തിരുവനന്തപുരം : ആഹ്ലാദവും ആനന്ദവും പകര്‍ന്ന് മലയാളികള്‍ക്ക് ഇന്ന് പൊന്നിന് തിരുവോണം. കളളവും ചതിയുമില്ലാത്ത സമൃദ്ധമായ ഭൂതകാലത്തയും പ്രതീക്ഷയോടെ പുതുകാലത്തെയും മനസില്‍ ആവാഹിച്ചാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്.
തിരുവോണ നാളില്‍ ആറന്മുള ക്ഷേത്രത്തില്‍ സദ്യ ഒരുക്കാന്‍ വിഭവങ്ങളുമായി ഉത്രാട സന്ധ്യയില്‍ കാട്ടൂരില്‍ നിന്നു യാത്ര തിരിച്ച തിരുവോണത്തോണി പുലര്‍ച്ചെ ക്ഷേത്രക്കടവിലെത്തി.ദേവസ്വം ബോര്‍ഡ്,പള്ളിയോട സേവാ സംഘം, ഉപദേശക സമതി, ഭക്തര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനുഷ്ഠാന ചടങ്ങുകളോടെ സ്വീകരിച്ചു. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലും ചടങ്ങുകള്‍ പുരോഗമിക്കുന്നു.
കേരളമാകെ ഉത്സച്ഛായയിലാണ്. എങ്ങും കളിചിരികളും ആഘോഷങ്ങളുമാണ്. മുക്കിന് മുക്കിന് കലാസാംകാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവോണ ദിവസത്തിനായുളള ഒരുക്കത്തിലായിരുന്നു ശനിയാഴ്്ച ജനങ്ങള്‍. കമ്പോളങ്ങളിലെല്ലാം വന്‍ തിരക്കായിരുന്നു. ഇന്നലെ പച്ചക്കറിക്കടകളിലായിരുന്നു കൂടുതല്‍ തിരക്ക്. പൂവിപണയിലും ധാരാളം പേരെത്തി. വീടുകളിലിടുന്ന പൂക്കളങ്ങള്‍ക്ക് പുറമെ കവലകളില്‍ ക്ലബുകളും കൂട്ടായ്മകളും പൂക്കളങ്ങളൊരുക്കി.
നാടെങ്ങുമുളള തുണിക്കടകളിലും ചെരുപ്പ് കടകളിലും ഗൃഹോപകരണ കടകളിലും ഒക്കെ കച്ചവടം പൊടിപൊടിച്ചു. വഴിവാണിഭവും തകര്‍ത്തു .ഓഫര്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കച്ചവടക്കാരും മത്സരിച്ചു. വന്‍കിട മാളുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നാടെങ്ങും ഉത്രാടപ്പാച്ചിലായിരുന്നു.
ദൂരദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലെത്താന്‍ എല്ലാ സാധ്യതകളും തേടി . ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള ബസുകളും ട്രെയിനുകളും നിറഞ്ഞായിരുന്നു യാത്ര. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്താന്‍ പറ്റുന്നവരും വീടുകളിലെത്തി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടില്ല. എന്നാല്‍ ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് കരകയറുക കൂടി ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: