തിരുവനന്തപുരം: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്. സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങളും വസ്ത്രങ്ങളും ഓണക്കാലത്ത് ഏറ്റവും അധികം വിൽക്കപ്പെടുന്ന ദിവസം കൂടിയാണ് ഈ ഉത്രാടനാൾ. പച്ചക്കറികളും സദ്യവട്ടത്തിന് ഒരുക്കാനുള്ള വിട്ടുപോയ സാധനങ്ങളുമൊക്കെയാണ് ഇന്ന് പ്രധാനമായും വാങ്ങുക. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഓണത്തിനാവശ്യമായതെല്ലാം ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് ഉത്രാടദിനത്തിലാണ്.
ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും. കടകളിലേതിനേക്കാൾ വിലക്കുറവ് ഉള്ളതിനാൽ വസ്ത്രങ്ങൾക്ക് സാധാരണക്കാർ ഏറെയും ആശ്രയിക്കാറുള്ളത് തെരുവോര കച്ചവടത്തെയാണ്. കീശ കാലിയാകാതെ വില പേശി വാങ്ങാമെന്നതും തെരുവോര വിപണിയെ ജനപ്രിയമാക്കി. ഓണം തകർത്താഘോഷിക്കാൻ ആകർഷകമായ ഓഫറുകളുമായി കടകളും സജ്ജമായിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂക്കള മത്സരം ഉൾപ്പെടെ ആഘോഷ ഇനങ്ങൾ പലതും ക്ലബുകളും സ്ഥാപനങ്ങളും വെട്ടിക്കുറച്ചിരുന്നെങ്കിലും കോളേജുകളിലും സ്‌കൂളുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഓണാഘോഷം പതിവുപോലെ നടന്നു.
തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാലാണ് ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി വന്നത്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്.
ഉത്രാടദിനത്തില്‍ സന്ധ്യയ്‌ക്ക് ഉത്രാടവിളക്ക് തയാറാക്കും. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്‌ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: