ലഖ്‌നൗ : അനധികൃത മതപരിവർത്തന കേസിൽ മൗലാന കലിം സിദ്ദിഖി ഉൾപ്പെടെ 12 പ്രതികൾക്ക് ലക്‌നൗവിലെ എൻഐഎ ,എടിഎസ് പ്രത്യേക കോടതി ബുധനാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റ് നാല് പ്രതികളായ രാഹുൽ ബോല, മന്നു യാദവ്, കുനാൽ അശോക് ചൗധരി, സലിം എന്നിവർക്ക് പത്ത് വർഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പ്രത്യേക ജഡ്ജി വിവേകാനന്ദ് ശരൺ ത്രിപാഠിയാണ് 16 പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. അനധികൃത മതപരിവർത്തന റാക്കറ്റിന്റെ രാജ്യവ്യാപകമായി പ്രവർത്തനം നടത്തിയതിന് 2021 സെപ്റ്റംബറിലാണ് മൗലാന കലിം സിദ്ദിഖി അറസ്റ്റിലായത്.
മൗലാന കലീമിനെ കൂടാതെ ഫറാസ് ബാബുല്ല ഷാ, മുഫ്തി ഖാസി ജഹാംഗീർ ആലം ഖാസ്മി, മൊഹമ്മദ് സലിം, കുനാൽ അശോക് ചൗധരി, ധീരജ് ഗോവിന്ദ് റാവു ജഗ്താപ്, പ്രകാശ് കാവ്‌ഡെ, സർഫറാസ് അലി ജാഫ്രി, കൗഷർ ആലം, ഭൂപ്രിയ ബന്ധോ, ഇർഫാൻ ഷെയ്ഖ് എന്ന ഇർഫാൻ ഖാൻ, രാഹുൽ ഭോല എന്ന രാഹുൽ അഹമ്മദ്, മണ്ണു യാദവ് അബ്ദുൾ മന്നൻ, സലാഹുദ്ദീൻ സൈനുദ്ദീൻ ഷെയ്ഖ്, അബ്ദുല്ല ഉമർ എന്നിവരാണ് പ്രതികൾ.
സെക്ഷൻ 121 എ, സെക്ഷൻ 123, സെക്ഷൻ 153 എ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ കൂടാതെ 2021 ലെ നിയമവിരുദ്ധമായ മതപരിവർത്തനം തടയൽ നിയമം എന്നിവ പ്രകാരമാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്. ആകെ 17 പ്രതികളുള്ളതിൽ 16 പേർ ശിക്ഷിക്കപ്പെട്ടു. അടുത്തിടെ അറസ്റ്റിലായ മൗലാന ഇദ്രിസ് ഖുറേഷിക്ക് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചിരുന്നു.
ഇസ്ലാമിക പണ്ഡിതനും ഇസ്ലാമിക് ട്രസ്റ്റിന്റെ പ്രസിഡൻ്റുമായ സിദ്ദിഖി അന്താരാഷ്‌ട്ര സംഘടനകളിൽ നിന്ന് ധനസഹായം സ്വീകരിച്ച് താൻ ധനസഹായം നൽകുന്ന നിരവധി സംഘടനകളിലൂടെയും സ്‌കൂളുകളിലൂടെയും വൻതോതിൽ മതപരിവർത്തന റാക്കറ്റ് നടത്തിയതായി അന്വേഷണ സംഘം ആരോപിച്ചു.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കുകയും ചെയ്‌തതായും ഏജൻസി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: