ഉണ്ണി കൊടുങ്ങല്ലൂര്‍
ചിങ്ങം വന്നൂ പൊന്‍വെയില്‍ തൂകീ ചിത്ര പതംഗങ്ങള്‍
ചില്ലകള്‍ തോറും പൂവുകള്‍ തേടീ പാറി നടക്കുന്നൂ
ചിത്തം തെളിയാന്‍ അത്തം വരവായ് പൂക്കളമെമ്പാടും
ചിന്തിയ വര്ണ്ണരാജികളാകേ പൂപ്പൊലി പാടുന്നൂ
ഇന്നീ നാട്ടിലുമാഘോഷത്തിന് നാളുകളാണല്ലോ
ഇത്തിരിയൊത്തിരി സന്തോഷത്തിന് ശീലുകളാണല്ലോ
ഇടവം, മിഥുനം, കര്‍ക്കിടകത്തില്‍ ഇടറും വഴി താണ്ടി
ഇവിടെത്തുമ്പോള്‍ പൊന്നിന് ചിങ്ങം ഇതളിട്ടാറാടാന്
വന്നെത്തുന്നോരോണം വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍
വരവേല്ക്കാനായ് മാളോരെല്ലാം വട്ടം കൂട്ടുമ്പോള്‍
വയനാട്ടിന് കണ്ണീര് കഥ നെഞ്ചില്‍ വടുവായ് നില്ക്കുന്നൂ
വഴിയില്ലാതവിടലയും ജീവിത ശ്ലഥചിത്രങ്ങള്‍ പോല്‍
പെരുകും പ്രളയം ആസുര താണ്ഡവമാടിയൊരാനാട്ടില്
പെരുമലകള്‍ മണ്‍കൂനകളായി ചമഞ്ഞൊരാരാവില്
പെരുവെള്ളത്തില് പേരറിയാതെ ഒഴുകിയ ജന്മങ്ങള്
പെയ്തൊഴിയാത്തൊരു പേമാരിയതില് ബലിയായ്ത്തീര്ന്നല്ലോ
കലിയാടും പെരുമഴയില്‍ വേപഥു പൂണ്ടവരെല്ലാരും
കനിവിന്നായ്ക്കേണലയും നാളുകളിന്നലെയെന്നോണം
കരളില്‍ കോറിയ ദൈന്യതയാര്‍ന്ന മുഖങ്ങള്‍, ബിംബങ്ങള്‍
കഴിയില്ലല്ലോ മായ്ചീടുവാനായ് കാലം ചെന്നാലും
ഉറ്റവരേയും, ഉടയവരേയും കൈവിട്ടെന്നാലും
ഉടുവസ്ത്രത്തിനു പകരമെടുക്കാനൊന്നില്ലെന്നാലും
ഉള്ളുരുകുന്നൊരു കാഴ്ചകളില്‍ മനമുലഞ്ഞുവെന്നാലും
ഉള്ളിലെ വീര്യം അണഞ്ഞിടാതെ കാത്തിടണം നിങ്ങള്‍
കനിവിന് കൈത്തിരി വെട്ടം നീട്ടി വരുന്നിതാ ലോകം
കണ്ണീരൊപ്പാന്‍ കരുതല്‍ തീര്‍ക്കാന്‍ കൈകള്‍ പിടിച്ചീടാന്‍
കരചേര്ത്തീടാന് കഴിഞ്ഞതെല്ലാം വിധിയെന്നോതീടാന്
കരുത്തു നല്കാന് കതിരണിയിക്കാന്‍ കരിഞ്ഞ സ്വപ്നങ്ങള്‍
തമസ്സാം ദുഃഖം അകറ്റീടാനായ് കൊളുത്തീടാം ദീപം
തമ്മില്‍ ചേര്‍ന്നിനി സന്തോഷത്തിന് പ്രകാശമായ് മാറാം
തന്നുടെ പ്രിയജന സൗഖ്യം കാണാനെത്തും മാവേലി-
ത്തമ്പുരാനെ വരവേല്ക്കാനായ് ഏവരുമൊന്നാകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: