കൊച്ചി: വൈക്കം സത്യഗ്രഹം കോണ്‍ഗ്രസ് സമരമല്ല, ഹിന്ദു നവോത്ഥാന മുന്നേറ്റമാണെന്ന് പ്രഖ്യാപിക്കുന്ന സമര നായകന് ടി.കെ. മാധവന്റെ ഹരിപ്പാട് പ്രസംഗത്തിന്റെ രേഖകളുമായി ജന്മഭൂമി ഓണപ്പതിപ്പ്. 98 വര്‍ഷത്തിനു ശേഷമാണ് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ഹിന്ദു മാനിഫെസ്റ്റോയെന്നു വിശേഷിപ്പിക്കാവുന്ന ഈ അച്ചടി രേഖ വെളിച്ചം കാണുന്നത്. ഗവേഷകനും എഴുത്തുകാരനുമായ ഡോ. സുരേഷ് മാധവാണ് പ്രസംഗം കണ്ടെടുത്തത്. അദ്ദേഹം ജന്മഭൂമി ഓണപ്പതിപ്പിലെഴുതിയ ലേഖനത്തിലൂടെയാണ് നിര്‍ണായകമായ ചരിത്ര രേഖ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വേളയില്‍ പുറത്തുവരുന്നത്.
1926 മേയ് രണ്ട്, മൂന്ന് തീയതികളില്‍ ഹരിപ്പാട് കവറാട്ട് ക്ഷേത്ര മുറ്റത്തെ ‘സമസ്ത തിരുവിതാംകൂര്‍ ആത്മവിദ്യാ സംഘ’ സമ്മേളനത്തിലാണ് വൈക്കം സത്യഗ്രഹത്തിലെ മത പരിഷ്കരണത്തെക്കുറിച്ചും തന്റെ ആദര്‍ശത്തെക്കുറിച്ചും ടി.കെ. മാധവന് തുറന്നടിച്ചത്. 1927ല്‍ സമ്മേളന പ്രസംഗങ്ങള്‍ ‘ആത്മവിദ്യാ പ്രസംഗ രംഗം’ എന്ന പേരില്‍ സമാഹാരമായി സ്വാമി ആര്യഭടന്‍ പ്രസിദ്ധീകരിച്ചെങ്കിലും ഈ പുസ്തകം പില്ക്കാലത്ത് മറവിയിലാണ്ടു പോയി. ക്ഷേത്ര പ്രവേശന ലീഗ് ആഭിമുഖ്യത്തില്‍ 1929 നവംബര്‍ 21ന് ഓച്ചിറ പടനിലത്ത് മന്നത്ത് പദ്മനാഭന്റെ അധ്യക്ഷതയിലെ സമ്മേളനത്തില്‍ ടി.കെ. മാധവന്റെ പ്രഭാഷണം ‘ക്ഷേത്ര പ്രവേശനം’ എന്ന പേരില്‍ അന്നു പുസ്തകമായെങ്കിലും, ഇപ്പോള്‍ ഒരു കോപ്പി പോലും കണ്ടുകിട്ടാനില്ല. അതിനും മൂന്നു വര്‍ഷം മുമ്പാണ് ഹരിപ്പാട് പ്രസംഗം. രണ്ടു പ്രസംഗങ്ങളും അക്കാലത്തു സൃഷ്ടിച്ച സംവാദ വിവാദങ്ങളുടെ മാറ്റൊലികളാണ് ആ പുസ്തകങ്ങളെത്തന്നെ ഇരുട്ടില്‍ ഒളിപ്പിച്ചുകളഞ്ഞതെന്നാണ് വിലയിരുത്തല്‍.
ഹിന്ദുവായിരിക്കുന്നത് ജന്മാവകാശമാണെന്നും അതിന് ആരുടെയും അംഗീകാര പത്രം ആവശ്യമില്ലെന്നും പ്രഖ്യാപിച്ചാണ് വൈക്കം സത്യഗ്രഹത്തെ ടി.കെ. മാധവന് പ്രസംഗത്തില്‍ അവതരിപ്പിക്കുന്നത്. ‘അവര്‍ണ ഹിന്ദുക്കളും സവര്‍ണ ഹിന്ദുക്കളും ധാരാളമായി സമ്മേളിച്ചിരിക്കുന്നതുകൊണ്ടും കേരളത്തിലെ പ്രസിദ്ധന്മാരായ ചില അഭിപ്രായ നേതാക്കന്മാര് സന്നിഹിതരായിരിക്കുന്നതുകൊണ്ടും പറയുകയാണ്’ എന്ന ആമുഖത്തോടെയാണ് ടി.കെ. മാധവന് നിലപാടുകള്‍ പ്രഖ്യാപിച്ചത്. ”ഞാന്‍ ഹിന്ദുധര്‍മത്തില്‍ സ്ഥിരമായി, ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരുവനാകുന്നു. എന്റെ വിശ്വാസത്തിന് എന്റെ ആത്മാവോളം തന്നെ ആഴമുണ്ട്” വൈക്കം സത്യഗ്രഹം കോണ്‍ഗ്രസിന്റെ കീഴിലുള്ള പ്രക്ഷോഭത്തെക്കാള്‍ ഹിന്ദുമത പരിഷ്കരണത്തിനുള്ള ഒന്നാണെന്ന ടി.കെ. മാധവന്റെ വാദത്തെ അനുകൂലിക്കും വിധമാണ് ക്ഷേത്ര പ്രവേശനം മതപരമായ അവകാശമാണെന്നും ഹിന്ദുക്കളല്ലാതെ മറ്റാരും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ സത്യഗ്രഹം എന്നുവിളിക്കാന്‍ കഴിയുകയില്ലെന്നും ‘യങ് ഇന്ത്യ’യില്‍ (1932, ജനുവരി 14) ഗാന്ധിജി എഴുതിയതെന്ന് സുരേഷ് മാധവ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വൈക്കം സത്യഗ്രഹം ഹിന്ദുമതത്തെ പരിഷ്കരിച്ച്, ഹിന്ദു ധര്‍മത്തെയും ഹൈന്ദവ നാഗരികതയെയും ഉദ്ധരിക്കുന്നതിന് ഉദ്ദിഷ്ടമായിരിക്കുന്ന വിശാലമായ കാര്യപരിപാടിയുടെ ഒരു അംശം മാത്രമാണെന്ന ഉറച്ച പ്രഖ്യാപനമാണ് ടി.കെ. മാധവന്റെ ഹരിപ്പാട് പ്രസംഗം മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: