തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ച സാഹചര്യത്തില്‍ മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം. സംസ്ഥാനത്ത് നടത്താനിരുന്ന പൊതു പാര്‍ട്ടി പരിപാടികളെല്ലാം മാറ്റിവച്ചു.എകെജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെസംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.
യെച്ചൂരിയുടെ മൃതദേഹം നാളെ വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു. നാളെ രാത്രി മുഴുവന്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിച്ചിരുന്ന ഫ്ലാറ്റില്‍ വയ്ക്കും.ശനിയാഴ്ച എകെജി ഭവനില്‍ രാവിലെ 11 മണി മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പതിനാലാം തീയതി മൂന്നു മണിക്ക് ശേഷം എയിംസിന് മൃതദേഹം കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന് ദില്ലിയിലേക്ക് തിരിക്കും.
ശ്വാസകോശ അണുബാധ മൂലം ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് യെച്ചൂരിയുടെ മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: