കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താര സംഘടനയായ എഎംഎംഎ പിളര്‍പ്പിലേക്ക്. എഎംഎംഎയുടെ പ്രവര്‍ത്തനം തൊഴിലാളി സംഘടനാ രൂപത്തിലാക്കണമെന്നും ഫെഫ്കയില്‍ സംഘടനയ്ക്ക് അംഗത്വം നല്‍കണമെന്നും ആവശ്യപ്പെട്ട് താരങ്ങള്‍ ഫെഫ്കയെ സമീപിച്ചു. ഇരുപതോളം അഭിനേതാക്കളാണ് സിനിമാ രംഗത്തെ വിവിധ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയെ സമീപിക്കുന്നത്. തങ്ങളെ വന്ന് കണ്ടെന്ന് ചെയര്മാന് സിബി മലയിലും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും വ്യക്തമാക്കി.
ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് എഎംഎംഎ. തൊഴിലാളി സംഘടന ആയിരുന്നെങ്കില്‍ അവകാശങ്ങള്‍ക്കായി പോരാടാന്‍ സാധിക്കുമായിരുന്നെന്നും മേഖലയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇടപെടാന്‍ സാധിക്കുമെന്നും ഫെഫ്കയെ സമീപിച്ചവര്‍ പറഞ്ഞെന്ന് ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. ഇതിനു മുമ്പും ഇത്തരത്തിലുള്ള ആവശ്യം ചിലര്‍ ഉന്നയിച്ചെങ്കിലും എഎംഎംഎ നേതൃത്വം വഴങ്ങിയിരുന്നില്ല. താരങ്ങളെ തൊഴിലാളികളായി കാണുന്നത് ശരിയല്ലെന്നാണ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, ആരും ഫെഫ്കയെ സമീപിച്ചിട്ടില്ലെന്ന് എഎംഎംഎ ഭാരവാഹിയായ മുന്‍ വൈസ് പ്രസിഡന്റ് ജയന് ചേര്‍ത്തല പറഞ്ഞു. അമ്മ ചാരിറ്റബിള്‍ പ്രസ്ഥാനമായി തന്നെ തുടരും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ജയന് ചേര്‍ത്തല പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ എഎംഎംഎ ഭാരവാഹികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: