ന്യൂദല്‍ഹി: ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ ആദ്യ 300 സ്ഥാനങ്ങളില്‍ കേരളത്തിലെ ഒരു നഗരവും ഉള്‍പ്പെട്ടില്ല. കഴിഞ്ഞ വര്‍ഷം 446 നഗരങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തു.മാലിന്യ ശേഖരണം, തരംതിരിക്കല്‍, സംസ്കരണം തുടങ്ങിയവയിലെ പുരോഗതിക്കാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുക.
വിവിധ വികസന സൂചകങ്ങളില്‍ തുടര്‍ച്ചയായി മികവ് പുലര്‍ത്തുന്ന നഗരങ്ങളെ അംഗീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഗോള്‍ഡന്‍ സിറ്റി ക്ലബ്’ പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഓരോ തവണയും ഒന്നാമതെത്തുന്ന നഗരങ്ങളെ ‘ഗോള്‍ഡന്‍ സിറ്റി ക്ലബ്’ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗമായി തരംതിരിക്കും. തുടര്‍ച്ചയായി ഏഴു തവണ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന അവാര്‍ഡ് ഗുജറാത്തിലെ സൂറത്ത നേടിയതാണ് കാരണം. എപ്പോഴും ഒരേ നഗരങ്ങള്‍ക്കു പുരസ്കാരം ലഭിക്കുന്നതിനാല്‍ മറ്റു സ്ഥലങ്ങളുടെ മത്സരബുദ്ധി കുറഞ്ഞെന്നു വിലയിരുത്തിയാണു നടപടി. ഇന്‍ഡോര്‍ (മധ്യപ്രദേശ്), നവി മുംബൈ (മഹാരാഷ്ട്ര) പോലെ തുടര്‍ച്ചയായി റാങ്കിങ്ങില്‍ ആദ്യ സ്ഥാനങ്ങളിലെത്തുന്ന നഗരങ്ങളെയും വാര്‍ഷിക സ്വച്ഛത റാങ്കിങ്ങില്‍ പൊതുവായി മത്സരിക്കാന്‍ അനുവദിക്കില്ല.
ഗോള്‍ഡന്‍ സിറ്റി ക്ലബിലെ ഏതെങ്കിലും നഗരം മോശം പ്രകടനം കാഴ്ചവെച്ചാല്‍, അത് പട്ടികയില്‍ നിന്ന് പുറത്തെടുക്കുമെന്നും സ്വച്ഛ് സര്‍വേക്ഷണിലെ (ശുചിത്വ സര്‍വേ) വലിയ നഗരങ്ങളുമായി മത്സരിക്കുമെന്നും ഖട്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: