ന്യൂദൽഹി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യാഴാഴ്ച ഇന്ത്യയിലുടനീളമുള്ള എല്ലാ ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകളുടെയും (എഫ്ടിഒ) സമഗ്രമായ പ്രത്യേക സുരക്ഷാ ഓഡിറ്റ് ആരംഭിച്ചു. ഫ്ളൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകൾക്കുള്ളിലെ സുരക്ഷാ മാനദണ്ഡങ്ങൾ, പ്രവർത്തന നടപടിക്രമങ്ങൾ, വ്യവസ്ഥാപരമായ പോരായ്മകൾ എന്നിവ സമഗ്രമായി വിലയിരുത്തുക എന്നതാണ് ഓഡിറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
സെപ്തംബർ മുതൽ നവംബർ വരെ മൂന്ന് ഘട്ടങ്ങളിലായി 33 എഫ്ടിഒകളെ ഉൾപ്പെടുത്തി ഓഡിറ്റ് നടത്തുന്നത്. ഓഡിറ്റിന്റെ ഒന്നാം ഘട്ടം 11 എഫ്‌ടിഒകളെ ഉൾക്കൊള്ളിച്ച് സെപ്റ്റംബറിൽ നടത്തുമെന്നാണ് സൂചന. ഇത്തരമൊരു പ്രത്യേക ഓഡിറ്റ് അവസാനമായി നടത്തിയത് 2022-ലാണ്.
സ്ഥാപിതമായ ഏവിയേഷൻ ചട്ടങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും സംബന്ധിച്ച് പരിശീലന ഓർഗനൈസേഷനുകൾ പാലിക്കുന്നതിനെക്കുറിച്ച് വിശദമായി പരിശോധന നടത്തും. എയർക്രാഫ്റ്റ് മെയിൻ്റനൻസ്, യോഗ്യത, പരിശീലന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ഡിജിസിഎയുടെ നിയന്ത്രണ മാനദണ്ഡങ്ങൾ ഓരോ എഫ്ടിഒയും പാലിക്കുന്നത് പ്രത്യേക ഓഡിറ്റ് പരിശോധിക്കും.
ഇതിനു പുറമെ പരിശീലന പാഠ്യപദ്ധതി, വിദ്യാർത്ഥി പൈലറ്റുമാർക്ക് നൽകുന്ന ഫ്ലൈയിംഗ് പരിശീലനം, സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് പരിശീലനാർത്ഥികൾ ആവശ്യമായ പ്രാവീണ്യത്തിന്റെ നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് എഫ്‌ടിഒകൾ ഉപയോഗിക്കുന്ന മൊത്തത്തിലുള്ള മേൽനോട്ടവും മൂല്യനിർണ്ണയ സംവിധാനങ്ങളിലും ഈ സുരക്ഷാ ഓഡിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും.
കൂടാതെ പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്തിന്റെ പ്രവർത്തന മേൽനോട്ടവും പരിപാലന പ്രോട്ടോക്കോളുകളും സൂക്ഷ്മമായി പരിശോധിക്കും. എല്ലാ പരിശീലന വിമാനങ്ങളും സുരക്ഷയിൽ വിട്ടുവീഴ്ചകളില്ലാതെ ഏറ്റവും ഉയർന്ന നിലവാരത്തിൽ പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. ഇന്ത്യയിൽ ഫ്ലൈറ്റ് പരിശീലനത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയും ഫലപ്രാപ്തിയും വർധിപ്പിച്ച് ആവശ്യമുള്ളിടത്ത് തിരുത്തൽ നടപടികൾ നടപ്പിലാക്കാനാണ് സുരക്ഷാ ഓഡിറ്റ് ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 20ന് ജംഷഡ്പൂരിലെ പരിശീലന വിമാനം സൊനാരി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനെ തുടർന്ന് കാണാതായിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങളെ സംബന്ധിച്ചും ഓഡിറ്റ് റിപ്പോർട്ട് തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: