ബാലഗോകുലം സ്ഥാപകന്‍ എം.എ. കൃഷ്ണന്റെ സ്വപ്നപദ്ധതിയാണ് തൃശൂര്‍ ജില്ലയിലെ കൊടകരക്കടുത്ത് കനകമലയിലെ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം. ബാലികാബാലന്മാര്ക്കായി ഉത്രാടദിനമായ ഇന്നു തുറന്നുകൊടുക്കുന്ന വൃന്ദാവനം ശ്രീകൃഷ്ണ പാര്‍ക്ക് ഈ കേന്ദ്രത്തിന്റെ മൂന്നാമത് പദ്ധതിയാണ്. രാവിലെ 8ന് ഗോപൂജയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഗോശാലയും പ്രോജക്ട് ഓഫീസും നേരത്തേ സജ്ജമായിക്കഴിഞ്ഞു.
അമ്പാടിയില്‍ ജനിച്ച് വൃന്ദാവനത്തില്‍ കളിച്ചുവളര്‍ന്ന് ദ്വാരകാധിപതിയായിമാറിയ ഭഗവാന് കൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണംവരെയുള്ള വിവിധഘട്ടങ്ങള്‍ ദര്‍ശിക്കാനും ആധ്യാത്മികജ്ഞാനവും അകളങ്കിതഭക്തിയും അനുഭൂതിയേകും വിധം മനുഷ്യമനസ്സുകളിലേക്ക് പകരാനുമുള്ള ആത്മീയകേന്ദ്രമാകും പ്രകൃതി രമണീയമായ കനകമലയുടെ ഹൃദയഭൂമിയില്‍ ആരംഭിക്കുന്ന വൃന്ദാരണ്യം എന്ന ശ്രീകൃഷ്ണകേന്ദ്രം. ആറേശ്വരം, കനകമല, കോടശ്ശേരി എന്നീ മൂന്നു മലകളുടെയും സംഗമസ്ഥാനത്താണ് വൃന്ദാരണ്യം എന്ന പേരിലുള്ള കേന്ദ്രം സ്ഥിതിചെയ്യുന്നത്. 100 ഏക്കര്‍ സ്ഥലത്തായി നാല്‍പ്പതിലേറെ പദ്ധതികളാണ് ഇവിടെ ലക്ഷ്യമിടുന്നത്.
ലോകത്തിന്റെ ഏതു കോണില്‍നിന്നും കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഭക്തിയും ജ്ഞാനവും കലയും വിനോദവും കൂടിച്ചേരുന്ന വിസ്മയക്കാഴ്ചകളാണ് വൃന്ദാരണ്യം ലക്ഷ്യമിടുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ലീലകളും അവതാര മാഹാത്മ്യവും ഭക്തിനിര്‍ഭരമായി വിജ്ഞാനത്തോടെ ദര്‍ശിക്കാവുന്ന ശ്രീകൃഷ്ണകേന്ദ്രത്തില്‍ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ടാകും. ആര്ക്കുമെത്തി ആരതിയും നൈവേദ്യവും നടത്തി ദര്ശനസായൂജ്യമടയാം. ചതുര്‍വേദങ്ങളും പതിനെട്ട് പുരാണങ്ങളും ഉപനിഷത്തുക്കളും മറ്റു പുരാണഗ്രന്ഥങ്ങളും പരിശീലിക്കാനുള്ള വിജ്ഞാനകേന്ദ്രത്തില്‍ സനാതന ധര്‍മ്മവും സംസ്കൃതിയും ഭാരതീയ പാരമ്പര്യവും അടുത്തറിയാനുള്ള അവസരമൊരുക്കും. ഭാരതത്തിലെ വിവിധ ഇനം നാടന്പശുക്കളുള്ള ഗോശാല, ഗോവില്നിന്നുള്ള ഉത്പന്നങ്ങളുടെ പഞ്ചഗവ്യ ഔഷധനിര്മ്മാണശാല, കാമധേനു ക്ഷേത്രം എന്നിവ ശ്രീകൃഷ്ണ കേന്ദ്രത്തെ ഭാരതത്തിലെതന്നെ ശ്രദ്ധേയ കേന്ദ്രമാക്കും. 7 ഇനത്തില്‍പെട്ട 70 ഓളം നാടന്‍പശുക്കള്‍ നിലവില്‍ ശ്രീകൃഷ്ണകേന്ദ്രത്തിലുണ്ട്. കേന്ദ്രത്തോടുചേര്‍ന്ന വിശാലമായ വയലുകളില്‍ മേയുന്ന ഗോവൃന്ദം ഭക്തഹൃദയങ്ങള്‍ക്ക് അനുഭൂതിയേകുന്ന മനോഹര ദൃശ്യമാണ്.
ഗീതാ വിജ്ഞാനകേന്ദ്രം, ആയോധനാകലാക്ഷേത്രം, പൈതൃകശാസ്ത്ര പഠനകേന്ദ്രം, വാനനിരീക്ഷണകേന്ദ്രം, നൈപുണ്യ വികസന കേന്ദ്രം, ആയുഷ് ചികിത്സാലയം, അതിഥി മന്ദിരം, ഔഷധോദ്യാനം, മെഡിറ്റേഷന്‍ സെന്റര്‍, കണ്വെന്ഷന് സെന്റര്‍, കാളിയമര്‍ദ്ദന സ്മാരക തടാകം, സര്‍പ്പക്കാവ്, കുളം, ദശപുഷ്പത്തറ, നക്ഷത്രവനം, കൂത്തമ്പലം, ഭാരതദര്‍ശനം എന്നിങ്ങനെ നാല്പതിലേറെ പദ്ധതികളാണ് ഇവിടെ ലക്ഷ്യമിടുന്നത്. 1000 കോടി രൂപയോളം ചിലവ് പ്രതീക്ഷിക്കുന്ന അന്താരാഷ്ട ശ്രീകൃഷ്ണകേന്ദ്രം ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാകും വിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഭാരതത്തിലെ ഏറ്റവും ബൃഹത്തായ ആധ്യാത്മിക-പഠന-വിനോദസഞ്ചാര കേന്ദ്രമായി ഇവിടം മാറും. ആമേട വാസുദേവന്‍ നമ്പൂതിരി ചെയര്‍മാനും ശശി അയ്യഞ്ചിറ ജനറല്‍ സെക്രട്ടറിയും എന്‍.പി ശിവന് ട്രസ്റ്റിയും സ്വാമി ദേവചൈതന്യാനന്ദസരസ്വതി ആചാര്യനുമായുള്ള വിപുലമായ കൂട്ടായ്മയുടെ സംഘാടനത്തിലാണ് പ്രവര്‍ത്തനങ്ങള്‍. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ചേര്‍ന്ന് ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.
എം.എ. കൃഷ്ണന്, കല്യാണ്‍സില്‍ക്സ് സി.എം.ഡി ടി.എസ്. പട്ടാഭിരാമന്, മാളികപ്പുറം ഫെയിം കുമാരി ദേവനന്ദ, ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ശ്രീപദ്, സംവിധായകന് അഭിലാഷ്പിള്ള എന്നിവര്‍ ചേര്‍ന്നാണ് പാര്‍ക്കില്‍ ഭദ്രദീപം തെളിയിക്കുക. ശ്രീകൃഷ്ണകേന്ദ്രം ചെയര്മാന് ആമേട വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. ആര്.എസ്.എസ് ഉത്തരകേരളം പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് അവാര്‍ഡ് ജേതാവ് എസ്.എസ് മേനോന്, കെ.സി.നരേന്ദ്രന്, വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്.പ്രസന്നകുമാര്‍, സംസ്ഥാന സെക്രട്ടറി കെ.എന്‍.സജികുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
9447918521
പ്രതികരിക്കാൻ ഇവിടെ എഴുതുക: