Sports

ഡയ്മണ്ട് ലീഗ് ഫൈനലിന് ഒരുങ്ങി നീരജും അവിനാഷും

Published by

ബ്രസ്സല്‍സ്: നാളെയും മറ്റന്നാളുമായി നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലില്‍ ജാവലിന്‍ ത്രോ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് നീരജ് ചോപ്രയ്‌ക്ക് പുറമെ മറ്റൊരു ഭാരത താരം അവിനാഷ് സാബ്ലെയും പങ്കെടുക്കും. രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയ നീരജ് ചോപ്ര രണ്ട് വര്‍ഷം മുമ്പ് ഡയമണ്ട് ലീഗ് ഫൈനലില്‍ ചാമ്പ്യനായിട്ടുണ്ട്

ഇതുവരെയുളള ഡയമണ്ട് ലീഗ് മത്സരങ്ങളിലെ പ്രകടനത്തില്‍ നീരജ് നാലാം സ്ഥാത്തെത്താന്‍ സാധിച്ചതാണ് ഫൈനലില്‍ യോഗ്യത നേടാന്‍ സഹായിച്ചത്. ഇക്കൊല്ലം ലൂസെയ്‌നിലും ദോഹയിലും നീരജ് രണ്ടാം സ്ഥാനത്തോടെയാണ് ഫിനിഷ് ചെയ്തത്. ലൂസെയ്‌നില്‍ 89.49 മീറ്ററും ദോഹയില്‍ 88.36 മീറ്ററും എറിഞ്ഞു.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാവായ അവിനാഷ് സാബ്ലെ ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരത്തിനിറങ്ങുന്നുണ്ട്. ഇക്കൊല്ലം പോളണ്ടിലെ സിലീസിയ ഡയമണ്ട് ലീഗില്‍ സാബ്ലെ 14-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

നാളെ വനിതകളുടെ ഡിസ്‌കസ് ത്രോ ആണ് ആദ്യമായി നടക്കുക. രാത്രി വൈകി 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സ് നടക്കും. ശനിയാഴ്ച വനിതകളുടെ ജാവലിന്‍ ത്രോയിലൂടെ മത്സരങ്ങള്‍ ആരംഭിക്കും. അന്ന് രാത്രി വൈകിയാണ് നീരജിന്റെ പുരുഷ ജാവലിന്‍ ത്രോ മത്സരം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സാണ് ഡയമണ്ട് ലീഗില്‍ സീസണിലെ അവസാന മത്സരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by