ലഖ്നൗ: ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഭാരതത്തില്‍ നിര്‍മിച്ച ചിപ്പുകള്‍ ഉണ്ടായിരിക്കണമെന്നതാണ് സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ സെമികോണ്‍ ഇന്ത്യ 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിനാല് രാജ്യങ്ങളില്‍ നിന്നായി അര്‍ധചാലക (സെമി കണ്ടക്ടര്‍) നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന 250തിലധികം കമ്പനികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അര്‍ധചാലക രൂപകല്പനയ്ക്കും നിര്‍മാണത്തിനുമുള്ള ആഗോള കേന്ദ്രമായി ഭാരതത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സെമികോണ്‍ ഇന്ത്യ 2024 എന്ന പേരില്‍ മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
അര്‍ധചാലക നിര്‍മാണത്തില്‍ ഇതിനകം 1.5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിരവധി പദ്ധതികള്‍ അണിയറയിലാണ്. സെമികണ്ടക്ടര്‍ മേഖലയില്‍ ജോലിചെയ്യുന്നവരില്‍ 20 ശതമാനവും ഭാരതീയരാണ്. 85,000ല്‍ അധികം എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ഈ മേഖലയുടെ ഭാഗമാകാനായി തയാറെടുക്കുകയാണ്. അര്‍ധചാലക മേഖലയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി ഭാരത്തെ മാറ്റുമെന്നും നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ലോകത്തിന്റെ തന്നെ സെമികണ്ടക്ടര്‍ വ്യവസായ രംഗത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ഭാരതത്തിനാകും. ഇലക്ട്രോണിക് ചിപ്പുകളുടെ ആവശ്യം ഉയരുന്നതിനാല്‍ സെമി കണ്ടക്ടര്‍ വ്യവസായ രംഗത്തിന് ഉയര്‍ന്ന സാധ്യതകളുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചിപ്പുകള്‍ വേണ്ടാതെ വരില്ല. ഇലക്ട്രിക് ചിപ്പുകളുടെ ലഭ്യത കുറയുമ്പോള്‍ ഇനി ലോകത്തിന് ഭാരതത്തെ ആശ്രയിക്കാം. രണ്ട് ദിശകളില്‍ ഊര്‍ജം പ്രവഹിക്കുന്ന പ്രത്യേക ഡയോഡുകള്‍ ഉപയോഗിച്ചാണ് ഭാരതത്തിന്റെ സെമികണ്ടക്ടര്‍ മേഖല പ്രവര്‍ത്തിക്കുന്നത്, പ്രധാനമന്ത്രി വിശദീകരിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ജിതിന് പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: