കൊച്ചി: താര സംഘടന അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. താരങ്ങള്‍ ഫെഫ്കയെ സമീപിച്ചതായാണ് വിവരം. 20-ഓളം താരങ്ങള്‍ ട്രേഡ് യൂണിയന് രൂപീകരിക്കണമെന്നതാണ് ആവശ്യം. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയന് രൂപീകരിക്കാനായി അമ്മയിലെ താരങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് സ്ഥിരീകരിച്ചു.
ട്രേഡ് രൂപീകരിച്ച് ഫെഫ്കയോടൊപ്പം നില്‍ക്കാനാണ് നീക്കം. ഫെഫ്കയുടെ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ അമ്മ പൂര്‍ണമായി പിളര്‍പ്പിലേക്ക് പോകും. പുതിയ സംഘടന നിലവില്‍ വരും. ഒരു സംഘടന രൂപീകരിച്ച് ജനറല്‍ കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ച് അംഗീകാരം ലവഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും അഭിനേതാക്കളുടെ പുതിയ യൂണിയനെ അംഗീകരിക്കുക. അതിന് ഫെഫ്ക തയാറാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.
ഫെഫ്കയെ സമീപിച്ച താരങ്ങളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഘടന രൂപീകരിച്ച ശേഷമായിരിക്കും ഭാരവാഹികളുടയെടക്കം പുറത്തുവരുന്നത്. യൂണിയനായി രൂപീകരിച്ച് വരാനാണ് ഫെഫ്ക നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘടന രൂപീകരിച്ച് പുതിയ പേര് നല്കി മാനദണ്ഡങ്ങള്‍ പാലിച്ച് വേണം യൂണിയന് നിര്‍മ്മിക്കാന്‍ എന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന പരാതിയും ആരോപമങ്ങളും തുടരുന്നതിനിടെ അമ്മ ഭരണ സമിതി പിരിച്ചുവിട്ടിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ 17 അംഗങ്ങളും രാജിവെക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോട്ടിന് പിന്നാലെ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: