ഡോ. മനീഷ വര്‍മ
മനുഷ്യജീവന് കവരുന്ന ഏറ്റവും വലിയ രോഗങ്ങളിലൊന്നാണ് ക്ഷയം (ടിബി). ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്ന പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണിത്. ആഗോളതലത്തില്‍ ഈ രോഗബാധിതര്‍ ഏറെയുള്ള രാജ്യമാണ് ഭാരതം. 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) പ്രകാരം ലക്ഷ്യം വച്ചതിനേക്കാള്‍ അഞ്ചുവര്‍ഷം മുമ്പ്, 2025-ഓടെ ഇതവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണ്.
ക്ഷയരോഗമെന്ന ആഗോള പ്രതിസന്ധി
മൈക്കോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് (എംടിബി) കാരണമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 1.8 ബില്യണ്‍ പേര്, അതായത് ആഗോള ജനസംഖ്യയുടെ നാലിലൊന്ന്, ക്ഷയരോഗ ബാധിതരാണ്. പ്രതിവര്‍ഷം 13 ലക്ഷം കുട്ടികള്‍ ക്ഷയരോഗബാധിതരാകുന്നു. 2022ല്‍ 1.06 കോടി പേര്‍ക്ക് ക്ഷയരോഗം ബാധിക്കുകയും 14 ലക്ഷം പേര് മരിക്കുകയും ചെയ്തു. ക്ഷയരോഗത്താല്‍ പ്രതിദിനം 3500 മരണം സംഭവിക്കുന്നു.
പോഷകാഹാരക്കുറവ്, പ്രമേഹം, എച്ച്ഐവി അണുബാധ, മദ്യപാനം, പുകവലി എന്നിങ്ങനെ സാമൂഹികവും സാമ്പത്തികവും ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളും ക്ഷയരോഗത്തെ ശക്തമായി സ്വാധീനിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2020ല്‍ ആഗോളതലത്തില്‍, 19 ലക്ഷം ക്ഷയരോഗക്കേസുകള് പോഷകാഹാരക്കുറവിനാലും 7.4 ലക്ഷം എച്ച്ഐവി അണുബാധയാലും 7.4 ലക്ഷം മദ്യപാനത്താലും 7.3 ലക്ഷം പുകവലിയാലും 3.7 ലക്ഷം പ്രമേഹത്താലുമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, പ്രാദേശികവും ദേശീയവുമായ വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, ചേരികളില്‍ താമസിക്കുന്ന നഗരവാസികള്‍ക്കിടയില്‍ ഉയര്‍ന്ന തോതിലാണ് രോഗം കാണപ്പെടുന്നത്.
ഉയര്‍ന്ന ക്ഷയരോഗ പ്രതിസന്ധി വഹിക്കുന്ന മുപ്പതു രാജ്യങ്ങളാണ് ലോകത്തിലെ മൊത്തം ക്ഷയരോഗബാധിതരുടെ 87 ശതമാനവും. ഇതില്‍, ആഗോളതലത്തില്‍ മൂന്നില്‍ രണ്ടു ഭാഗവും എട്ട് രാജ്യങ്ങളിലാണ്. ആഗോളതലത്തില്‍ ആകെയുള്ള ക്ഷയരോഗബാധിതരുടെ 27 ശതമാനം ഭാരതത്തിലാണ്. ഇന്തോനേഷ്യ (10ശതമാനം), ചൈന (7.1ശതമാനം), ഫിലിപ്പീന്‍സ് (7ശതമാനം), പാകിസ്ഥാന് (5.7ശതമാനം), നൈജീരിയ (4.5ശതമാനം), ബംഗ്ലാദേശ് (3.6ശതമാനം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (3.0ശതമാനം) എന്നീ രാജ്യങ്ങളാണു പിന്നില്‍.
ഭാരതത്തിന്റെ മുന്നേറ്റം
ലോകാരോഗ്യ സംഘടനയുടെ 2023ലെ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ട്, ക്ഷയരോഗമുക്ത രാജ്യം എന്ന ലക്ഷ്യത്തിനായുള്ള ഭാരതത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെയും ഇടപെടലുകളെയും പ്രശംസിച്ചു. 2015 മുതല്‍ (2022 വരെ) ക്ഷയരോഗബാധിതരുടെ എണ്ണം 16 ശതമാനമായും മരണനിരക്ക് 18 ശതമാനമായും കുറയ്ക്കുന്നതില്‍ ഭാരതം കൈവരിച്ച സുപ്രധാന പുരോഗതിയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.
2022ല്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ ക്ഷയരോഗം കണ്ടെത്തുന്നതിനായി സ്വീകരിച്ച തന്ത്രങ്ങള്‍ക്ക് ഭാരതം പ്രശംസിക്കപ്പെട്ടു; 24.22 ലക്ഷത്തിലധികം ക്ഷയരോഗബാധിതര്‍ എന്ന കണക്ക് കൊവിഡിന് മുമ്പുള്ള നില മറികടന്നു. 2023ല്‍ എണ്ണം 25.5 ലക്ഷമായി രേഖപ്പെടുത്തി. ഇതില്‍ 17.1 ലക്ഷം പൊതുമേഖലയില്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ 8.4 ലക്ഷം സ്വകാര്യമേഖലയില്‍നിന്ന് രേഖപ്പെടുത്തി. മൊത്തം രോഗബാധിതരുടെ 33ശതമാനം എന്ന നിലയില്‍ ഇത് എക്കാലത്തെയും ഉയര്‍ന്നതാണ്. വിവിധ ഇടപെടലുകളിലൂടെ സ്വകാര്യമേഖലയുമായുള്ള കേന്ദ്രീകൃതവും ലക്ഷ്യബോധമുള്ളതുമായ ഇടപഴകലിന്റെ ഫലമായി സ്വകാര്യമേഖലാ രേഖപ്പെടുത്തലില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ എട്ടുമടങ്ങിലധികം വര്‍ധനയുണ്ടായി. കൂടാതെ, ചികിത്സ നല്‍കിയതായി കണക്കാക്കിയ ക്ഷയരോഗബാധിതരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധിച്ച് 80 ശതമാനമായി.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ക്ഷയരോഗബാധിതരുടെ എണ്ണം കുറയുന്നതിന്റെ ഇരട്ടി വേഗത്തിലാണ് രാജ്യത്ത് രോഗബാധ കുറയുന്നത്. 8.7 ശതമാനം എന്ന നിരക്കിലാണിത്. കൂടാതെ, ക്ഷയരോഗ മരണനിരക്ക് 2021ലെ 4.94 ലക്ഷത്തില്‍ നിന്ന് 2022ല്‍ 3.31 ലക്ഷമായി കുറഞ്ഞതായും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. സാമ്പിള്‍ രജിസ്ട്രേഷന് സംവിധാനത്തിലൂടെ (എസ്ആര്‍എസ്) ശേഖരിച്ച 2014-2019ലെ മരണകാരണവിവരങ്ങള് അടിസ്ഥാനമാക്കിയാണ് 34 ശതമാനത്തിലധികമുള്ള ഈ കുറവ് രേഖപ്പെടുത്തിയത്.
പ്രധാന സംരംഭങ്ങള്‍
ക്ഷയരോഗം വലിയ തോതില്‍ സാംക്രമികമാണെങ്കിലും, സമയബന്ധിതമായി കണ്ടുപിടിക്കുകയും ചികിത്സ പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍, ഇത് സമ്പൂര്‍ണമായും തടയാവുന്നതും ഭേദമാക്കാവുന്നതുമായ രോഗമാണ്. ആഗോള ക്ഷയരോഗബാധയുടെ കാര്യത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന രാജ്യമെന്ന നിലയില്‍ രോഗഭീഷണിയെ ദൗത്യമെന്ന തരത്തില്‍ നേരിടാന്‍ തീരുമാനിച്ചു.
ക്ഷയരോഗമെന്ന പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം
ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും പ്രതിജ്ഞാബദ്ധമാണ്. 2030 ഓടെ എയ്ഡ്സ്, ക്ഷയം, മലേറിയ, അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങള്‍ എന്നിവ നിര്‍മാര്‍ജനം ചെയ്യുക; ഹെപ്പറ്റൈറ്റിസ്, ജലജന്യ രോഗങ്ങള്‍, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയെ നേരിടുക’ എന്ന എസ്ഡിജി ലക്ഷ്യം 3.3ന്റെ ഭാഗമാണ് ക്ഷയരോഗവും. എന്നാല്‍, ആഗോള ലക്ഷ്യത്തേക്കാള്‍ അഞ്ച് വര്‍ഷം മുമ്പ്, 2025ഓടെ ക്ഷയരോഗത്തെ രാജ്യത്തുനിന്നു തുരത്താനാണ് ഭാരതം ലക്ഷ്യമിടുന്നത്. ക്ഷയരോഗമുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കുന്ന നയ ആസൂത്രകരും ഏജന്‍സികളും ഇതിനായി ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുകയാണ്. 2023 മാര്‍ച്ചില്‍ വാരാണസിയില്‍ നടന്ന ക്ഷയരോഗ നിര്‍മാര്‍ജ്ജന കൂട്ടായ്മയുടെ യോഗത്തില്‍ ക്ഷയരോഗമുക്ത സമൂഹം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത രാജ്യം ആവര്‍ത്തിച്ചു.
ക്ഷയരോഗ നിര്‍മാര്‍ജ്ജനത്തിനായുള്ള ഭാരതത്തിന്റെ പ്രയത്നങ്ങള്‍ ആഗോള അംഗീകാരം നേടിയിട്ടുണ്ട്. ക്ഷയരോഗ നിര്‍മാര്‍ജ്ജന കൂട്ടായ്മ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ലൂസിക്ക ഡിറ്റിയൂ, ക്ഷയരോഗം നേരിടുന്നതിലുള്ള ഉദ്യമങ്ങളെ പ്രശംസിച്ചു. 2025-ഓടെ ഭാരതം ക്ഷയരോഗം നിര്‍മാര്‍ജ്ജനം ചെയ്യുമെന്നും ഇത് ആഗോളതലത്തില്‍ ക്ഷയരോഗപ്രതിസന്ധി വലിയ തോതില്‍ കുറയ്ക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
2025-ഓടെ ക്ഷയരോഗമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ രണ്ടുവര്‍ഷത്തില്‍ താഴെമാത്രമാണ് ഇന്ത്യക്കുള്ളത്. രോഗം തടയുന്നതിലും ക്ഷയരോഗം കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലുമുള്ള സേവനങ്ങളുടെ പരിരക്ഷ പൂര്‍ണമാക്കുക എന്നതാണ് സമീപനം.
2025-ഓടെ ക്ഷയരോഗവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടി (എന്‍ടിഇപി) നടപ്പാക്കുന്നത് ചില കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ്:
1. ക്ഷയരോഗികളെ കാലേക്കൂട്ടി കണ്ടെത്തല്‍, ഗുണനിലവാരം ഉറപ്പുനല്‍കുന്ന മരുന്നുകളും ചികിത്സാസമ്പ്രദായങ്ങളും ഉപയോഗിച്ച് ഉടനടി ചികിത്സ.
2. സ്വകാര്യ മേഖലയില്‍ പരിചരണം തേടുന്ന രോഗികളുമായി ഇടപഴകല്‍.
3. ഉയര്‍ന്ന അപായസാധ്യതയുള്ള/കരുതല്‍വേണ്ട ജനസംഖ്യയില്‍ സമ്പര്‍ക്കാന്വേഷണം ഉള്‍പ്പെടുന്ന രോഗപ്രതിരോധ തന്ത്രങ്ങള്‍
4. വായുവിലൂടെയുള്ള അണുബാധ നിയന്ത്രണം.
5. സാമൂഹ്യവ്യവസ്ഥിതികളെ അഭിസംബോധന ചെയ്യുന്നതിനുള്ള ബഹു-മേഖലാ പ്രതികരണം.
പ്രധാനമന്ത്രി ക്ഷയരോഗമുക്ത ഭാരത യജ്ഞം
ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിന് ദൗത്യമെന്ന തരത്തിലുള്ള സമീപനം നല്‍കുന്നതിനായാണ് 2022 സെപ്തംബറില്‍ പിഎം ക്ഷയരോഗമുക്ത ഭാരതയജ്ഞം ആരംഭിച്ചത്. 2025-ഓടെ ക്ഷയരോഗവുമായി ബന്ധപ്പെട്ട സുസ്ഥിര വികസനലക്ഷ്യം എങ്ങനെ കൈവരിക്കാമെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളും രൂപപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
ക്ഷയരോഗികളെ അവരുടെ തിരിച്ചുവരവിന്റെ പാതയില്‍ സഹായിക്കുന്നതില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ‘മിത്രങ്ങള്‍’ ആയി മാറുന്ന നി-ക്ഷയ് മിത്രകളുടെ നൂതന സംരംഭത്തിനും തുടക്കം കുറിച്ചു. വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സംഘങ്ങള്‍, വിശ്വാസാധിഷ്ഠിത സംഘടനകള്‍, സ്വകാര്യ മേഖല, രാഷ്ട്രീയ കക്ഷികള്‍ എന്നിവയ്ക്ക് നി-ക്ഷയ് മിത്രകളാകാം. പോഷകാഹാര പിന്തുണ, പോഷക ചേരുവകള്‍, അധിക അന്വേഷണങ്ങള്‍, തൊഴിലധിഷ്ഠിത പിന്തുണ, കുറഞ്ഞത് ആറ് മാസം അല്ലെങ്കില്‍ പരമാവധി മൂന്ന് വര്‍ഷം വരെ തൊഴില്‍ പിന്തുണ എന്നിവയുടെ രൂപത്തില്‍ മറ്റുള്ളവര്‍ക്കും നിക്ഷയ് മിത്രകളാകാം. ക്ഷയരോഗികള്‍ക്കു പലപ്പോഴും സമൂഹത്തില്‍ അപമാനം നേരിടേണ്ടിവരാറുണ്ട്. ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം രോഗവുമായി ബന്ധപ്പെട്ട അപമാനഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിടുന്നു.
ഏപ്രില്‍ 2024 വരെ 1.55 ലക്ഷത്തിലധികം നിക്ഷയ് മിത്രകള്‍ രജിസ്റ്റര്‍ ചെയ്തു. നി-ക്ഷയ് മിത്രകളില്, 27 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാര്‍/ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ എന്നിവര്‍ ക്ഷയരോഗികളെ ദത്തെടുക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. നിരവധി എംഎല്‍എമാരും പ്രാദേശിക പരിഷത്തുകളും നിക്ഷയ് മിത്രകളായി മാറി. ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെയും കേന്ദ്ര മന്ത്രാലയങ്ങളിലെയും നിരവധി ഉദ്യോഗസ്ഥര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ക്ഷയരോഗികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ക്ഷയരോഗം അറിയിക്കുന്നതില്‍ ശ്രദ്ധേയമായ ഉയര്‍ച്ച
പ്രത്യേക സജീവ രോഗനിര്‍ണയ യജ്ഞങ്ങള്‍, മോളിക്യുലര്‍ രോഗനിര്‍ണയം ബ്ലോക്ക് തലം വരെ വര്‍ധിപ്പിക്കല്‍, 1.64 ലക്ഷത്തിലധികം വരുന്ന ആയുഷ്മാന്‍ ഭാരത് ആരോഗ്യ മന്ദിരങ്ങള്‍ വഴിയുള്ള വികേന്ദ്രീകൃത രോഗനിര്‍ണയ സേവനങ്ങള്‍, സ്വകാര്യ മേഖലാ ഇടപെടല്‍ എന്നിവയിലൂടെ കണ്ടെത്താതെ പോകുന്ന ക്ഷയരോഗക്കേസുകള് കണ്ടെത്താനായി. ഈ കേന്ദ്രങ്ങള്‍ ക്ഷയരോഗം പരിശോധിക്കുന്നതിനുള്ള ആദ്യ സമ്പര്ക്കബിന്ദുവായി പ്രവര്‍ത്തിക്കുന്നു.
2022-ല്‍ 24.2 ലക്ഷം ക്ഷയരോഗ കേസുകളാണ് ഭാരതം പുറത്തുവിട്ടത്. ഇത് 2019-ലെ കൊവിഡിന് മുമ്പുള്ള നിലയേക്കാള്‍ വളരെ കൂടുതലാണ്. 2023-ല്‍ ആകെ 25.5 ലക്ഷം ക്ഷയരോഗികളുണ്ടെന്ന വിവരവും പുറത്തുവിട്ടു.
ക്ഷയരോഗമുക്ത പഞ്ചായത്ത് യജ്ഞം
ക്ഷയരോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ വ്യാപ്തിയും തോതും മനസ്സിലാക്കാനും അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും പഞ്ചായത്തുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനും അവരുടെ സംഭാവനകളെ അഭിനന്ദിക്കാനും പഞ്ചായത്തുകളെ ശാക്തീകരിക്കുക എന്നതാണ് ക്ഷയരോഗമുക്ത പഞ്ചായത്തുകളുടെ ലക്ഷ്യം.
അടിസ്ഥാന സൗകര്യങ്ങളിലെ വര്‍ധന
സജീവമായ ക്ഷയരോഗ കേസുകള്‍ കണ്ടെത്തുന്നതില്‍ രോഗനിര്‍ണയ അടിസ്ഥാനസൗകര്യങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യോജിച്ച ശ്രമങ്ങളിലൂടെ, ക്ഷയരോഗ ലബോറട്ടറി സേവനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. നിയുക്ത മൈക്രോസ്കോപ്പി സെന്ററുകള്‍ (ഡിഎംസി) കഴിഞ്ഞ 9 വര്‍ഷത്തിനിടെ 80% (2014ലെ 13,583-ല്‍ നിന്ന് 2023-ല്‍ 24,449 ആയി) വര്‍ധിച്ചു. കൂടാതെ, ഇതുവരെ 6196 പുതിയ മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറികള്‍ സ്ഥാപിച്ചു. മരുന്നിനെ ചെറുക്കുന്ന ക്ഷയരോഗത്തെ ചികിത്സിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 2014-ലെ 127ല്‍ നിന്ന് 2022ല്‍ 792 ആയി ഉയര്‍ന്നു.
2020-ല്‍, കേരളം, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുച്ചേരി, 35 ജില്ലകള്‍ എന്നിവ ക്ഷയരോഗബാധ കുറയ്ക്കുന്നതിനുള്ള നടപടികള്‍ വിവിധ തലങ്ങളില്‍ വിജയകരമായി കൈവരിച്ചു. ലക്ഷദ്വീപ് കേന്ദ്ര ഭരണപ്രദേശവും ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയും ക്ഷയരോഗബാധയില്‍ 80 ശതമാനത്തിലധികം കുറവ് കൈവരിച്ച രാജ്യത്തെ ആദ്യത്തെ കേന്ദ്രഭരണപ്രദേശവും ജില്ലയും ആയി പ്രഖ്യാപിക്കപ്പെട്ടു.
2021-ല്‍, 3 സംസ്ഥാനങ്ങള്‍ക്ക് (കേരളം, ദാദ്ര നഗര്‍ ഹാവേലി ആന്‍ഡ് ദാമന്‍-ദിയു, പുതുച്ചേരി) വെള്ളിയും 5 സംസ്ഥാനങ്ങള്‍ക്ക് (ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, സിക്കിം, ത്രിപുര, ലഡാക്ക്) വെങ്കലവും ലഭിച്ചു. 2022ല്‍ കര്‍ണാടകയ്ക്ക് വെള്ളിയും ജമ്മു കശ്മീരിന് വെങ്കലവും ലഭിച്ചു.
ക്ഷയരോഗത്തിനെതിരെ പോരാടുന്നതിന്, സമൂഹങ്ങളും വ്യത്യസ്ത പങ്കാളികളും ഉള്‍പ്പെടുന്ന സമയക്രമങ്ങളും ഉത്തരവാദിത്ത ഘടനകളും ഉള്ള വിശാലമായ പ്രവര്‍ത്തനപദ്ധതി ആവശ്യമാണ്. ക്ഷയരോഗം എന്ന വിപത്തില്‍നിന്ന് ലോകത്തെ മോചിപ്പിക്കുന്നതിനുള്ള ആഗോള ലക്ഷ്യങ്ങള്‍ക്കും സമയക്രമങ്ങള്‍ക്കും ആനുപാതികമായി ഈ കര്‍മപദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കേണ്ടത് രാജ്യങ്ങളാണ്.
(കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ അഡീ. ഡയറക്ടര്‍ ജനറലാണ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: