ഷേത്രങ്ങളും തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ് പൈതൃക സംരക്ഷണ പട്ടികയിലുള്ളത്.
കൊത്തുപണികളും അത്യപൂർവ ചുമർചിത്രങ്ങളുമുള്ള ക്ഷേത്രങ്ങളിലെ പൗരാണികത നിലനിർത്തുന്ന പണികൾക്ക് മുൻതൂക്കം നൽകും. ഇതിന് 5 മുതൽ 10 കോടി രൂപ വരെ ഓരോ ക്ഷേത്രത്തിനും വേണ്ടിവരുമെന്നാണ് കണക്ക്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചുമർച്ചിത്ര നവീകരണം ദേവസ്വം ബോർഡ് തുടങ്ങിയിരുന്നു. 54 ലക്ഷം രൂപ ചെലവഴിച്ചു. ക്ഷേത്രത്തിലെ, കാലപ്പഴക്കം കൊണ്ട് കേടുപാടുകൾ സംഭവിച്ച ചുമർച്ചിത്രങ്ങൾ പുനരാലേഖനം ചെയ്തു സംരക്ഷിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
16ാം നൂറ്റാണ്ടിൽ നിർമിച്ചെന്നു കരുതപ്പെടുന്ന ചുമർച്ചിത്രങ്ങളാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലുള്ളത്.ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ മ്യൂറൽ വിങ്ങിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ സംരക്ഷിക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ ദാരുശിൽപങ്ങളും സംരക്ഷിക്കും.
തിരുനക്കരയിൽ ബലിക്കൽ പുരയുടെ നവീകരണം ആരംഭിച്ചു. ഇത് പൂർത്തിയാക്കുകയാണ് ആദ്യ ലക്ഷ്യം.തിരുവാർപ്പിലെയും വൈക്കത്തേയും പണികൾ സംബന്ധിച്ച് റിപ്പോർട്ട് ഉടൻ തയാറാക്കും. ഭക്തജനങ്ങളുടെ സഹകരണത്തോടെ തുക കണ്ടെത്താനാണു ശ്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: