മഞ്ചേരി: പതിനാറ് വര്‍ഷം മുന്‍പ് മഞ്ചേരിയിലെ യതീംഖാന സ്കൂളിലെ ഏഴാം ക്ലാസ് മുറിയിലിരുന്ന് കുത്തിക്കുറിച്ച വരികള്‍ തന്റെ സഹോദരങ്ങളുടെ പാഠഭാഗമാകുമെന്ന് അജുന ഒരിക്കലും കരുതിയതല്ല. ഒക്ടോബറില്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം പതിപ്പില്‍ മഞ്ചേരി മുള്ളമ്പാറയിലെ എന്‍.പി. അജുന എഴുതിയ കവിതയും ഇനി ഉണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ചേരി എച്ച്എംവൈ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ കവിതയാണ് ഇപ്പോള്‍ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഇടംപിടിച്ചത്.
ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ എഴുതിയ കഥകളും കവിതാ സമാഹാരങ്ങളും സ്കൂളിലെ ആര്‍ട്സ് ക്ലബ് ‘ചൂടകറ്റാത്ത തണല്‍മരങ്ങള്‍’ എന്ന പേരില്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട, അമ്മയെക്കുറിച്ചുള്ള ‘വിയര്‍പ്പുപ്പ്’ എന്ന കവിതയാണ് അഞ്ചാം ക്ലാസ് മലയാളം പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ‘അമ്മയെക്കുറിച്ച്’ എന്ന ശീര്‍ഷകത്തില്‍ കുട്ടികള്‍ക്ക് ഗ്രൂപ്പുകളായി ചര്‍ച്ചചെയ്യാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘കറിയുപ്പ് തീര്‍ന്നു എങ്കിലും, വിയര്‍പ്പ് കുറുക്കിയെടുത്ത് അമ്മ കഞ്ഞിയുണ്ടാക്കി’ എന്നതാണ് വരികള്‍. എല്‍എസ്എസ് കോഴിക്കോട് ജില്ല മോഡല്‍ പരീക്ഷ പേപ്പറിലും കവിത ഇടംപിടിച്ചിരുന്നു. ഇതിന് ശേഷം ഒട്ടേറെ ക്യാമ്പ് വേദികളിലുമെല്ലാം ചര്‍ച്ചയായി. പിന്നീടാണ് പുസ്തക കമ്മിറ്റിയുടെ മുമ്പിലേക്കും കവിത എത്തിയത്.
സ്കൂള്‍ പഠനകാലത്ത് എഴുതിയ കവിത അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് അജുനയും കുടുംബവും. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ഏറെ സന്തോഷമുണ്ടായെന്നും സ്കൂളിലെ അദ്ധ്യാപകരുടെ പ്രോത്സാഹനത്തിനും കവിതാസമാഹാരം പ്രദ്ധീകരിക്കാന് മുന്‍കൈയെടുത്ത ആര്‍ട്സ് ക്ലബ്ബിന്റെ പിന്തുണയ്ക്കും താന്‍ ഏറെ കടപ്പെട്ടിട്ടുണ്ടെന്നും അജുന പറഞ്ഞു.
സ്കൂള്‍ കലോത്സവ കാലത്ത് ഒട്ടേറെ രചനാ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എംഫിലും പൂര്‍ത്തിയാക്കി ഇപ്പോള്‍ അസാപ്പില്‍ പരിശീലകായി ജോലി ചെയ്തു വരികയാണ്. ചെന്നൈ ഐഐടിയില്‍ പ്രൊഫസറായ ശ്രീഹരിയാണ് ഭര്‍ത്താവ്. മഞ്ചേരി മുള്ളമ്പാറയിലെ എന്‍.പി. മോഹന്‍രാജിന്റെയും ഷീജയുടെയും മകളാണ് അജുന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: