ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിലെ രാജാവായി വാഴുകയായിരുന്നു റോയൽ എൻഫീൽഡ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിക്കുകയാണ് ജാവ. മഹീന്ദ്ര ആന്‍റ് മഹീന്ദ്രയാണ് ജാവ ബൈക്കിനെ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. അസാമാന്യ ബിസിനസുകാരനാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. പുതിയ ബിസിനസ് സാധ്യതകള്‍ കൃത്യമായി പിടിച്ചെടുക്കുന്ന ആ ബിസിനസ് ബുദ്ധി തന്നെയാണ് എയ്ഷര്‍ ഗ്രൂപ്പിന്റെ ബുള്ളറ്റിനെ വെല്ലുവിളിക്കുന്ന ബൈക്ക് ശൃംഖലകള്‍ സൃഷ്ടിച്ചത്.
ഇപ്പോള്‍ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്മെന്‍റിൽ റോയൽ എൻഫീൽഡിന്റെ (Royal Enfield) കുത്തക തകര്‍ക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ക്ലാസിക് ലെജൻഡ്‌സ് (Classic Legends). ജാവ(Jawa), യെസ്‌ഡി, ബിഎസ്എ എന്നീ ബൈക്കുകളെ ഇന്ത്യയിലെത്തിക്കുന്ന മഹീന്ദ്രയുടെ ക്ലാസിക് ലെജന്‍റ്സ് ബൈക്ക് വിപണിയില്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമാണിന്ന്.
പുത്തൻ ബൈക്കുകൾ പുറത്തിറക്കി എൻഫീൽഡിന് പ്രഹരമേൽപ്പിക്കുന്ന ജാവ തങ്ങളുടെ 350 സിസി സെഗ്മെന്‍റ് കൂടുതൽ ആകർഷകമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. അതിന്റെ ഭാഗമായിതാ ജാവ 42 മോട്ടോർസൈക്കിളിന്റെ പുത്തൻ മോഡലായ 42 FJ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡ് ക്ലാസിക് 350, ടിവിഎസ് റോണിൻ, റോയൽ എൻഫീൽഡ് ഹണ്ടർ 350 എന്നിവയോടാണ് 42 FJ മത്സരിക്കുന്നത്. അൽപം സ്പോർട്ടിയാക്കാനുള്ള പരിഷ്ക്കാരങ്ങളാണ് പുതിയ മോഡലായ 42 FJ യില്‍ ഉള്ളത്. അതിന്റെ ഭാഗമാണ് കറുപ്പ് നിറത്തിലുള്ള എഞ്ചിൻ, അപ്‌സ്‌വെപ്പ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവ. ഇൻകമിംഗ് കോളുകളും എസ്എംഎസ് അലേർട്ടുകളും പ്രദർശിപ്പിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സിംഗിൾ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റര്‍ ജാവ 42 FJ മോഡലിന്റെ സവിശേഷതയാണ്.
പുതിയ ജാവ 350-യിൽ നിന്ന് ഉരുത്തിരിഞ്ഞ വലിയ 334 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 42 FJ മോഡലിന് കരുത്ത് പകരുന്നത്. ഈ പുത്തൻ എഞ്ചിന് 29.1 bhp പവറിൽ പരമാവധി 29.6 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ജാവ 42 FJ മോഡലിന് 790 mm സീറ്റ് ഹൈറ്റും 178 mm ഗ്രൗണ്ട് ക്ലിയറൻസും 184 കിലോഗ്രാം ഭാരവുമാണ് വരുന്നത്. സ്റ്റാൻഡേർഡ് ജാവ 42 മോഡലിനേക്കാൾ 2 കിലോ അധികമാണ് 42 ഭാരമുള്ളതാണ്. എങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയും വരുത്താതെയാണ് ബൈക്ക് പണിതിറക്കിയിരിക്കുന്നത്.
1.99 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെയാണ് പുത്തൻ ജാവ 42 FJ പതിപ്പിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് 42 വേരിയന്‍റുകളേക്കാൾ ഏകദേശം 26,000 രൂപ കൂടുതലാണ് വില. പക്ഷെ പേടിക്കേണ്ട. കൂടുതല്‍ തുക മുടക്കുന്നതിന്റെ മൂല്യം 42FJ ബൈക്കിലുണ്ട്. വിപണിയിൽ ജാവ 42 FJ മോഡലിന് തിളങ്ങാനാവുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: