വാഷിങ്ടണ്‍: സ്വകാര്യ ബഹിരാകാശ യാത്രാ രംഗത്ത് ചരിത്രം കുറിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്പേസ് എക്സിന്റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു. ഭാരത സമയം ഇന്നലെ ഉച്ചയ്ക്ക് 1.08നായിരുന്നു വിക്ഷേപണം. കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം.
സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തവും അപ്പോളോയ്ക്ക് ശേഷം മനുഷ്യരെ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ ബഹിരാകാശത്തെത്തിക്കാനും ലക്ഷ്യമിട്ടുള്ള ദൗത്യമാണിത്. വ്യവസായി ജാെറഡ് ഐസാക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പേടകത്തിലുള്ളത്. യുഎസ് വ്യോമസേനയില്‍ നിന്ന് വിരമിച്ച ലഫ്. കേണല്‍ സ്കോട്ട് കിഡ് പൊറ്റീറ്റ് ആണ് ദൗത്യത്തിലെ പൈലറ്റ്.
ഇവര്‍ക്കൊപ്പം മിഷന് സ്പെഷലിസ്റ്റുകളായി സ്പേസ് എക്സ് എന്‍ജിനീയര്‍മാരായ സാറാ ഗില്ലിസ്, അന്ന മേനോന് എന്നിവരും ദൗത്യത്തിന്റെ ഭാഗമാണ്.
പൊളാരിസ് ദൗത്യത്തിലെ ആദ്യ വിക്ഷേപണമാണിത്. മൂന്ന് വിക്ഷേപണങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. പൊളാരിസിന്റെ ആദ്യ വിക്ഷേപണം പലതവണ മാറ്റിവച്ചിരുന്നു.
അഞ്ച് ദിവസം ഭ്രമണപഥത്തില്‍ സഞ്ചരിച്ച ശേഷമാണ് പേടകം തിരിച്ചിറക്കുക. 1400 കിമീ ഉയരം വരെ പേടകം സഞ്ചരിക്കും. നാസയുടെ ക്രൂ 9 വിക്ഷേപണം നടത്തുന്നതിന് വേണ്ടി പൊളാരിസ് ഡോണ്‍ വിക്ഷേപണം നേരത്തെ മാറ്റിവച്ചിരുന്നു.
എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകം തിരിച്ചിറക്കാനാകാത്തതിനെ തുടര്‍ന്ന് പേടകത്തില്‍ നിലയത്തിലെത്തിയ സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും അടുത്ത വര്‍ഷം വരെ നിലയത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ക്രൂ 9 വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.
സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) ഉള്‍പ്പെടെ നിരവധി നേട്ടങ്ങളാണ് പൊളാരിസ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: