മയിലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്സ്റ്റിറ്റ്യൂട്ടില്‍ സുഗന്ധവ്യഞ്ജന കോൺക്ലേവും വ്യാപാര- ഉപഭോക്തൃ മീറ്റും സംഘടിപ്പിച്ചു
ഇടുക്കി: സ്‌പൈസസ് ബോർഡിനു കീഴിലുള്ള മയിലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സുഗന്ധവ്യഞ്ജന കോൺക്ലേവിൽ ഏലത്തിന്റെ സമഗ്ര വികസനത്തിനും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായി ‘കാർഡ്‌സ്ആപ്പ്’ ആപ്ലിക്കേഷൻ സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡോ. കെ ജി ജഗദീശ ഐഎഎസ് ഉദ്ഘാടനം ചെയ്തു.
കോയമ്പത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്വ്വകലാശാല ആസ്ഥാനമായുള്ള സ്പൈസസ് ഇൻക്യുബേഷൻ സെന്ററിന്റെ പ്രവർത്തനോദ്‌ഘാടനവും ഏലം കർഷകരുടെ സമഗ്രവികസനത്തിനും കാർഷിക മേഖലയിലെ സംശയനിവാരണത്തിനുമായി ഏലം ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന കിസാൻ സേവാ കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടര്‍ന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാര- ഉപഭോക്തൃ മീറ്റും സംഘടിപ്പിച്ചു. ഏലം കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ 19 വില്ലേജുകളിൽനിന്നായി ശേഖരിച്ച സോയില്‍ സാംപിളുകളുടെ പരിശോധനാഫലങ്ങള്‍ (സോയിൽ ഫെർട്ടിലിറ്റി മാപ്പ്) ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് കാര്‍ഡ്സ് ആപ്പ്.
സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ ബി രമ ശ്രീ, മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ വിള സംരക്ഷണ വകുപ്പ് തലവൻ ഡോ. കെ ധനപാൽ, തമിഴ്നാട് കാര്‍ഷിക സര്വ്വകലാശാല അഗ്രിബിസിനസ് ഇൻക്യുബേഷൻ സൊസൈറ്റിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ എ വി ജ്ഞാനസംബന്ധം, സ്‌പൈസസ് ബോർഡ്, ബോഡിനായ്‌ക്കനൂർ ഡെപ്യൂട്ടി ഡയറക്ടർ സിമാന്ത സൈക്കിയ, റബ്ബർ ബോർഡ് ഡയറക്ടർ ഡോ. ജെസ്സി എം ഡി എന്നിവർ പ്രസംഗിച്ചു. സ്പൈസസ് ബോര്‍ഡ് മെമ്പര്‍ ശ്രീ തിരുമുരുകന്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏലം കർഷകർക്ക് കാർഡ്‌സ്ആപ്പ് ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വിശദാംശങ്ങളെക്കുറിച്ചും പ്രശസ്ത ഭൗമമേഖല വിദഗ്ധനും കേരള ശാസ്ത്ര സാങ്കേതിക സർവകലാശാല അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ടി രാധാകൃഷ്ണനും, മാറിവരുന്ന കാലാവസ്ഥ സാഹചര്യം ഏലം ഉത്പാദന മേഖലയിലുണ്ടാക്കുന്ന പ്രതിഫലനത്തെപ്പറ്റി കേരള കാർഷിക സർവകലാശാലയിലെ ഏലം ഗവേഷണ വിഭാഗം തലവൻ പ്രഫസർ ഡോ. എം മുരുഗനും ക്ലാസ് നടത്തി.
സംസ്ഥാനത്തെ വിവിധ കാർഷികോൽപാദക സഹകരണ സംഘങ്ങൾ, കർഷക സംഘടനകൾ, ഏലം ഉൽപാദക ഫെഡറേഷനുകൾ എന്നിവയിലെ കർഷകരും കയറ്റുമതി വ്യപാര മേഖലയിലെ പ്രതിനിധികളുമായി മൂന്നൂറോളം പേരാണ് കോൺക്ലേവിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: