കൊച്ചി ; കാറിടിച്ച് ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോമയിൽ കഴിയുന്ന ഒൻപതുവയസ്സുകാരിയ്‌ക്ക് വേണ്ടി സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ദൃഷാന എന്ന പെൺകുട്ടിയ്‌ക്ക് സഹായമേകാനാണ് ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടിയത് . ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.
ഫെബ്രുവരി 17 ന് രാത്രി വടകര ചോറാട് അമൃതാനന്ദമയി മഠം ബസ് സ്‌റ്റോപ്പിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ ദൃഷാനയെയും മുത്തശ്ശി ബേബിയെയും തലശ്ശേരി ഭാഗത്തേക്കു പോയ കാർ ഇടിക്കുകയായിരുന്നു. ബേബി അപകടസ്ഥലത്തു മരിച്ചു. കണ്ണൂർ മേലെചൊവ്വ സ്വദേശികളായ വടക്കൻ കോവിൽ സുധീർ – സ്മിത ദമ്പതികളുടെ മകളായ ദൃഷാന അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ദൃഷാനയുടെ തലയ്‌ക്കു ഗുരുതര പരുക്കേറ്റു ബോധം നഷ്ടപ്പെട്ടു. .
കുട്ടിയുടെ ചികിത്സയ്‌ക്കായി വലിയ തുകയാണു നിർധന കുടുംബത്തിന് ചെലവായത്. ബാലികയുടെ ദുരവസ്ഥ മാധ്യമ വാർത്തകളിലൂടെ അറിഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിങ് ചീഫ് ജസ്റ്റിസിനു കത്തെഴുതി. കോഴിക്കോട് ജില്ല ലീഗൽ സർവീസസ് അതോറിറ്റി, വിക്ടിം റൈറ്റ്സ് സെന്റർ എന്നിവയുടെ റിപ്പോർട്ടും തേടിയിരുന്നു.
അപകടത്തിന് ഇടയാക്കിയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടുമില്ല. ഇൻഷുറൻസ് തുക കിട്ടണമെങ്കിൽ അപകടം വരുത്തിയ വാഹനം കണ്ടെത്തണം. ഇടിച്ച വാഹനം കണ്ടെത്താത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: