ബെംഗളുരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിലില്‍ അനിശ്ചിതത്വം തുടരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രണ്ട് ദിവസം കൂടി കാക്കാനാണ് തീരുമാനം. ഗോവന്‍ തീരത്ത് രണ്ട് ദിവസം മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാറ്റ് അനുകൂലമല്ലെന്നാണ് വിലയിരുത്തല്‍.
ശക്തിയില്‍ കാറ്റ് വീശുന്നത് ടഗ് ബോട്ടിന്റെ യാത്ര ദുഷ്കരമാക്കും. ഈ സാഹചര്യത്തിലാണ് ഡ്രഡ്ജര്‍ എത്തിക്കുന്ന കാര്യത്തില്‍ അിശ്ചിതത്വമുണ്ടായത്. കാലാവസ്ഥ അനുകൂലമെങ്കില്‍ ബുധനാഴ്ച ഡ്രഡ്ജര്‍ പുറപ്പെടുമെന്നാണ് നേരത്തെ അറിയിച്ചത്.
രണ്ട് ദിവസത്തിന് ശേഷം കാറ്റും മഴയും ജലപാതയുടെ സ്ഥിതിയും അനുകൂലമെങ്കില്‍ ടഗ് ബോട്ട് പുറപ്പെടുമെന്ന് ഡ്രഡ്ജര്‍ കമ്പനി ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഗോവയില്‍ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്ജര്‍ എത്തിക്കാന്‍ 30-40 മണിക്കൂര്‍ സമയം വേണം.അങ്ങനെയെങ്കില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും തെരച്ചില്‍ തുടങ്ങാനാകുക എന്നാണ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.
കാലാവസ്ഥാ പ്രവചനം അനുസരിച്ച് സെപ്തംബര്‍ 11 വരെ ഉത്തര കന്നഡ ജില്ലയിലും കര്‍ണാടകയുടെ തീരദേശജില്ലകളിലും മഞ്ഞ ജാഗ്രതയാണ്.ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്താല്‍ ഡ്രഡ്ജര്‍ കൊണ്ട് വരുന്നതിനും അത് പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിട്ടേക്കും.ഡ്രഡ്ജര്‍ എത്തിക്കുന്നതിന്റെ എല്ലാ ചെലവുകളും വഹിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: